ADVERTISEMENT

മഡ്രിഡ്∙ ലാ ലിഗ കിരീടപ്പോരിൽ സ്പാനിഷ് വമ്പൻമാരായ ബാർസിലോനയ്ക്ക് കാലിടറുന്നു. ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം എന്ന സ്വപ്നവുമായി കളത്തിലിറങ്ങിയ ബാർസിലോനയ്ക്ക്, ലെവാന്തെയുമായുള്ള സമനിലയാണ് വിനയായത്. ഒരു ഘട്ടത്തിൽ 2–0ന് മുന്നിലായിരുന്ന ബാർസ, ഈ ലീഡ് കൈവിട്ടാണ് 3–3ന് ലെവാന്തെയുമായി സമനില പാലിച്ചത്. ഇതോടെ 36 മത്സരങ്ങളിൽനിന്ന് 76 പോയിന്റുമായി ബാർസ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. എന്നാൽ ഒരു മത്സരം കുറവു കളിച്ച റയൽ മഡ്രിഡ് 75 പോയിന്റുമായി തൊട്ടു പിന്നിലുണ്ട്. 35 കളികളിൽനിന്ന് 77 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡാണ് ഒന്നാമത്.

ലെവാന്തെയ്ക്കെതിരെ ആദ്യ പകുതിയിൽ 2–0ന്റെ ലീഡ് നേടിയ ബാർസിലോനയ്ക്ക് രണ്ടാം പകുതിയിലാണ് ലീഡ് കൈവിട്ടുപോയത്. ലയണൽ മെസ്സി (25), പെഡ്രി (34) എന്നിവരാണ് ആദ്യപകുതിയിൽ ബാർസയ്ക്ക് ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതിയിൽ മൂന്നു മിനിറ്റിനിടെ ഇരട്ടഗോൾ നേടി ലെവാന്തെ ബാർസയെ സമനിലയിൽ തളച്ചു. ഗോൺസാലോ മെലേറോ (57), ഹോസെ ലൂയിസ് മൊറാലെസ് (59) എന്നിവരാണ് സ്കോറർമാർ.

64–ാം മിനിറ്റിൽ ഒസ്മാൻ ഡെംബെലെയിലൂടെ ബാർസിലോന വീണ്ടും ലീഡ് നേടിയെങ്കിലും 83–ാം മിനിറ്റിൽ ഗാർഷ്യ അറാൻഡയിലൂടെ ലെവാന്തെ വീണ്ടും സമനില പിടിച്ചു. 36 മത്സരങ്ങളിൽനിന്ന് 40 പോയിന്റുമായി ലെവാന്തെ 13–ാം സ്ഥാനത്താണ്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ചാൽ അത്‍ലറ്റിക്കോ മഡ്രിഡിന് 2013–14 സീസണിനുശേഷം ഇതാദ്യമായി ലീഗ് കിരീടം നേടാം. 27–ാം ലാ ലിഗ കിരീടം ഉന്നമിടുന്ന ബാർസയുടെ സാധ്യതകൾ തീർത്തും മങ്ങി.

English Summary: Barcelona's La Liga title hopes fade after collapse at Levante

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com