ADVERTISEMENT

ജർമൻ യുവതാരം ലീറോയ് സാനെ സംസാരിക്കുന്നു; നേടാനിരിക്കുന്ന യൂറോ കപ്പിനെക്കുറിച്ചും നേടിക്കഴിഞ്ഞ ബുന്ദസ്‌ലിഗ കിരീടത്തെക്കുറിച്ചും...

‘‘അടുത്ത വെല്ലുവിളി യൂറോ ചാംപ്യൻഷിപ്പാണ്. ദേശീയ ടീം പരിശീലക സ്ഥാനത്തുനിന്നു വിരമിക്കുന്ന യൊക്കിം ലോയ്ക്കു സമ്മാനമായി യൂറോ കപ്പ് കൊടുത്തുവിടണം എന്നാണാഗ്രഹം.’’ പറയുന്നതു ലീറോയ് അസീസ് സാനെ (25). ജർമനിയുടെ യുവതാരം, വിങ്ങർ. 

ബയൺ മ്യൂണിക്കിന്റെ ബുന്ദസ്‌ലിഗ കിരീടവിജയത്തിൽ സാനെയ്ക്കും പങ്കുണ്ടായിരുന്നു. ഗോളടിയിൽ റോബർട്ട് ലെവൻഡോവ്സ്കിയുടെയും തോമസ് മുള്ളറിന്റെയും ഒപ്പമെത്തില്ലെങ്കിലും ‘ജർമൻ ഫുട്ബോളിന്റെ ഭാവി’ എന്നാണു സാനെയ്ക്കുള്ള വിശേഷണം. ബുന്ദസ്‌ലിഗ കിരീടനേട്ടത്തിനു പിന്നാലെ ‘മലയാള മനോരമ’ ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട മാധ്യമങ്ങളുമായി സാനെ നടത്തിയ സംഭാഷണത്തിൽനിന്ന്... 

?എന്താണു യൂറോ എന്ന വെല്ലുവിളി

യൂറോപ്യൻ ഫുട്ബോളിൽ എല്ലാവരും വൻ ശക്തികളാണ്. കരുത്തരുമായി ഏറ്റുമുട്ടാൻ കാത്തിരിക്കുന്നു. കഴിഞ്ഞ തവണ എനിക്കു ലോകകപ്പ് കളിക്കാനായില്ല. അടുത്ത ലോകകപ്പിനു മുൻപു ശക്തിപരീക്ഷണത്തിനു പറ്റിയ വേദിയാണു യൂറോ. അതിനുശേഷം ലോ ദേശീയ ടീമിനോടു വിട പറയുകയാണ്. ഞാൻ ആദ്യമായി ദേശീയ കുപ്പായം അണിഞ്ഞത് അദ്ദേഹത്തിനു കീഴിലാണ്. അദ്ദേഹത്തിനു സമ്മാനമായി യൂറോ കപ്പ് നേടിക്കൊടുക്കണം. അതിനുള്ള കരുത്ത് ജർമനിക്കുണ്ട്. 

? ലീറോയ് സാനെ ഗോളുകളടിച്ച് ജർമനിയെ യൂറോപ്യൻ ചാംപ്യൻമാരാക്കണമെന്ന് ഒളിവർ ബിയറോഫ് പറഞ്ഞല്ലോ...

അതു വലിയൊരു ദൗത്യമാണ്. എനിക്കു തെളിയിച്ചു കൊടുക്കണം. ഒളിവറിന്റെ സ്വപ്നം യാഥാർഥ്യമാകട്ടെ... 

? സ്വന്തം പ്രകടനം എങ്ങനെ വിലയിരുത്തുന്നു 

കഴിഞ്ഞ സീസണിൽ എനിക്കു പരുക്കേറ്റു. തിരിച്ചുവന്നെങ്കിലും പരിശീലനം ഏറെ സൂക്ഷിച്ചായിരുന്നു. ഇപ്പോൾ ഞാൻ ‘ഫിറ്റ്’ ആണ്. അതിൽ സന്തോഷമുണ്ട്. യൂറോ കളിക്കാൻ എല്ലാത്തരത്തിലും തയാർ. 

? ദേശീയ ടീമിൽ കളിക്കുമ്പോൾ പൊസിഷൻ മാറ്റമുണ്ടാവാം. എങ്ങനെ പൊരുത്തപ്പെടും...

എനിക്ക് ഇടതുവിങ്ങിൽ കളിക്കാനാണിഷ്ടം. പക്ഷേ, ഇപ്പോൾ വലതുവശത്താണു കളിക്കുന്നത്. പൊരുത്തപ്പെട്ടു. ദേശീയ ടീമിലും മാറ്റങ്ങൾ ഉണ്ടാവാം. പൊരുത്തപ്പെട്ടേ തീരൂ. അതെല്ലാം കോച്ചിന്റെ തീരുമാനം. കളിക്കാർ പരസ്പരം അറിയുമ്പോൾ പൊരുത്തപ്പെടാൻ കഴിയും. 

? അച്ഛനും സഹോദരൻമാരും പന്തുകളിക്കാർ. അമ്മ ജിംനാസ്റ്റിക്സിൽ ഒളിംപിക് മെഡൽ ജേത്രി. കുടുംബം, ജീവിതം...

പന്തുകളിക്കാൻ പോയി വീട്ടിലേക്കു മടങ്ങുമ്പോഴും സന്തോഷമാണ്. വീട്ടിലും പന്തുകളിയാണല്ലോ. ചെറുപ്പകാലത്തെ അനുഭവവും ഇപ്പോഴത്തെ ജീവിതവും തമ്മിലൊരു വ്യത്യാസമുണ്ട്. ഇപ്പോൾ വീട്ടിൽ ആയിരിക്കുമ്പോൾ മക്കളുടെ വളർച്ചയിലാണ് എന്റെ ശ്രദ്ധ. വീട്ടിൽ കുട്ടികൾക്കൊപ്പം പന്തു തട്ടാറുണ്ട്. പക്ഷേ, സ്പോർട്സ് അധികം സംസാരിക്കാറില്ല. മനസ്സ് ഫ്രഷ് ആക്കാൻ വീട്ടിലെ ചെറുകാര്യങ്ങളിൽ ശ്രദ്ധിക്കും. ബയൺ മ്യൂണിക്കും എനിക്കു വീടുപോലെയാണ്. ബയണിനൊരു സ്പെഷൽ ക്യാരക്ടറുണ്ട്. എല്ലാവരും ‘നേരേ വാ, നേരേ പോ’ മട്ടുകാരാണ്. കോച്ചും കളിക്കാരും മുതൽ ഷെഫ് വരെ അങ്ങനെയാണ്. അതിന്റെയൊരു സുഖമുണ്ട്. ഇത്തരം ക്ലബ്ബുകൾ യൂറോപ്പിൽ അധികമില്ല. 

ലീറോയ് സാനെ

∙ രക്തത്തിൽ ഫുട്ബോൾ. പിതാവ് സുലൈമാൻ സാനെ സെനഗലിനു കളിച്ചു. 2 സഹോദരന്മാരും ക്ലബ് ഫുട്ബോളിലുണ്ട്. 

∙ മുതുകിൽ സ്വന്തം രൂപം പച്ചകുത്തി (ഗോളാഘോഷം നടത്തുന്ന സാനെയുടെ ചിത്രമാണു മുതുകിൽ). 

∙ കഴിഞ്ഞ വർഷം ദേശീയ ടീം ക്യാംപിലേക്ക് എത്തിയത് ഏകദേശം 22 ലക്ഷം രൂപ വിലയുള്ള ഡിസൈനർ കുപ്പായത്തിൽ. അതിനെപ്പറ്റി പറഞ്ഞത്–‘‘എനിക്കങ്ങനെ തോന്നി, ഞാൻ വാങ്ങി.’’

English Summary: Interview with Leroy Sane

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com