ADVERTISEMENT

ലണ്ടൻ∙ കാത്തിരിപ്പ് പ്രതീക്ഷിച്ചതിലും അൽപം നീണ്ടുപോയെങ്കിലും ഒടുവിൽ മാഞ്ചസ്റ്റർ സിറ്റി ഇംഗ്ലിഷ് പ്രീമിയർ ലീഗ് ചാംപ്യൻമാർ. ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലെസ്റ്റർ സിറ്റി തോൽപ്പിച്ചതോടെയാണ് കളത്തിലിങ്ങും മുൻപേ സിറ്റി കിരീടം ഉറപ്പാക്കിയത്. മൂന്നു മത്സരങ്ങൾ ബാക്കിനിൽക്കെ പെപ് ഗ്വാർഡിയോളയുടെ ടീമിന് മാഞ്ചസ്റ്റർ യുണൈറ്റഡിനേക്കാൾ 10 പോയിന്റ് ലീഡായി. ഇതോടെ സിറ്റി കിരീടം ഉറപ്പിച്ചു. കഴിഞ്ഞ നാലു സീസണുകളിൽ സിറ്റിയുടെ മൂന്നാം കിരീടമാണിത്. അഞ്ച് ദിവസത്തിന്റെ ഇടവേളയിൽ മൂന്ന് കളികൾ കളിക്കേണ്ടതിനാൽ അടിമുടി അഴിച്ചുപണിത ടീമുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണർ സോൾഷ്യർ ലെസ്റ്റർ സിറ്റിക്കെതിരെ ടീമിനെ ഇറക്കിയത്. ടീമിൽ ആകെ 10 മാറ്റങ്ങളാണ് സോൾഷ്യർ വരുത്തിയത്.

താരതമ്യേന ദുർബലമായ ടീമായിരുന്നെങ്കിലും ലെസ്റ്റർ സിറ്റിയെ ആദ്യ പകുതിയിൽ സമനിലയിൽ പിടിച്ചുനിർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചു. ലൂക്ക് തോമസ് (10), തുർക്കി താരം കാഗ്ലാർ സോയുൻകു (66) എന്നിവരാണ് ലെസ്റ്ററിനായി ഗോൾ നേടിയത്. മേസൺ ഗ്രീൻവുഡിന്റെ (15) വകയാണ് യുണൈറ്റഡിന്റെ ആശ്വാസഗോൾ.

യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫഡിൽ 1998നുശേഷം ലെസ്റ്റർ സിറ്റിയുടെ ആദ്യ ജയമാണ് ഇത്. വിജയത്തോടെ 36 കളികളിൽനിന്ന് 66 പോയിന്റുമായി ലെസ്റ്റർ നാലാം സ്ഥാനത്തേക്ക് കയറി. ഇതോടെ അവരുടെ ചാംപ്യൻസ് ലീഗ് യോഗ്യതാ സ്വപ്നവും സജീവമായി. ശനിയാഴ്ച ചെൽസിക്കെതിരെ എഫ്എ കപ്പ് ഫൈനലിലും ലെസ്റ്റർ കളത്തിലിറങ്ങും. കഴിഞ്ഞ 14 ലീഗ് മത്സരങ്ങളിലായി തുടർന്നുവന്ന യുണൈറ്റഡിന്റെ തോൽവിയറിയാ യാത്രയ്ക്കും ഇതോട വിരാമമായി. ലീഗിൽ ഇതിനു മുൻപ് യുണൈറ്റഡ് തോറ്റത് ജനുവരി 27ന് ഷെഫീൽഡ് യുണൈറ്റഡിനോടാണ്.

10–ാം മിനിറ്റിൽ ലൂക്ക് തോമസ് നേടിയ ഗോളിലൂടെ ലെസ്റ്റർ സിറ്റിയാണ് ആദ്യം ലീഡെടുത്തത്. അഞ്ച് മിനിറ്റിന്റെ ഇടവേളയിൽ മേസൻ ഗ്രീൻവുഡിലൂടെ യുണൈറ്റഡ് തിരിച്ചടിച്ചു. ആദ്യപകുതി 1‌–1ന് സമനിലയിൽ അവസാനിച്ചെങ്കിലും രണ്ടാം പകുതിയിൽ കാഗ്ലാർ സോയുൻകുവിന്റെ ഹെഡർ ഗോളിൽ സിറ്റി വിജയം പിടിച്ചെടുത്തു. 66–ാം മിനിറ്റിൽ ലെസ്റ്ററിന് അനുകൂലമായി ലഭിച്ച കോർണർ കിക്കിന് തലവച്ചാണ് സോയുൻകു ടീമിന് വിജയം സമ്മാനിച്ചത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബ്രൂണോ ഫെർണ്ടാണ്ടസ്, എഡിസൻ കവാനി, മാർക്കസ് റാഷ്ഫോർഡ് തുടങ്ങിയവരെ യുണൈറ്റഡ് പരിശീലകൻ കളത്തിലിറക്കിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല.

നേരത്തെ, ചെൽസിക്കെതിരായ മത്സരത്തിൽ വിജയിച്ച് കിരീടം ചൂടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് അവസരമുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിത തോൽവി വഴങ്ങിയതോടെയാണ് കിരീടത്തിനായുള്ള കാത്തിരിപ്പ് നീണ്ടത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി സിറ്റിയെ വീഴ്ത്തിയത്. പിന്നാലെ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തോൽപ്പിക്കുക കൂടി ചെയ്തതോടെ കാത്തിരിപ്പു നീണ്ടു. ഏപ്രിലിൽ ലീഗ് കപ്പ് നേടിയ സിറ്റിക്ക് ഇനി ഈ മാസം 29ന് യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ചെൽസിയെ തോൽപ്പിച്ചാൽ സീസണിലെ കിരീടനേട്ടങ്ങളിൽ ഹാട്രിക് തികയ്ക്കാം.

English Summary: Manchester City crowned Premier League champions as Leicester win at Man United

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com