ADVERTISEMENT

കോവിഡ് കാലത്ത് ഐ.എം.വിജയൻ ഒരു സിനിമയിൽ അഭിനയിക്കാൻ പോയി; തണുപ്പുള്ള കാലാവസ്ഥ, നല്ല ഭക്ഷണം, എന്നും പുഴയിൽ ചാടിക്കുളി...ആ വിശേഷങ്ങളിലൂടെ...

എല്ലാരുമു ബ്ടുക്കുളാക്കിരുണ്...

അനാഫ്ത്തേ ഈ കാലാള് ഇന്നിമ്മിരിക്ക്യാവൂ...

ഇതേതു ഭാഷ എന്നാണോ? ഇതാണ് കോവിഡ് കാലത്ത് ഐ.എം.വിജയൻ പഠിച്ച ഭാഷ! കഴിഞ്ഞ ഡിസംബറിൽ 10 ദിവസം വിജയൻ അട്ടപ്പാടിയിലെ കുറുമ്പ ഗോത്രക്കാരുടെ ഊരിൽ ചെറിയൊരു ക്വാറന്റീനിലായിരുന്നു. സുഹൃത്തും സംവിധായകനുമായ വിജീഷ് മണിയുടെ മ്മ് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടിയായിരുന്നു അത്. കുറുമ്പ ഭാഷയിൽ നിർമിക്കപ്പെട്ട ആദ്യ സിനിമയായ ഇതിൽ മരുതൻ എന്ന കുടുംബനാഥന്റെ വേഷത്തിലാണു വിജയൻ അഭിനയിച്ചത്. മൊബൈൽ ടവറുകൾ വർധിക്കുന്നതു മൂലം തേനീച്ചകൾ ഇല്ലാതാവുന്നതും കുറുമ്പരുടെ ജീവനോപാധിയായ തേൻ ശേഖരണം ബുദ്ധിമുട്ടിലാവുന്നതുമാണു ചിത്രത്തിന്റെ പ്രമേയം.

∙ നഞ്ചിയമ്മയുടെ പാട്ട്

കുടുംബസമേതമാണു വിജയൻ അട്ടപ്പാടിയിലേക്കു പോയത്. ശിരുവാണി ഡാമിനടുത്തായിരുന്നു താമസം. തണുപ്പുള്ള കാലാവസ്ഥ. നല്ല ഭക്ഷണം. എന്നും പുഴയിൽ ചാടിക്കുളി.. ലൊക്കേഷനിൽ ആവേശമായി മറ്റൊരാൾ കൂടിയുണ്ടായിരുന്നു. ‘അയ്യപ്പനും കോശിയും’ സിനിമയിലൂടെ പ്രശസ്തയായ ആദിവാസി കലാകാരി നഞ്ചിയമ്മ. പാട്ടു പാടാൻ നഞ്ചിയമ്മയും താളം പിടിക്കാൻ വിജയനും. അതായിരുന്നു ലൊക്കേഷനിലെ വിജയക്കൂട്ട്. ‘എന്നും രാവിലെ ആദ്യം എഴുന്നേറ്റ് റെഡിയാകുന്നത് വിജയേട്ടനായിരിക്കും. അതോടെ ലൊക്കേഷൻ ആകെ ഉഷാറാകും’- സംവിധായകൻ വിജീഷ് മണി പറയുന്നു.

∙ കുട്ടികളുടെ ക്യാപ്റ്റൻ

10 ദിവസം ഷൂട്ടിങ് മാത്രമായിരുന്നില്ല വിജയന്റെ സന്തോഷം. ഇന്ത്യൻ ഫുട്ബോൾ‌ ടീം മുൻ ക്യാപ്റ്റൻ ഊരിലെ കുട്ടികളുടെയും ക്യാപ്റ്റനായി. ‘വീട്ടുമുറ്റത്ത് കളിക്കാൻ അധികം സ്ഥലമൊന്നുമില്ല. അതുകൊണ്ടു ക്രിക്കറ്റായിരുന്നു ഞങ്ങളുടെ കളി’ – വിജയൻ പറയുന്നു. കുട്ടികൾക്കു പന്തെറിഞ്ഞു കൊടുത്തും ഊഞ്ഞാലാട്ടിയും വിജയൻ അവരുടെ ഇഷ്ക്കാരനായി. മടങ്ങുമ്പോൾ കുട്ടികൾക്കായിരുന്നു ഏറ്റവും സങ്കടം. 

∙ അക്കാദമിയുടെ തലപ്പത്ത്

കോവിഡ് കാലത്ത് എംഎസ്പിയിൽ അസിസ്റ്റന്റ് കമൻഡാന്റ് ആയി; ഫുട്ബോൾ അക്കാദമിയുടെ ഡയറക്ടറും. മകൻ ആരോമൽ വിഡിയോ അനലിസ്റ്റെന്ന നിലയിൽ ഗോകുലം എഫ്സിയുടെ ഐ ലീഗ് വിജയത്തിൽ പങ്കാളിയായതും അഭിമാനമായി.

∙ ആഘോഷങ്ങളില്ലാതെ

വിഷുവിനും ഈസ്റ്ററിനും പെരുന്നാളിനും തൃശൂർ പൂരത്തിനുമൊന്നും എവിടെയും പോയില്ല. ‘വിരുന്നിനു വിളിച്ചവരോടെല്ലാം ഞാൻ പറഞ്ഞത് ഒരു കാര്യം - ‘ഇപ്പോൾ വന്നാൽ അടുത്ത തവണ കാക്കയായിട്ട് ഞാൻ ബലിച്ചോറുണ്ണാൻ വരേണ്ടി വരും!’ അതാണ് തുടക്കത്തിൽ കുറുമ്പഭാഷയിൽ  പറഞ്ഞത്. അക്കാര്യം മലയാളത്തിൽ വിജയൻ ആവർത്തിക്കുന്നു: ‘എല്ലാവരും വീടിനുള്ളിൽ തന്നെ തുടരുക. എങ്കിൽ ഈ കാലവും നമ്മൾ അതിജീവിക്കും...’

English Summary: IM Vijayan interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com