sections
MORE

ബിഗ് സല്യൂട്ട്, കരിം സാർ...

Kareem
അബ്ദുൽ കരിം
SHARE

ഇന്നലെ അന്തരിച്ച കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ ആദ്യ മാനേജർ അബ്ദുൽ കരിമിന് മുൻ പൊലീസ് താരവും ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റനുമായ യു.ഷറഫലിയുടെ പ്രണാമം... 

1991 – കണ്ണൂരിൽ ഫെഡറേഷൻ കപ്പ് ഫുട്ബോൾ നടക്കുന്നു. തലേവർഷം തൃശൂരിൽ ജേതാക്കളായ കേരള പൊലീസ് ടീമിലാണ് ആരാധകരുടെ ശ്രദ്ധ മുഴുവൻ. എന്നാൽ, പൊലീസ് ടീമാകട്ടെ പ്രതിസന്ധിയുടെ നടുവിലും. തൃശൂരിൽ ടീമിനെ ഒരുക്കിയ ടി.കെ.ചാത്തുണ്ണിയും എ.എം.ശ്രീധരനും ടീമിനൊപ്പമില്ല; മുഴുവൻ ചുമതലയും സഹപരിശീലകൻ കുഞ്ഞിക്കൃഷ്ണന്റെ തോളിൽ. അതിനിടെയാണു പൊലീസിന്റെ സ്പോർട്സ് ഓഫിസർ ഗോപിനാഥൻ സാറിന്റെ മരണവാർത്തയെത്തുന്നത്. ഞങ്ങൾ തകർന്നുപോയി. ആദ്യ മത്സരത്തി‍ൽ ജെസിടിയോടു 0–3ന്റെ വൻ തോൽവി. ടീമാകെ നിരാശയിലായി. അപ്പോഴാണു മാനേജർ കരിം സാറിന്റെ വരവ്. 

‘നിങ്ങൾ പൊലീസുകാരാണ്. ഒരു പൊലീസുകാരന് ഒരിക്കലും തോൽക്കാൻ കഴിയില്ല. നമ്മൾ ജയിക്കും, നമ്മളേ ജയിക്കൂ...’ എന്നും കാതുകളിൽ കരിം സാറിന്റെ ആ വാക്കുകൾ മുഴങ്ങാറുണ്ട്. പിന്നെയെല്ലാം ചരിത്രം. ആദ്യ മത്സരത്തിൽ തോറ്റ ഞങ്ങൾ ടൂർണമെന്റിൽ ജേതാക്കളായി.  

എനിക്ക് ഒരിക്കലും അദ്ദേഹത്തെ മറക്കാൻ കഴിയില്ല. ഞാൻ പൊലീസിൽ ചേരാൻ കാരണം അദ്ദേഹമാണ്. 1984 മേയിൽ ഞാൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് വിദ്യാർഥിയാണ്. അവസാന വർഷ പരീക്ഷ കഴിയുന്ന ദിവസം എന്നെ ‘പൊക്കാൻ’ അദ്ദേഹവും കോച്ച് ശ്രീധരനുംകൂടി അരീക്കോട്ടെ വീട്ടിലെത്തി. ഞാൻ പരീക്ഷ കഴിഞ്ഞു സെവൻസ് കളിക്കാൻ പോയി. തിരിച്ചു വീട്ടിലെത്തുന്നത് 2 ദിവസം കഴിഞ്ഞ്. 

പാലവും റോഡുമൊന്നുമില്ലാത്ത കാലത്ത് വഞ്ചിയിൽ ചാലിയാർ കടന്ന് വീട്ടിലെത്തിയ ഇരുവർക്കും 2 ദിവസം എന്റെ വീട്ടിൽ കഴിയേണ്ടി വന്നു. അതിനിടെ എന്റെ പിതാവിനെ പൊലീസ് ജോലിയുടെ ഗുണം പറഞ്ഞു ബോധ്യപ്പെടുത്തി.  

സി.വി.പാപ്പച്ചൻ, കെ.ടി.ചാക്കോ, കുരികേശ് മാത്യു, തോബിയാസ് തുടങ്ങിയ പലരുടെയും വീടുകളിൽ കരിം സാർ നേരിട്ടു പോയാണു ‘റിക്രൂട്മെന്റ്’ നടത്തിയത്.    ടീമിലെ ഓരോരുത്തരെയും അദ്ദേഹം മകനായി, സഹോദരനായി കണ്ടു.  

പ്രിയപ്പെട്ട കരിം സാർ, അങ്ങില്ലായിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങുമെത്തില്ലായിരുന്നു... ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് അങ്ങേയ്ക്കു ഞങ്ങളുടെ സല്യൂട്ട്... വിട...

English Summary: Sharafali remembering kerala police football team former manager kareem

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒളിംപിക് മെഡൽ ഉന്നമിട്ട് ശ്രീശങ്കറിന്റെ ലോങ് ജംപ്

MORE VIDEOS
FROM ONMANORAMA