ADVERTISEMENT

മഡ്രിഡ്∙ ലാലിഗ കിരീടം കയ്യിൽനിന്ന് വഴുതിയെന്ന് കരുതിയ നിമിഷം ലൂയി സ്വാരസ് അത്‍ലറ്റിക്കോ മഡ്രിഡിന്റെ രക്ഷകനായി. മഡ്രിഡിൽനിന്നും കിലോമീറ്ററുകൾ അകലെ ബിൽബാവോയിൽ വിജയത്തിലേക്കു പന്തുതട്ടിയ റയൽ മഡ്രിഡിന്റെ കിരീട മോഹങ്ങൾക്ക് മങ്ങലേൽപ്പിച്ച് ഒസാസുനയ്‌ക്കെതിരെ അത്‍ലറ്റിക്കോ മഡ്രിഡിന് ആവേശജയം. ‌മത്സരം അവസാന 10 മിനിറ്റിലേക്കു നീളുമ്പോഴും തോൽവിയുടെ വക്കിലായിരുന്ന അത്‍ലറ്റിക്കോ, ഏഴു മിനിറ്റിനിടെ രണ്ടു ഗോളടിച്ചാണ് ജയിച്ചുകയറിയത്. ബ്രസീൽ താരം ലോധി ദോസ് സാന്റോസ് (82), ലൂയി സ്വാരസ് (88) എന്നിവരാണ് അത്‍ലറ്റിക്കോ മഡ്രിഡിനായി ഗോൾ നേടിയത്. 75–ാം മിനിറ്റിൽ ബുഡിമീർ നേടിയ ഗോളാണ് ഒസാസുനയ്ക്ക് അപ്രതീക്ഷിത ലീഡ് സമ്മാനിച്ചത്.

മഡ്രിഡിൽ അത്‍ലറ്റിക്കോ തകർപ്പൻ തിരിച്ചുവരവിലൂടെ വിജയം കുറിച്ച അതേസമയത്തു തന്നെ, അങ്ങ് ബിൽബാവോയിൽ അത്‌ലറ്റിക് ബിൽബാവോയെ വീഴ്ത്തി റയൽ മഡ്രിഡും കിരീട പ്രതീക്ഷ നിലനിർത്തി. 68–ാം മിനിറ്റിൽ ഡിഫൻഡർ നാച്ചോ നേടിയ ഗോളിലാണ് റയൽ അത്‍ലറ്റിക് ബിൽബാവോയെ തോൽപ്പിച്ചത്. അതേസമയം, കിരീട പ്രതീക്ഷ കൈവിട്ട ബാർസിലോന സ്വന്തം മൈതാനത്ത് സെൽറ്റ വിഗോയോട് തോറ്റു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സെൽറ്റ വിഗോയുടെ വിജയം. 28–ാം മിനിറ്റിൽ ലയണൽ മെസ്സി നേടിയ ഗോളിൽ മുന്നിൽ കയറിയ ബാർസയെ, 38, 89 മിനിറ്റുകളിലായി ലോറെൻസോ മിനാ നേടിയ ഇരട്ടഗോളുകളിലാണ് സെൽറ്റ വിഗോ വീഴ്ത്തിയത്.

ഇതോടെ, സീസണിൽ ഒരേയൊരു മത്സരം ബാക്കിനിൽക്കെ 37 മത്സരങ്ങളിൽനിന്ന് 83 പോയിന്റുമായി അത്‍ലറ്റിക്കോ മഡ്രിഡ് ഒന്നാം സ്ഥാനം നിലനിർത്തി. 81 പോയിന്റുമായി റയൽ മഡ്രിഡ് തൊട്ടുപിന്നിലുണ്ട്. സെൽറ്റ വിഗോയോടും തോറ്റതോടെ 76 പോയിന്റ് മാത്രമുള്ള ബാർസിലോന കിരീടപ്പോരാട്ടത്തിൽ പിന്നിലായി. 74 പോയിന്റുമായി സെവിയ്യയാണ് നാലാം സ്ഥാനത്ത്.

അത്‍ലറ്റിക്കോ മഡ്രിഡും റയൽ മഡ്രിഡും വിജയം കുറിച്ചതോടെ ഞായറാഴ്ച നടക്കുന്ന സീസണിലെ അവസാന മത്സരം നിർണായകമായി. റയൽ വല്ലാദോലിദിന്റെ തട്ടകത്തിൽ നടക്കുന്ന അവസാന മത്സരത്തിൽ ജയിച്ചാൽ ഏഴു വർഷത്തെ ഇടവേളയ്ക്കുശേഷം അത്‍ലറ്റിക്കോ മഡ്രിഡിന് ലാലിഗ കിരീടം സ്വന്തമാക്കാം. 31 പോയിന്റുമായി നിലവിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന വല്ലാദോലിദിന് അവസാന മത്സരം ജയിച്ചാൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. പോരോട്ടം ആവേശകരമാകുമെന്ന് ചുരുക്കം.

അതേസമയം, വല്ലാദോലിദിനെതിരെ അത്‍ലറ്റിക്കോ മഡ്രിഡ് തോൽക്കുകയോ സമനിലയിൽ കുരുങ്ങുകയോ ചെയ്താൽ വിയ്യാ റയലിനെതിരായ അവസാന മത്സരം ജയിച്ച് റയലിന് കിരീടം ചൂടാം. നിലവിൽ 58 പോയിന്റുമായി പട്ടികയിൽ ഏഴാം സ്ഥാനത്താണ് വിയ്യാ റയൽ. ജയിക്കാൻ റയൽ വിയർക്കേണ്ടി വരുമെന്നും ചുരുക്കം.

English Summary: Late Luis Suarez goal moves Atletico Madrid one win from league title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com