ADVERTISEMENT

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ച് പറയുന്നു: ‘വയസ്സ് 36 ആയെങ്കിലും ഇരുപത്തിയഞ്ചുകാരന്റെ ചുറുചുറുക്കാണ്. കളിക്കുന്നതും ഗോളടിക്കുന്നതും അതുപോലെ തന്നെ’. പ്രതിരോധനിരയിലെ അയൺമാൻ സന്ദേശ് ജിങ്കാന്റെ കണ്ണിലാകട്ടെ ഈ താരത്തിന് നൂറായുസ്സാണ്. അടുത്ത നൂറോ ഇരുനൂറോ കൊല്ലമെങ്കിലും ഇന്ത്യക്കാർ ഈ പ്രതിഭയെ നെഞ്ചോടു ചേർത്തുവയ്ക്കും. നീലക്കടുവകളുടെ കാവൽക്കാരൻ ഗുർപ്രീത് സിങ് സന്ധു തന്റെ നായകനെ ഓർമിക്കുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം ചർച്ച ചെയ്യപ്പെടുന്ന ഇന്ത്യക്കാരനായാണ്.

സജീവ ഫുട്ബോളർമാരിൽ ദേശീയ ടീമിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നിൽ രണ്ടാമനെന്ന ഖ്യാതി നേടിയ സ്ട്രൈക്കർ സുനിൽ ഛേത്രിയെക്കുറിച്ചാണ് മൂവരും വാചാലരാകുന്നത്. പക്ഷേ, ഈ അഭിനന്ദനങ്ങളെല്ലാം മുഖവിലയ്ക്കു മാത്രമെടുക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ചിന്തിക്കുന്നത് മുന്നിലുള്ള ലക്ഷ്യങ്ങളെക്കുറിച്ചു മാത്രം. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വെർച്വലായി ഒരുക്കിയ മാധ്യമസമ്മേളനത്തിൽ സുനിൽ ഛേത്രി സംസാരിക്കുന്നു:

? ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിയെ മറികടന്ന ശേഷം ഒരിക്കൽക്കൂടി താങ്കളെ മെസ്സിയുമായും മറ്റും താരതമ്യം ചെയ്യുന്നു. ഇത് അലോസരപ്പെടുത്തുന്നുണ്ടോ.

∙താരതമ്യത്തെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഒരു ഇന്ത്യക്കാരന്റെ പേര് മെസ്സിയുടെ പേരിനൊപ്പം പറയുന്നതിനെക്കുറിച്ച് 5 സെക്കൻഡ് വേണമെങ്കിൽ സന്തോഷിക്കാം. എന്നെക്കാൾ മികച്ച ആയിരക്കണക്കിനു താരങ്ങൾ ലോകത്തുണ്ട്. അവരെല്ലാം ആരാധിക്കുന്നതു പോലെ ഞാനും മെസ്സിയെ ആരാധിക്കുന്നു.

? 36 വയസ്സായിട്ടും മികച്ച കായികക്ഷമത നിലനിർത്തുന്നതെങ്ങനെ. എന്താണ് പ്രചോദനം

∙ദേശീയ ജഴ്സിയിൽ ടീം ഇന്ത്യയ്ക്കു വേണ്ടി കളിക്കുകയെന്നതു തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. അതിനു ലഭിക്കുന്ന ഒരവസരവും നഷ്ടമാക്കില്ല. അവസാനം വരെ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യും. പരിശീലനവും ഭക്ഷണവും ഉറക്കവുമെല്ലാം അതിനു വേണ്ടി ക്രമീകരിക്കുന്നതിനാൽ ഫിറ്റ്നസ് നിലനിർത്തുന്നത് ആയാസമുള്ള കാര്യമല്ല. അതേസമയം, പ്രായം കൂടുന്തോറും നേട്ടങ്ങൾ സ്വാഭാവികമായതിനാൽ സ്വയം പ്രചോദിപ്പിച്ചു നിർത്തുന്നത് അത്ര എളുപ്പമല്ല.

? രാജ്യാന്തര ഫുട്ബോളിൽനിന്ന് വിടവാങ്ങുന്നതിനു മുൻപുള്ള ലക്ഷ്യങ്ങൾ

∙നിലവിൽ വിരമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ല. അഹങ്കാരം കൊണ്ടല്ല ഇങ്ങനെ പറയുന്നത്. ചെറിയ ലക്ഷ്യങ്ങളെക്കുറിച്ചേ ചിന്തിക്കുന്നുള്ളൂ. 15ന് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത കളി. എന്റെ ക്ലബ് ബെംഗളൂരു എഫ്സി അതിനു ശേഷം എഎഫ്സി ചാംപ്യൻഷിപ്പിൽ കളിക്കുന്നു. ഇക്കാര്യങ്ങളാണ് ഇപ്പോൾ മനസ്സിലുള്ളത്. ഇന്ത്യയ്ക്കു വേണ്ടി നൂറിലധികം മത്സരങ്ങൾ കളിച്ചു. 74 ഗോളുകൾ നേടി. ഫുട്ബോൾ ഇപ്പോഴും ഞാൻ ആസ്വദിക്കുന്നു. അതിനു സാധിക്കാത്ത നിമിഷത്തിൽ മാത്രമേ കളി നിർത്തൂ.

? ടീം ഇന്ത്യയുടെ പ്രകടനം മെച്ചപ്പെടുത്താൻ എന്താണ് ചെയ്യാൻ കഴിയുക.

∙ഇന്ത്യയുടെ പ്രതിരോധം വളരെ മെച്ചപ്പെട്ടു. കായികക്ഷമതയെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചുമെല്ലാം താരങ്ങൾക്കു നല്ല ധാരണയുണ്ട്. പക്ഷേ, പാസിങ്ങിന്റെ കാര്യത്തിലും പന്തു കൈവശം വയ്ക്കുന്നതിലും കൂടുതൽ ധൈര്യം കാട്ടണം. സ്പാനിഷ് ക്ലബ് ബാർസിലോനയൊക്കെ ചെയ്യുന്നതു പോലെ ഒട്ടേറെ പാസുകൾ വേണമെന്നില്ല. പക്ഷേ, പന്തു കൈവശമുള്ളപ്പോൾ കൂടുതൽ പാസുകൾ സൃഷ്ടിക്കാൻ സാധിച്ചാൽ മാറ്റമുണ്ടാകും. ബംഗ്ലദേശിനെതിരെ നടന്ന കഴിഞ്ഞ കളിയിലുൾപ്പെടെ ഇത്തരം കാര്യങ്ങളിൽ ടീമിനു മികവു കാട്ടാനായില്ല.

? ബംഗ്ലദേശിനെതിരെ ആദ്യ ഗോൾ നേടിയ ശേഷം കോച്ച് സ്റ്റിമാച്ചിനോട് എന്തോ ആംഗ്യം കാട്ടിയല്ലോ. അതിന്റെ അർഥമെന്താണ്.

∙ ആ ഗോളിന് അൽപം മുൻപ് നല്ലൊരു ഗോളവസരം ഞാൻ തുലച്ചു. അതിനു കോച്ചിനോട് ക്ഷമ ചോദിച്ചതാണ്.

? മാനസികാരോഗ്യം നിലനിർത്താൻ എന്താണു ചെയ്യുന്നത്. യുവതാരങ്ങൾക്കുള്ള നിർദേശം.

∙സ്വയം എന്തു ചെയ്യാനാകും എന്നു കണ്ടെത്തുകയാണ് പ്രധാനം. മറ്റുളളവർ എന്താണു ചിന്തിക്കുന്നതെന്ന് ആകുലപ്പെടരുത്. അനാവശ്യമായി സമ്മർദം വിളിച്ചുവരുത്തുകയാകും ഫലം.

English Summary: Interview with Sunil Chhetri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com