ADVERTISEMENT

കായികലോകം കാത്തിരുന്ന ‘ഫുട്ബോൾ വാക്സീൻ’ ഇങ്ങെത്തിക്കഴിഞ്ഞു. യൂറോകപ്പ് ഫുട്ബോളും കോപ്പ അമേരിക്കയും ഒന്നിച്ചെത്തുന്നതോടെ ഇനി ഒരു മാസക്കാലം മൈതാനങ്ങളിൽ ഊർജിതമായ ആക്രമണത്തിന്റെയും കടുത്ത പ്രതിരോധത്തിന്റെയും നാളുകൾ. മിക്ക ദിവസങ്ങളിലും 5 ഡോസ് കളിയാണ് ആരാധകരെ കാത്തിരിക്കുന്നത്.

വൈകിട്ട് 6.30 മുതൽ 12.30 വരെ യൂറോയിലെ 3 കളികൾ. പുലർച്ചെ 2.30 മുതൽ കോപ്പയിലെ 2 കളികൾ. ഈ വാക്സിനേഷനു താരപ്രചാരകരായി സൂപ്പർ താരങ്ങളെല്ലാമുണ്ട്. ലോക്ഡൗൺ നിലവിലുള്ളതിനാൽ ഐസലേഷനിൽ ആയിരിക്കട്ടെ നമ്മുടെ കളിയാസ്വാദനം.

ട്രാവലിങ് യൂറോ കപ്പ്

കോവിഡ് കാലത്താണ് കളിയെങ്കിലും ട്രാവലിങ് ചാംപ്യൻഷിപ് ആണിത്. അസർബെയ്ജാനിലെ ബകു മുതൽ സ്പെയിനിലെ സെവിയ്യ വരെ യൂറോപ്പിലെ 11 രാജ്യങ്ങളിലെ 11 നഗരങ്ങൾ ചാംപ്യൻഷിപ്പിന്റെ 16-ാം പതിപ്പിനു വേദിയാകുന്നു. ഉദ്ഘാടന മത്സരം ഇന്ത്യൻ‌ സമയം നാളെ രാത്രി റോമിലെ ഒളിംപിക്കോ സ്റ്റേ‍ഡിയത്തിൽ ഇറ്റലിയും തുർക്കിയും തമ്മിൽ. സെമിഫൈനലുകളും ഫൈനലും ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിൽ. ഹംഗറിയിലെ ബുഡാപെസ്റ്റിലെ പുസ്കാസ് അരീനയിലെ മത്സരങ്ങൾക്കു മാത്രമാണ് ഗാലറിയിൽ പൂർണമായും കാണികൾക്കു പ്രവേശനം. 

നാട്ടിലും മറുനാട്ടിലും

മത്സരങ്ങളുടെ ഇടവേളകളിൽ താമസിക്കാനും പരിശീലിക്കാനുമായി യൂറോയിലെ 24 ടീമുകൾക്കും ബേസ് ക്യാംപുകളുണ്ട്. മിക്ക ടീമുകളും സ്വന്തം രാജ്യത്തു തന്നെ ബേസ് ക്യാംപ് തിരഞ്ഞെടുത്തപ്പോൾ ഫിൻലൻഡ് (സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ), നോർത്ത് മാസിഡോണിയ (ബുക്കാറസ്റ്റ്, റൊമേനിയ), പോർച്ചുഗൽ (ബുഡാപെസ്റ്റ്, ഹംഗറി), സ്കോട്ട്ലൻഡ് (ഹർവർത്ത്, ഇംഗ്ലണ്ട്), സ്‌ലൊവാക്യ (സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ), സ്വിറ്റ്സർലൻഡ് (റോം, ഇറ്റലി), തുർക്കി (ബകു, അസർബെയ്ജാൻ), യുക്രെയ്ൻ (ബുക്കാറസ്റ്റ്, റൊമേനിയ), വെയ്ൽസ് (ബകു, അസർബെയ്ജാൻ) എന്നിവർ മറുനാട്ടിലാണ്.

ടീമിൽ ആളു കൂടി

കോവിഡ് സാഹചര്യം പ്രമാണിച്ച് യൂറോയിൽ ഓരോ ടീമിന്റെയും സ്ക്വാഡിൽ 26 കളിക്കാരെ ഉൾപ്പെടുത്താൻ യുവേഫ അനുവാദം നൽകിയിട്ടുണ്ട്. മുൻ ചാംപ്യൻഷിപ്പുകളിൽ ഇത് 23 ആയിരുന്നു. ടീമിന്റെ ആദ്യ മത്സരത്തിനു മുൻപാണെങ്കിലും ഇതിൽ ഏതു കളിക്കാരനെയും മാറ്റി പകരം ആളെ ഉൾപ്പെടുത്താം.

എന്നാൽ ആദ്യ മത്സരം കഴിഞ്ഞാൽ പിന്നെ ഗോൾകീപ്പർമാരെ മാറ്റേണ്ടി വന്നാൽ മാത്രമേ അനുവദിക്കൂ. മത്സരത്തിൽ ഓരോ ടീമിനും 5 സബ്സ്റ്റിറ്റ്യൂഷനുകൾ വരെ ആവാം. എക്സ്ട്രാ ടൈം വരെ കളി നീണ്ടാൽ ആറാമതൊന്നും. എന്നാൽ ഇതിൽ 3 എണ്ണം മാത്രമേ 90 മിനിറ്റിൽ‌ കളി നടക്കുമ്പോൾ അനുവദിക്കുകയുള്ളൂ. അല്ലാത്തവ ഹാഫ്ടൈമുകളിലും എക്സ്ട്രാ ടൈമിന്റെ തുടക്കത്തിലും ആവാം.

താരപ്പടയൊരുക്കം

ലോകഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), കെവിൻ ഡിബ്രൂയ്നെ, റൊമേലു ലുക്കാകു (ബൽജിയം), എൻഗോളോ കാന്റെ, കിലിയൻ എംബപെ (ഫ്രാൻസ്), റോബർട്ട് ലെവൻഡോവ്സ്കി (പോളണ്ട്), ലൂക്കാ മോഡ്രിച്ച് (ക്രൊയേഷ്യ), ഹാരി കെയ്ൻ (ഇംഗ്ലണ്ട്) തുടങ്ങിയവരെല്ലാം പരസ്പരം കൊമ്പുകോർക്കും. 4 ടീമുകളടങ്ങുന്ന 6 ഗ്രൂപ്പുകളായിട്ടാണ് മത്സരം. എല്ലാ ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാരും എല്ലാ ഗ്രൂപ്പിൽ നിന്നുമായി മികച്ച 4 മൂന്നാം സ്ഥാനക്കാരും പ്രീക്വാർട്ടറിലെത്തും. 

euro-cup---

യൂറോയിൽ കോവിഡ് വന്നാൽ

ടൂർണമെന്റിനിടെ ഏതെങ്കിലും ടീമിലെ കളിക്കാർക്ക് കോവിഡ് പിടിപെട്ടാൽ മത്സരങ്ങൾ നടത്താനുള്ള സാധ്യതകളിങ്ങനെ.

1) ടീമിൽ ആരോഗ്യപ്രശ്നങ്ങളില്ലാത്ത 13 കളിക്കാർ ഉണ്ടെങ്കിൽ (ഒരു ഗോൾകീപ്പർ ഉൾപ്പെടെ) മത്സരം നിശ്ചയിച്ച പോലെ തന്നെ നടക്കും.

2) 13 കളിക്കാർ ലഭ്യമല്ലെങ്കിൽ മത്സരം 48 മണിക്കൂർ സമയത്തേക്കു നീട്ടി നിശ്ചയിക്കും. വേദിയും സമയവും മാറിയേക്കാം.

3) എന്നിട്ടും മത്സരം നടത്താൻ കഴിഞ്ഞില്ലെങ്കിൽ‌  കോവിഡ് പ്രശ്നം വന്ന ടീം 0-3ന് മത്സരം തോറ്റതായി പ്രഖ്യാപിക്കും. എന്നാൽ യുവേഫ എതിക്സ് ആൻഡ് ഡിസിപ്ലിനറി സമിതിക്കു മത്സരഫലം നറുക്കിട്ടെടുക്കാനും അധികാരമുണ്ട്.

English Summary: UEFA EURO 2020 begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com