ADVERTISEMENT

റോം ∙ ആദ്യ പകുതിയിൽ‌ നിലമൊരുക്കിയ ഇറ്റലി 2-ാം പകുതിയിൽ കൊയ്തു. ഒന്നല്ല, 3 ഗോളുകൾ! യൂറോ കപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ തുർക്കിയെ 3-0നു തകർത്ത് ഇറ്റലി തുടക്കം ഗംഭീരമാക്കി. സിറോ ഇമ്മൊബീലെ, ലൊറൻസോ ഇൻസിനെ എന്നിവർ ഇറ്റലിക്കായി ഗോൾ നേടി. ആദ്യ ഗോൾ തുർക്കി താരം മെറി ഡെമിറലിന്റെ സെൽഫ് ഗോൾ. 2-ാം പകുതിയിലായിരുന്നു 3 ഗോളുകളും. പന്തവകാശത്തിലും പാസിങ്ങിലും ഷോട്ടുകളിലും സമ്പൂർണ ആധിപത്യം പുലർത്തിയാണ് ഇറ്റലിയുടെ ജയം.

ആദ്യ പകുതിയിൽ ഇറ്റാലിയൻ ആക്രമണത്തെ ചെറുത്തുനിന്ന തുർക്കി പ്രതിരോധം 2-ാം പകുതിയുടെ തുടക്കത്തിൽ തന്നെ തകർന്നു. 53-ാം മിനിറ്റിൽ വലതുവിങ്ങിലൂടെ കുതിച്ചു കയറി ഡൊമിനിക്കോ ബെറാർഡി ഗോൾമുഖത്തേക്കു നൽകിയ ക്രോസ് പ്രതിരോധിക്കുന്നതിനിടെ തുർക്കി ഡിഫൻഡർ ഡെമിറെലിനു പിഴച്ചു. പന്ത് ദേഹത്തു തട്ടി സ്വന്തം വലയിലേക്ക്. യൂറോകപ്പ് ചരിത്രത്തിൽ ആദ്യമായി ടൂർണമെന്റിലെ പ്രഥമഗോൾ തന്നെ സെൽഫ് ഗോൾ.

Italy-vs-Turkey-match-JPG
യൂറോ കപ്പ് ഫുട്ബോൾ ഉദ്ഘാടന മത്സരത്തിൽ ഇറ്റലിയുടെ ഡൊമിനിക്കോ ബെറാർദിയുടെ (ഇടത്) ഗോൾശ്രമം തടുക്കുന്ന തുർക്കി ഗോൾകീപ്പർ ഉഗുർസാൻ സാക്കിർ. തുർക്കി ഡിഫൻഡർ കാഗ്‌ലർ സോയുൻസു സമീപം. ചിത്രം: എപി

ഗോൾമുഖം തുറന്നതിന്റെ ആവേശത്തിൽ ഇറ്റലി ഇരമ്പിക്കളിച്ചതോടെ തുർക്കി വീണു. 66-ാം മിനിറ്റിൽ ബരെല്ല നൽകിയ പാസിൽനിന്നു ബെറാർഡി പന്ത് സ്പിനസോളയ്ക്കു ചിപ് ചെയ്തു നൽകി. സ്പിനസോളയുടെ ഷോട്ട് തുർക്കി ഗോൾകീപ്പർ സാകിർ തടുത്തെങ്കിലും പന്ത് കയ്യിലൊതുക്കാനായില്ല. അവസരം കാത്തുനിന്ന ഇമ്മൊബിലെ പന്തു വലയിലാക്കി. 79-ാം മിനിറ്റിൽ ഇറ്റലി വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണ ഇൻസിനെയുടെ ഊഴം. സാകിറിന്റെ മോശം ക്ലിയറൻസ് ബെറാർഡി തട്ടിയെടുത്തു. പന്ത് നേരേ ഇൻസിനെയ്ക്ക്. നാപ്പോളി താരത്തിന്റെ മഴവിൽ ഷോട്ട് ഗോളിക്ക് ഒരു അവസരവും നൽകാതെ വലയിൽ (3–0).

തുടക്കം മുതൽ ഉജ്വലമായി കളിച്ച ഇറ്റലിക്കു ഫിനിഷിങ് പോരായ്മകൾ കൊണ്ടാണ് ആദ്യ പകുതിയിൽ ഗോൾ നേടാനാവാതെ പോയത്. 2 തവണ തുർ‌ക്കി താരങ്ങളുടെ കയ്യിൽ പന്ത് തട്ടിയെങ്കിലും പുതിയ ഹാൻഡ് ബോൾ നിയമം പരിഗണിച്ച് റഫറി പെനൽ‌റ്റി കിക്കോ ഫൗളോ അനുവദിച്ചില്ല. മനഃപൂർവം പന്ത് കയ്യിൽ തട്ടിയാൽ മാത്രമേ ഹാൻഡ് ബോൾ അനുവദിക്കാവൂ എന്നാണ് പുതിയ നിയമം. ഒരു തവണ റഫറി വിഎആർ (വിഡിയോ അസിസ്റ്റന്റ് റഫറി) സഹായം തേടിയെങ്കിലും തീരുമാനം ഇറ്റലിക്ക് അനുകൂലമായില്ല. വിഎആറും അങ്ങനെ ആദ്യമത്സരത്തിൽ  അരങ്ങേറി.

English Summary: Euro cup football Italy vs Turkey match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com