ADVERTISEMENT

ക്ലബ് ഫുട്ബോളിൽ ലോകം വിസ്മയത്തോടെ കണ്ടൊരു തിരിച്ചുവരവിന്റെ വലതുവശം ചേർന്നു നടന്ന താരമാണു ലൂയി ഗാർഷ്യ. ‘മിറാക്കിൾ ഓഫ് ഇസ്തംബുൾ’ എന്നു ചരിത്രം രേഖപ്പെടുത്തിയ 2005 ലെ യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ എസി മിലാനെ വീഴ്ത്തിയ ലിവർപൂളിന്റെ പത്താം നമ്പറണിഞ്ഞ സ്പാനിഷ് വിങ്ങർക്ക് ഇന്ത്യയിലും പരിചയപ്പെടുത്തൽ വേണ്ട. ഐഎസ്എലിലൂടെ ഇന്ത്യൻ മണ്ണിലിറങ്ങിയ ആദ്യ മാർക്വീ താരങ്ങളിലൊരാളാണു മുൻ ബാർസ താരം. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ നെഞ്ചിൽ തീ കോരിയിട്ട പ്രകടനം പുറത്തെടുത്ത താരം. പ്രഥമ ഐഎസ്എലിൽ കൊൽക്കത്തയെ കിരീടമണിയിച്ച ലൂയി ഗാർഷ്യ യൂറോ കപ്പ് വിശേഷങ്ങളുമായി ‘മലയാള മനോരമ’യ്ക്കു നൽകിയ അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം.

∙ ആരുടേതാകും ഈ യൂറോ കപ്പ്?

അങ്ങനെയൊരു പ്രവചനം അസാധ്യം. ഫ്രാൻസ്, ബെൽജിയം, ഇംഗ്ലണ്ട്, ജർമനി എന്നിവരെല്ലാം സാധ്യതകളിൽ മുന്നിലുണ്ട്. ഇവരുടെ താരനിര പരിശോധിക്കൂ, സ്ട്രോങ്ങാണ്. നിലവിലെ സാഹചര്യത്തിൽ മികവുറ്റ, കരുത്താർന്ന ഫുട്ബോൾ കളിച്ചെത്തുന്ന താരങ്ങളുടെ സംഘമെന്ന നിലയ്ക്ക് ഈ ടീമുകൾക്കു മുൻതൂക്കമുണ്ട്. എന്നാൽ യൂറോ പോലെ വലിയൊരു ടൂർണമെന്റിൽ മുൻധാരണകൾക്കു ഇടമില്ല. കടുത്ത മത്സരം നടക്കുന്നൊരു ടൂർണമെന്റാണ് യൂറോ. നന്നായി സംഘടിക്കപ്പെട്ട, കരുത്തുറ്റ ടീമുകളാണ് ഏറെയും. വമ്പൻമാരെന്നു വിശേഷിപ്പിക്കപ്പെടുന്നവവരെ അടിച്ചു പുറത്താക്കാൻ കെൽപ്പുള്ള ടീമുകളേറെയുണ്ട് ഇക്കുറി.

∙ ഏതെങ്കിലുമൊരു ടീം തിരഞ്ഞെടുക്കേണ്ടി വന്നാൽ?

ഇംഗ്ലണ്ട് എന്നാകും ഉത്തരം. ആഭ്യന്തര ലീഗുകളിലും രാജ്യാന്തര വേദികളിലും മികവ് തെളിയിച്ച താരങ്ങളുടേതാണ് സൗത്ത്ഗേറ്റിന്റെ ഇംഗ്ലിഷ് സംഘം. സ്ഥിരതയാർന്ന പ്രകടനം അവരെ എതിരാളികളിൽ നിന്നു വേറിട്ടുനിർത്തുന്നു. വ്യക്തിഗത മികവിനെക്കാളുപരി കളത്തിലെ ഒത്തൊരുമയാണ് ഇംഗ്ലണ്ടിനെ യൂറോയിലെ ഫേവറിറ്റുകളാക്കുന്നത്. നല്ല നിമിഷങ്ങളും മോശം നിമിഷങ്ങളും ചേർന്നു സമ്മിശ്രമാകും വലിയ ടൂർണമെന്റുകൾ. മോശം നിമിഷങ്ങളെ മറികടക്കാൻ ടീം സ്പിരിറ്റിലൂടെ കഴിയും. പരിചയവും യുവത്വവും ഒത്തിണങ്ങിയ ഇംഗ്ലിഷ് ടീമിന് ആ മികവുണ്ട്.

∙ മഹാമാരി സൃഷ്ടിക്കുന്ന സമ്മർദങ്ങൾ ടീമുകളുടെ പ്രകടനത്തെ ബാധിക്കുമോ?

കോവിഡ് സൃഷ്ടിച്ച പുതിയ കീഴ്‌വഴക്കങ്ങൾ ഒരു സീസണിലേറെയായി ഗെയിമിന്റെ ഭാഗം തന്നെയാണ്. പതിവു രീതികളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും അകന്നാണു ലീഗുകളുൾപ്പെടെയുള്ള മത്സരക്രമം. കളിക്കാരെ സംബന്ധിച്ചിടത്തോളം അതെല്ലാം പരിചിതമായിക്കഴിഞ്ഞു. കുടുംബാംഗങ്ങളിൽ നിന്നും ആരാധകരിൽ നിന്നും കാണികളിൽ നിന്നും അകലം പാലിച്ചുള്ള ഫുട്ബോൾ ബുദ്ധിമുട്ടേറിയ ഒന്നുതന്നെ. പരിശീലനത്തിൽ പോലും കടുത്ത നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. പക്ഷേ, ഇവരെല്ലാം തികഞ്ഞ പ്രഫഷനലുകളാണ്. യൂറോ പോലൊരു വലിയ വേദിയും ലക്ഷ്യവും മികച്ച പ്രകടനം ഉറപ്പ് തരുന്ന ഘടകമാണ്. മാതൃരാജ്യത്തിനു വേണ്ടിയാണീ കളിയെന്നതും നല്ല പോരാട്ടംതന്നെ ഒരുക്കും.

∙യുവതാരങ്ങളുടേതാകുമോ യൂറോ 2020 ?

ഒട്ടേറെ ടീമുകളിൽ ന്യൂജനറേഷൻ താരങ്ങളുടെ ആധിപത്യം പ്രകടമാണ്. സ്പാനിഷ് ടീമൊക്കെ യുവതാരങ്ങളെ മുൻനിർത്തി വരുന്ന സംഘമാണ്. തലമുറമാറ്റം എന്നു പറയാവുന്ന സ്ഥിതിയിലാണ് സ്പെയിനിന്റെ വരവ്.ഗെയിം മാറുന്നതിനനുസരിച്ച് പുതുശൈലികൾ സ്വീകരിക്കുന്നതുപോലെതന്നെയാണു ജൂനിയർ തലത്തിൽ നിന്നുള്ള പുതുതാരങ്ങളുടെ വരവും. യുവതാരങ്ങളേറെയും വലിയ തലത്തിലെ സമ്മർദവും വെല്ലുവിളികളും നേരിടാൻ പ്രാപ്തരായ പ്രഫഷനലുകൾ തന്നെ. ലീഗുകളിലും യൂറോപ്യൻ ചാംപ്യൻഷിപ്പുകളുമായി കടുത്തൊരു സീസൺ കഴിഞ്ഞെത്തുന്ന ഈ താരങ്ങളുടെ സാന്നിധ്യമാണ് ഈ യൂറോയെ ‘ആർക്കും ജയിക്കാം’ എന്ന മട്ടിൽ പ്രവചനാതീതമാക്കുന്നത്.

∙ യുവതാരങ്ങളിൽ വിസ്മയിപ്പിക്കുന്നൊരാൾ?

ഇംഗ്ലണ്ടിന്റെ ഫിൽ ഫോഡൻ ഈ യൂറോയിലെ‘സ്പെഷൽ പ്ലയർ’ എന്നു ഞാൻ കരുതുന്നയാളാണ്.ഇംഗ്ലിഷ് ലീഗിലും ചാംപ്യൻസ് ലീഗിലുമെല്ലാം ശോഭിച്ചാണു യുവതാരത്തിന്റെ വരവ്. ഇന്ത്യയിൽ നടന്ന അണ്ടർ–17 ലോകകപ്പ് മുതലുള്ള ഫോഡന്റെ പുരോഗതി അത്ഭുതകരമാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ നിരയിലെ നിർണായകതാരമായി മാറിക്കഴിഞ്ഞ യുവതാരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാംതന്നെ ആ പ്രതിഭാസമ്പത്ത് വെളിപ്പെടുത്തുന്നുണ്ട്.

∙കാണില്ലേ ഇക്കുറിയും കറുത്ത കുതിരകൾ?

ദേശീയ ടീമുകൾ മത്സരിക്കാനെത്തുമ്പോൾ അമ്പരപ്പിക്കുന്ന പ്രകടനങ്ങളും പ്രതീക്ഷിക്കാം. സ്വിറ്റ്സർലൻഡ് അത്തരത്തിലൊരു ടീമാണ്. യൂറോപ്പിൽ ഉയർന്ന നിലവാരത്തിലുള്ള കളി പുറത്തെടുക്കുന്ന സംഘമാണ്. പ്രതിരോധവും ആക്രമണവും അവർക്കു വഴങ്ങും. ഷെർദാൻ ഷക്കീരിയും ഗ്രാനിത് ഹാക്കയും പോലുള്ള മികച്ച താരങ്ങളുമുണ്ട്. ആൻഡി റോബർട്സന്റെ സ്കോട്‌ലൻഡും അട്ടിമറിക്കു പോന്നവരാണ്.

∙ സ്വന്തം ടീം സ്പെയിനിന്റെ സാധ്യതകൾ?

ഫ്രാൻസ്, ജർമനി തുടങ്ങിയവരെപ്പോലെ ഫേവറിറ്റ്സ് എന്നു പറയാവുന്ന നിലയ്ക്കല്ല സ്പെയിൻ ടീമിന്റെ ഇത്തവണത്തെ വരവ്. പക്ഷേ, വളരെ നല്ല ഒരു കൂട്ടം കളിക്കാരുടെ സംഘം തന്നെയാണു ലാ റോജ. യൂറോ പോലൊരു വലിയ ടൂർണമെന്റ് ജയിക്കാൻ ഒത്തൊരുമ ഒരു പ്രധാന ഘടകമാണ്. സ്പാനിഷ് ടീമിനതു വേണ്ടുവോളമുണ്ട്. ഫേവറിറ്റ്സ് എന്ന ലേബൽ ഇല്ലാത്തതുതന്നെ സമ്മർദമില്ലാതെ കളിക്കുന്നതിനു വഴിയൊരുക്കും.

Spain
സ്പെയിന്‍ താരങ്ങളുടെ ആഹ്ലാദം

∙ തലമുറമാറ്റം വ്യക്തമാണു സ്പാനിഷ് നിരയിൽ. ആരെല്ലാമാണ് ടീമിലെ തുറുപ്പുചീട്ടുകൾ?

തിയാഗോ അൽക്കന്റാരയും ജെറാർദ് മൊറീനോയും പോലുള്ള താരങ്ങളുടെ സാന്നിധ്യം നിർണായകമാകും. ഏതു നിമിഷവും കളിയുടെ ഗതി തിരിക്കാൻ പോന്ന താരമാണു തിയാഗോ. ഒന്നുമില്ലായ്മയിൽ നിന്നു പോലും ചലനങ്ങൾ സൃഷ്ടിക്കാൻ ഈ മിഡ്ഫീൽഡർക്കാകും. ഒരു നിമിഷം കൊണ്ടു മത്സരം കൈക്കലാക്കാൻ പോന്ന മികവുണ്ട് മൊറീനോയ്ക്ക്. സീനിയർ താരങ്ങളുടെ അസാന്നിധ്യത്തിൽ പാവു ടോറസും ലാപോർട്ടും പോലുള്ള യുവതാരങ്ങളാണു പ്രതിരോധത്തിൽ നിരക്കുക. നല്ലൊരു സീസൺ പിന്നിട്ടെത്തുവരാണ് ഇവരിൽ പലരുമെന്നതും ഗുണം ചെയ്യും. ഇംഗ്ലണ്ടിനും ഫ്രാൻസിനും ജർമനിക്കുമെല്ലാമുള്ളതുപോലൊരു മുൻതൂക്കം ആരും കൽപിക്കുന്നില്ലെങ്കിലും നോക്കൗട്ട് ഘട്ടത്തിൽ വമ്പൻമാരെ വീഴ്ത്താൻ പോന്ന മിടുക്കും പ്രതിഭകളുമുണ്ട് ഈ ടീമിൽ.

∙ റാമോസും റയൽ താരങ്ങളുമില്ലാത്ത സ്പെയിൻ?!

അത്തരത്തിലൊരു സംസാരം തന്നെ കാര്യമില്ലാത്ത ഒന്നാണ്. ബാർസിലോനയിലുള്ള കാലം തൊട്ടേ ഞാനടുത്തറിയുന്ന ആളാണ് കോച്ച് ലൂയി എൻറിക്വേ. ടീമിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്ന പരിശീലകൻ. സ്വന്തം ടീമായിരുന്ന ബാർസിലോന ഉൾപ്പെടെ ഏതെങ്കിലും ഒരു ക്ലബ്ബിനോട് ഇഷ്ടമോ അനിഷ്ടമോ കാട്ടുന്നയാളല്ല. സെർജിയോ റാമോസും കാർവഹാലുമെല്ലാം ഏറെ നാളുകളായി പരുക്കിന്റെ പിടിയിലാണ്. ഇവരെക്കൂടാതെ ഇസ്കോയും നാച്ചോയും പോലുള്ളവരാണു ദേശീയ ടീമിലേക്കെത്താറുള്ളത്. കോച്ച് എന്ന നിലയ്ക്കു തന്റെ ശൈലിയും ടൂർണമെന്റിലെ സമീപനവുമാകും എൻറിക്വേ തിരഞ്ഞെടുപ്പിൽ പരിഗണിച്ചിരിക്കുക. ഭാവിയിലേക്കുള്ള ടീമെന്ന നിലയിലും കണക്കുകൂട്ടിയിട്ടുണ്ടാകാം.

Sergio Ramos
റാമോസ്

∙ റാമോസിന്റെ അഭാവം തിരിച്ചടി?

സ്പെയിനിലും റയലിലും റാമോസിനുള്ള പ്രാധാന്യം പറയേണ്ടതില്ലല്ലോ. 100 % ഫിറ്റ് അല്ല എന്ന ഒറ്റക്കാരത്താലാകും ഈ അഭാവം. പ്രതിരോധത്തിൽ മാത്രമല്ല, നായകമികവിലും സെറ്റ്പീസ് അവസരങ്ങളിലുമെല്ലാം സ്പെയിൻ റാമോസിനെ മിസ് ചെയ്യും.

∙ കൊച്ചിയിൽ നിന്നാണു ഞാൻ. ഓർക്കുന്നുണ്ടോ ഇവിടെ കളിച്ച നിമിഷങ്ങൾ?

തീർച്ചയായും. ആദ്യം ഓർമയിലെത്തുന്നതു കൊച്ചിയിലെ കാണികളാണ്. ഫന്റാസ്റ്റിക് ക്രൗഡ്. എത്ര മനോഹരമായ അന്തരീക്ഷമാണു അവർ സൃഷ്ടിച്ചത്. നല്ല രീതിയിൽ അവർ ഗെയിം ആസ്വദിച്ചു. നല്ലൊരു മത്സരമായിരുന്നുവത്. അന്നു ഞാനൊരു ഗോളും അടിച്ചതാണ്. പക്ഷേ അത് അനുവദിക്കപ്പെട്ടില്ല. ഡേവി‍ഡ് ജെയിംസ് ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. കടുത്ത മത്സരത്തിനൊടുവിലാണു ഞങ്ങൾ (അത്‌ലറ്റിക്കോ ഡി കൊൽക്കത്ത) പരാജയപ്പെട്ടത്. പിന്നീടു ഫൈനലിലും ബ്ലാസ്റ്റേഴ്സിനെതിരെ കളിച്ചു. അന്നു ഞങ്ങളാണു ജയിച്ചത്.

Content Highlight:  Louis Gracia interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com