ADVERTISEMENT

ബ്യൂനസ് ഐറിസ്∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറ‍ഡോണയെ അദ്ദേഹത്തിന്റെ ഡോക്ടർമാർ കൊലപ്പെടുത്തിയതാണെന്ന് കേസിൽ അന്വേഷണം നേരിടുന്ന നഴ്സിന്റെ അഭിഭാഷകൻ. ഡോക്ടർമാർ അശ്രദ്ധ കാട്ടി മറഡോണയെ കൊലപ്പെടുത്തിയതാണെന്ന് അഭിഭാഷകനായ റൊഡോൾഫോ ബാക്വെ മാധ്യമങ്ങളോടു പറഞ്ഞു. കേസിൽ നഴ്സായ ഡഹിയാന ഗിസേല മഡ്രിഡിനെ ചോദ്യം ചെയ്തതോടെയാണ് അവരുടെ അഭിഭാഷകൻ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത്.

കഴിഞ്ഞ നവംബറിൽ ഹൃദയാഘാതത്തെ തുടർന്നാണു മറഡോണ മരിച്ചത്. തലയിൽ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി വിശ്രമിക്കുന്നതിനിടെയായിരുന്നു മരണം. മറഡോണയ്ക്ക് മികച്ച ചികിത്സ ലഭിച്ചില്ലെന്നു വിദഗ്ധ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് 36 വയസ്സുള്ള മ‍ഡ്രിഡ് ഉൾപ്പെടെ ഏഴുപേർക്കെതിരെ അന്വേഷണം നടക്കുന്നത്. അതേസമയം മറഡോണയെ പരിചരിച്ചിട്ടില്ലെന്നാണ് നഴ്സിന്റെ വാദം.

ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കു മറഡോണയെ ചികിത്സിക്കുന്ന സമയമായിരുന്നു അത്. അതിനൊപ്പം മാനസികാരോഗ്യ ചികിത്സയ്ക്കും അദ്ദേഹം മരുന്നു കഴിക്കുന്നുണ്ടായിരുന്നു. ഇത് ഹൃദയമിടിപ്പ് കൂടാൻ കാരണമായി. ചികിത്സയിലിരിക്കെ അദ്ദേഹം തളര്‍ന്നുവീണു. സിഎടി സ്കാൻ എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും സഹായി അതു സമ്മതിച്ചില്ല. താരം മരിക്കാന്‍ പോകുകയാണെന്നതിനു പല സൂചനകളുണ്ടായിരുന്നെങ്കിലും തടയാൻ ഡോക്ടർമാർ ശ്രമിച്ചില്ലെന്നും അഭിഭാഷകൻ ആരോപിച്ചു.

കുറ്റക്കാരെന്ന് തെളിഞ്ഞാൽ എട്ടുവർഷം മുതൽ 25  വർഷം വരെ തടവ് പ്രതികൾക്കു ലഭിക്കാം. മറഡോണയുടെ മരണത്തിൽ തന്നെ ചിലർ ബലിയാടാക്കുകയാണെന്ന് ഇതിഹാസ താരത്തെ ചികിത്സിച്ച ഡോക്ടർ ലിയോപോൾഡോ ലുക്യു ആരോപിച്ചിരുന്നു.

English Summary: Lawyer For Nurse Suspected In Maradona Death Says Doctors "Killed" Him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com