ADVERTISEMENT

കോപ്പൻഹേഗൻ ∙ കളിക്കിടെ ഹൃദയത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിലച്ച ഡെന്മ‍ാർക്ക് ഫുട്ബോൾ താരം ക്രിസ്റ്റ്യൻ എറിക്സന്റെ കരിയർ നിലയ്ക്കില്ല! എറിക്സണിന് ഇംപ്ലാന്റബ്ൾ കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്റർ (ഐസിഡി) ഘടിപ്പിക്കുമെന്നും അദ്ദേഹത്തിനു തുടർന്നും കളിക്കാമെന്നും ഡാനിഷ് ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

ശനിയാഴ്ച ഫിൻലൻഡിനെതിരെ ഡെൻമാർക്കിന്റെ ആദ്യ മത്സരത്തിനിടെയാണ് എറിക്സൺ കുഴഞ്ഞു വീണത്. അടിയന്തര ശുശ്രൂഷയ്ക്കു ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നില ഭേദപ്പെട്ടിരുന്നു. എറിക്സണ് ഇനി പ്രഫഷനൽ ഫുട്ബോളിൽ തുടരാനാകുമോയെന്ന് വിദഗ്ധർ ആശങ്കപ്പെട്ടിരുന്നു. എന്നാൽ ഐസിഡി ഘടിപ്പിച്ചാൽ എറിക്സണ് പതിവു പോലെ കളി തുടരാമെന്ന് ഡാനിഷ് ഹാർട്ട് ഫൗണ്ടേഷനിലെ ഗവേഷണ വിഭാഗം മേധാവിയായ ഗുണ്ണാർ ഗിസ്‌ലാസൻ പറഞ്ഞു.

∙ എന്താണ് ഐസിഡി

ഹൃദയമിടിപ്പ് തീരെ കുറയുമ്പോൾ സാധാരണ നിലയിൽ എത്തിക്കാൻ സ്ഥിരമായി ഉപയോഗിച്ചു വരുന്നു പേസ് മേക്കറിനു സമാനമായ ഉപകരണമാണ് ഐസിഡിയും. ഹൃദയമിടിപ്പ് കൂടു കയോ കുറയുകയോ താളം തെറ്റുകയോ ചെയ്യുമ്പോൾ ഇലക്ട്രിക് ഷോക്ക് നൽകി സാധാരണ നിലയിലേക്കു കൊണ്ടു വരിക എന്നതാണ് ഐസിഡിയുടെ ധർമം.

ഇത്തരം അപകടകരമായ താള വ്യതിയാനം മനസ്സിലാക്കി പ്രവർത്തിക്കാനുള്ള പ്രോഗ്രാമിങ് ഐസിഡിയിലുണ്ട്. ശരാശരി 70 ഗ്രാം ഭാരവും 12 മില്ലീമീറ്റർ കനവും മാത്രമേ ഐസിഡിക്കുണ്ടാവൂ. ശസ്ത്രക്രിയയിലൂടെ നെഞ്ചിന്റെ ഇടതു ഭാഗത്ത് മുകളിൽ തൊലിക്കടിയിലാണ് ഘടിപ്പിക്കുന്നത്.

∙ ബ്ലൈൻഡിന്റെ വഴിയേ

ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിൽ എറിക്സന്റെ സഹതാരമായിരുന്ന ഡെയ്‌ലി ബ്ലൈൻ‍ഡിന് കുഴഞ്ഞു വീണതിനെത്തുടർന്നു കഴിഞ്ഞ വർഷം ഐസിഡി ഘടിപ്പിച്ചിരുന്നു. കരിയർ തുടർന്ന ബ്ലൈൻഡ് ഇത്തവണ യൂറോ കളിക്കുന്ന ഹോളണ്ട് ടീമിലുമുണ്ട്. യുക്രെയ്നെതിരെ നടന്ന ഹോളണ്ടിന്റെ ആദ്യ മത്സരത്തിൽ ബ്ലൈൻഡ് 64-ാം മിനിറ്റു വരെ കളിച്ചു.

English Summary: Christian Eriksen to be fitted with heart-starting device

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com