ADVERTISEMENT

കോപ്പൻഹേഗൻ ∙ യൂറോ കപ്പ് ഫുട്ബോളിൽ ഡെന്മ‍ാർക്കും ബൽജിയവും തമ്മിലുള്ള ബി ഗ്രൂപ്പ് മത്സരത്തിലെ ടേണിങ് പോയിന്റ് ഏതായിരുന്നു? എല്ലാവരും പറയുന്നത് ഒരേയൊരു ഉത്തര: 46-ാം മിനിറ്റിൽ മിഡ്ഫീൽഡർ കെവിൻ ഡിബ്രൂയ്നെയെ കോച്ച് റോബർട്ടോ മാർട്ടിനെസ് കളത്തിലിറക്കിയത്. അതുവരെ ഡെന്മാർക്കിന്റെ ആവേശത്തിനു മുന്നിൽ പതറിക്കളിച്ച ബൽജിയം അതോടെ കളിയുടെ ആധിപത്യം ഏറ്റെടുത്തു.

ആദ്യ പകുതിയിൽ മുന്നേറ്റത്തിൽ പലപ്പോഴും ഒറ്റപ്പെട്ട റൊമേലു ലുക്കാകുവിന് നിരന്തരം പന്തു കിട്ടിക്കൊണ്ടിരുന്നു. ഒടുവിൽ ഇരുവരും ചേർന്ന് ബൽജിയത്തിന്റെ 2 ഗോളുകൾക്കും വഴിയൊരുക്കുകയും ചെയ്തു. കളിയുടെ 2-ാം മിനിറ്റിൽ തന്നെ യൂസുഫ് പോൾസന്റെ ഗോളിൽ മുന്നിലെത്തിയ ഡെന്മാർക്കിന്റെ സന്തോഷം അതോടെ തീർന്നു. 54-ാം മിനിറ്റിൽ ലുക്കാകുവും ഡിബ്രൂയ്നെയും ചേർന്നു തുടക്കമിട്ട മുന്നേറ്റത്തിനൊടുവിൽ,

സൂപ്പർതാരം ഏഡൻ ഹസാഡിന്റെ സഹോദരൻ തോർഗൻ ഹസാഡ് ബൽജിയത്തിനായി ആദ്യ ഗോൾ തിരിച്ചടിച്ചു. 70-ാം മിനിറ്റിൽ ബോക്സിനു പുറത്തു നിന്നുള്ള ഇടംകാൽ ഷോട്ടിലൂടെ ഡിബ്രൂയ്നെയും ലക്ഷ്യം കണ്ടു. ജയത്തോടെ ബി ഗ്രൂപ്പിൽ നിന്ന് ബൽജിയം നോക്കൗട്ട് ഉറപ്പാക്കി. 

പാർകെൻ സ്റ്റേഡിയത്തിലെ ആദ്യപകുതി ഡെൻമാർക്കിനു സന്തോഷത്തിന്റേതായിരുന്നു. കിക്കോഫിനു പിന്നാലെ അവർക്ക് അപ്രതീക്ഷിത ലീഡ്. ബൽജിയം ഡിഫൻഡർ ജെയ്സൻ ഡെനായറുടെ മോശം പാസ് പിടിച്ചെടുത്ത ഹോജ്ബർഗ് പന്ത് യൂസുഫ് പോൾസനു നീട്ടി. ലൈപ്സീഗ് താരത്തിന്റെ ഷോട്ട് തിബോ കോർട്ടോയെ മറികടന്നു.

ലീഡിന്റെ സന്തോഷ സാഹചര്യത്തിലാണ് 10-ാം മിനിറ്റിൽ ഡെൻമാർക്ക്, ആശുപത്രിയിൽ തുടരുന്ന ക്രിസ്റ്റ്യൻ എറിക്സണ് ആശംസകൾ നേർന്നത്. ഇരുടീമും കളി നിർത്തിവച്ചപ്പോൾ എഴുന്നേറ്റു നിന്നു കയ്യടിച്ച് ആരാധകരും അതിൽ പങ്കു ചേർന്നു. എറിക്സന്റെ ജഴ്സി നമ്പർ 10 ആണ് എന്നതിനാലായിരുന്നു 10-ാം മിനിറ്റിലെ ആദരം. തുടർച്ചയായ 2-ാം തോൽവിയോടെ ഡെന്മാർക്കിന്റെ നോക്കൗട്ട് പ്രതീക്ഷകൾ ആശങ്കയിലായി. എറിക്സൺ കുഴഞ്ഞു വീണ ആദ്യ മത്സരത്തിൽ അവർ ഫിൻലൻഡിനോട് 0-1 തോൽവി വഴങ്ങിയിരുന്നു. 

ഡിബ്രൂയ്നെ Vs ഡെന്മാർക്ക്

കളിച്ചത് - 45 മിനിറ്റ് 

ഗോൾ - 1 

അസിസ്റ്റ് - 1 

ബോൾ ടച്ച് - 36 

പാസ് കൃത്യത - 74 ശതമാനം 

ഡ്രിബിൾ - 5 

English Summary: Euro Cup football - Belgium vs Denmark match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com