ADVERTISEMENT

ഇന്ത്യയിൽ ഉദിച്ചവർ, മിന്നുന്നത് യൂറോയിലും കോപ്പയിലും! 2017ൽ കൊച്ചിയടക്കം 6 ഇന്ത്യൻ നഗരങ്ങളിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ പങ്കെടുത്ത 6 കളിക്കാരാണ് യൂറോയിലും കോപ്പയിലുമായി വിവിധ ടീമുകളിലുള്ളത്. ഇവരിൽ പലരും ക്ലബ് ഫുട്ബോളിൽ ലോകകപ്പിനു പിന്നാലെ തന്നെ വരവറിയിച്ചു. ഇപ്പോൾ ദേശീയ സീനിയർ ടീം ജഴ്സിയിലാണ് അങ്കം.  

∙ ഫിൽ ഫോഡൻ-ഇംഗ്ലണ്ട് (21)

കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടന്ന അണ്ടർ-17 ലോകകപ്പ് ഫൈനലിൽ സ്പെയിനിനെതിരെ ഇരട്ട ഗോളടിച്ച് ഇംഗ്ലണ്ടിനെ ലോക ചാംപ്യൻമാരാക്കിയാണ് ഫോഡൻ ലോക ഫുട്ബോളിൽ വരവറിയച്ചത്. ആ തിളക്കം ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി യൂത്ത് ടീമിൽനിന്ന് ഫോഡനെ സീനിയർ ടീമിലെത്തിച്ചു. ചാംപ്യൻസ് ലീഗിൽ ക്ലബിനായി ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി. ഇംഗ്ലണ്ടിനായി അണ്ടർ 18, 19, 21 ടീമുകളിലും ജഴ്സിയണിഞ്ഞു. കഴിഞ്ഞ വർഷം ഐസ്‌ലൻഡിനെതിരെയുള്ള മത്സരത്തിൽ സീനിയർ ടീമിലുമെത്തി. 

∙ ജെയ്ഡൻ സാഞ്ചോ-ഇംഗ്ലണ്ട് (21)

ഇന്ത്യയിൽ അണ്ടർ 17 ലോകകപ്പിൽ പങ്കെടുക്കുമ്പോൾ ജർമൻ ക്ലബ് ബോറൂസിയ ഡോർട്ട്മുണ്ടിന്റെ യൂത്ത്ടീമിൽ അംഗമായിരുന്നു ജെയ്ഡൻ സാഞ്ചോ. ആദ്യ കളിയിൽ ചിലെയ്ക്കെതിരെ രണ്ടു ഗോളുകൾ നേടിയതോടെ ആരാധകർക്കു പ്രിയപ്പെട്ടവനായി. പക്ഷേ നോക്കൗട്ട് മത്സരങ്ങൾക്കു നിൽക്കാതെ സൈപ്രസിൽ നടക്കുന്ന യൂത്ത് ചാംപ്യൻസ് ലീഗിൽ പങ്കെടുക്കാൻ സാഞ്ചോ മടങ്ങി.

ഇംഗ്ലണ്ടിന്റെ അണ്ടർ 17, 19 ടീമുകളിൽ കളിച്ച സാഞ്ചോ 2018 ഒക്ടോബറിൽ ക്രൊയേഷ്യയ്ക്കെതിരെയാണ് ആദ്യമായി സീനിയർ ടീമിൽ കളിച്ചത്. ഡോർട്ട്മുണ്ടിനായി 104 കളികളിൽനിന്ന് 38 ഗോളുകൾ നേടിയിട്ടുണ്ട്. മികച്ച ഫോമിലുള്ള സാഞ്ചോയെ വലയിലാക്കാൻ ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ട്.

∙ ഫെറാൻ ടോറസ്- സ്പെയിൻ (21)

2017 അണ്ടർ–17 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്ന സ്പെയിൻ ടീമിന്റെ നെടുംതൂണായിരുന്നു ഫെറാൻ ടോറസ്. വലൻസിയ അക്കാദമിയൂടെ വളർന്ന് സീനിയർ ടീമിലെത്തിയ ടോറസ്, 2020 ൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. ആ വർഷം തന്നെയായിരുന്നു സീനിയർ ടീം അരങ്ങേറ്റവും. 11 കളികളിൽനിന്ന് 6 ഗോളുകൾ നേടി മികച്ച ഫോമിലാണ്.

∙ ഒസാൻ കബാക്- തുർക്കി (21)

അണ്ടർ 17 ലോകകപ്പിൽ തുർക്കിയുടെ ക്യാപ്റ്റനായിരുന്നു ഒസാൻ കബാക്. തുർക്കി അണ്ടർ 15,16,18 ടീമുകളിലും അംഗമായിരുന്നു ഈ സെന്റർ ബാക്ക്. 2019 മുതൽ‌ സീനിയർ ടീം അംഗം. ബുന്ദസ് ലിഗ ക്ലബ് ഷാൽക്കെയ്ക്കായി 40 മത്സരങ്ങൾ കളിച്ച ഒസാൻ 2020 ൽ ലോൺ അടിസ്ഥാനത്തിൽ ലിവർപൂളിലെത്തി. 2018–19 സീസണിൽ ബുന്ദസ്‍ലിഗയിലെ പുതുമുഖ താരങ്ങൾക്കുള്ള പുരസ്കാരമായ റൂക്കീ ഓഫ് ദ് സീസൺ നേടി. 

∙ അലക്സിസ് ദുവാർതെ- പാരഗ്വായ് (21)

അണ്ടർ 17 ലോകകപ്പിൽ പാരഗ്വായുടെ പ്രതിരോധ നായകനായിരുന്നു സെന്റർ ബായ്ക്ക് ആയ അലക്സിസ് ദുവാർതെ. തുടർന്നിങ്ങോട്ടുള്ള സ്ഥിരതയാർന്ന പ്രകടനം കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ടീമിലെത്തിച്ചു. പാരഗ്വായ് ക്ലബ് സെറോ പൊർട്ടെനോയുടെ താരമാണ്. കോവിഡിനു ശേഷം ആരംഭിച്ച ലീഗിൽ ക്ലബിനായി ഒന്നൊഴികെ എല്ലാ മത്സരങ്ങളിലും മുഴുവൻ സമയം കളിച്ചു. അതിവേഗ ടാക്‌ളിങ്ങും ഏരിയൽ ബോളുകൾ പിടിച്ചെടുക്കാനുള്ള കഴിവുമാണ് ഈ ആറടി ഉയരക്കാരന്റെ പ്ലസ്.

∙ ലിയാൻഡ്രോ കാമ്പസ്- കൊളംബിയ (21)

അണ്ടർ 17 ലോകകപ്പിൽ കൊളംബിയൻ മുന്നേറ്റത്തിന്റെ കുന്തമുനയായിരുന്നു ലിയാൻഡ്രോ കാമ്പസ്. മൂന്ന് ഗോളുകളും നേടി. 2017ൽ കൊളംബിയൻ ഒന്നാം ഡിവിഷൻ ക്ലബ് ഡിപോർട്ടെസ് ടോളിമയിലെത്തി. 40 കളികളിൽനിന്ന് 3 ഗോളുകൾ നേടി. ഇടതു, വലത് വിങ്ങുകളിൽ ഒരു പോലെ കളിക്കാൻ കഴിയുന്ന താരം അറ്റാക്കിങ് മിഡ്ഫീൽഡറായും ശോഭിക്കും.

∙ കാത്തിരിപ്പ് തുടർന്ന്

അണ്ടർ 17 ലോകകപ്പിൽ മികച്ച ഫോമിൽ കളിച്ച ചില താരങ്ങൾക്ക് സീനിയർ ടീമിലേക്കുള്ള വഴി ഇതുവരെ തുറന്നിട്ടില്ല. ഇംഗ്ലണ്ടിനായി 8 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് ജേതാവായ റിയാൻ ബ്രൂസ്റ്റർക്ക് സീനിയർ ടീമിലെത്താനായിട്ടില്ല. 6 ഗോൾ നേടി താരമായ സ്പെയിനിന്റെ ആബേൽ റൂയിസ് യൂറോ ടീമിലില്ല. ഫ്രാൻസും ജർമനിയും ഇന്ത്യയിൽ കളിച്ചിരുന്നെങ്കിലും ഇരു ടീമുകളിൽനിന്നും ആരും യൂറോ ടീമിലില്ല. 5 ഗോളുകൾ വീതം നേടിയ ജർമനിയുടെ യാൻ ഫിറ്റേ ആർപും ഫ്രാൻസിന്റെ അമിൻ ഗൗരിയും കാത്തിരിപ്പ് തുടരുന്നു. അന്നത്തെ ബ്രസീൽ, ചിലെ താരങ്ങളിലാരും കോപ്പ അമേരിക്ക ടീമിലുമില്ല.

Content Highlights: FIFA U-17 World Cup held in India, UEFA EURO 2020, Copa America 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com