ADVERTISEMENT

ബുഡാപെസ്റ്റ് (ഹംഗറി) ∙ അവിടെ കല്യാണം, ഇവിടെ പാലുകാച്ചൽ എന്ന സിനിമാഡയലോഗ് പോലെയായിരുന്നു കളി! ഒരിടത്ത് ഫ്രാൻസും പോർച്ചുഗലും. മറ്റൊരിടത്ത് ജർമനിയും ഹംഗറിയും. പെനൽറ്റികൾ കളി പറഞ്ഞ മത്സരത്തിലെ 2–2 സമനിലയോടെ ഫ്രാൻസും പോർച്ചുഗലും പ്രീക്വാർട്ടറിൽ. ക്രിസ്റ്റ്യാനോ റൊണാൾഡോ രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന ഇറാൻ സൂപ്പർതാരം അലി ദേയിയുടെ റെക്കോർഡിനൊപ്പമെത്തിയ മത്സരത്തിലാണ് പോർച്ചുഗൽ ഫ്രാൻസിനെ തളച്ചത്.

ഹംഗറിയോടു വഴങ്ങേണ്ടി വന്ന 2–2 സമനിലയോടെ ജർമനിയും പ്രീ ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. 2014ലെ ലോകകപ്പ് വിജയത്തിനു ശേഷം കപ്പിലേക്കു കപ്പലോടിക്കാൻ കഴിയാത്ത ദുർവിധി അവസാനിപ്പിക്കാൻ ജർമൻ കോച്ച് യൊക്കിം ലോയ്ക്ക് അവസാന അവസരം! ഈ ടൂർണമെന്റോടെ ലോ പടിയിറങ്ങുകയാണ്.

പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ 2 മിന്നൽ പെനൽറ്റികൾ വലകുലുക്കിയ കളിയിൽ, റയൽ മഡ്രിഡിലെ പഴയ സഹതാരം കരിം ബെൻസേമയും മോശമാക്കിയില്ല. ഫ്രാൻസിന്റെ 2 ഗോളുകളും ബെൻസേമയുടെ വകയാണ്. അതിലൊന്ന് പെനൽറ്റിയിൽനിന്നും.

മരണഗ്രൂപ്പ് എന്നു വിശേഷിപ്പിക്കപ്പെട്ട ഗ്രൂപ്പ് എഫിൽ സമനിലയാണെങ്കിലും നോക്കൗട്ടിലെത്താമെന്ന ഉറപ്പോടെയായിരുന്നു പോർച്ചുഗൽ കളിച്ചത്. ഫ്രാൻസിന് ഒരു വിജയം, 2 സമനില. ജർമനിക്കും പോർച്ചുഗലിന് ജയവും സമനിലയും ഓരോന്നു വീതം. ഹംഗറി പുറത്തായി.

അതേസമയം, മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ 2 വട്ടം ലീഡ് നേടിയ ഹംഗറിയെ പിടിച്ചുകെട്ടിയാണ് ജർമനി 2–2 സമനില സ്വന്തമാക്കിയത്. അദം സലായി (11), ആൻദ്രസ് ഷാഫർ (68) എന്നിവർ ഹംഗറിയുടെ ഗോളുകൾ നേടി. കായ് ഹാവേർട്സ് (66), ലിയോൺ ഗോരെറ്റ്സ്ക (84) എന്നിവർ ജർമനിക്കായി ഗോൾ മടക്കി. 

English Summary: Euro cup football - France, Portugal, Germany enters pre quarter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com