ADVERTISEMENT

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയർ ഹൈലൈറ്റ്സിൽ തീർച്ചയായും ഇടം പിടിക്കുന്ന ഒരു ഗോളുണ്ട്. 2018 ലോകകപ്പിൽ സ്പെയിനെതിരെ 88-ാം മിനിറ്റിൽ നേടിയ ഫ്രീകിക്ക് ഗോൾ. സ്പാനിഷ് ഡിഫൻഡർമാരായ സെർജിയോ റാമോസിന്റെയും ജെറാർദ് പിക്വെയുടെയുമെല്ലാം തലയ്ക്കു മുകളിലൂടെ ഗോൾവലയിൽ വന്നു പതിച്ച ആ ഗോൾ മറ്റൊരു വിചിത്രമായ റെക്കോർഡ് കൊണ്ടും ശ്രദ്ധേയമാണ്. ലോകകപ്പിലും യൂറോയിലുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ എടുത്ത 52 ഡയറക്ട് ഫ്രീകിക്കുകളിൽ ഗോളായ ഒരേയൊരെണ്ണമാണത്!

യൂറോയിൽ നിന്ന് പോർച്ചുഗൽ ഇത്തവണ നേരത്തെ മടങ്ങുമ്പോൾ ചർച്ചയാകുന്ന കാര്യങ്ങളിലൊന്നും ക്രിസ്റ്റ്യാനോയുടെ ഈ ഫ്രീകിക്ക് നിർഭാഗ്യം തന്നെ. ബൽജിയത്തിനെതിരെ കളിയിൽ പോർച്ചുഗലിനു കിട്ടിയ 2 ഫ്രീകിക്കുകൾ എടുത്തതും ക്രിസ്റ്റ്യാനോ . ആദ്യത്തേത് നേരെ ഗോൾകീപ്പർ തിബോ കോർട്ടോയുടെ കൈകളിലേക്ക്. രണ്ടാമത്തേത് ബൽജിയൻ പ്രതിരോധമതിലിൽ തട്ടിത്തകർന്നു. കരിയറിന്റെ തുടക്കം മുതൽ സെറ്റ്പീസ് സ്പെഷലിസ്റ്റായി അറിയപ്പെടുന്ന ക്രിസ്റ്റ്യാനോയും ഈ അമ്പരപ്പിക്കുന്ന കണക്കിൽ ശ്രദ്ധിക്കുന്നുണ്ടാകും. 

യൂറോകപ്പിലും ലോകകപ്പിലും ഫ്രീകിക്ക് നിർഭാഗ്യമുണ്ടെങ്കിലും ക്ലബ് കരിയർ കൂടി എടുത്താൽ ക്രിസ്റ്റ്യാനോയുടെ ഫ്രീകിക്ക് റെക്കോർഡ് മികച്ചതാണ്. കരിയറിലാകെ 56 ഫ്രീകിക്ക് ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. ഇതിൽ 32 എണ്ണം സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിനു വേണ്ടി നേടിയതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡ് ജഴ്സിയിൽ പതിമൂന്നും പോർച്ചുഗൽ ജഴ്സിയിൽ പത്തും ഫ്രീകിക്ക് ഗോളുകളാണ് ക്രിസ്റ്റ്യാനോ നേടിയത്. യുവെന്റസിനു വേണ്ടി ഒരെണ്ണം മാത്രം. 57 ഫ്രീകിക്ക് ഗോളുകൾ നേടിയ അർജന്റീന താരം ലയണൽ മെസ്സി ക്രിസ്റ്റ്യാനോയ്ക്ക് ഒരു ഗോൾ മുന്നിലാണ്. 

English Summary: Cristiano Ronaldo continued his abysmal free-kick record against Belgium

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com