ജർമനിയെ തകർത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിൽ; ഇംഗ്ലിഷ് ക്ലാസ്!

FBL-EURO-2020-2021-MATCH44-ENG-GER
യൂറോ കപ്പ് ഫുട്ബോളിൽ ജർമനിക്കെതിരെ ഗോൾ നേടിയ ശേഷം ഇംഗ്ലണ്ട് താരം റഹിം സ്റ്റെർലിങ്. ജർമനിയെ 2–0നു തോൽപിച്ച് ഇംഗ്ലണ്ട് ക്വാ‍ർട്ടർ ഫൈനലിലെത്തി. ചിത്രം: എപി
SHARE

ലണ്ടൻ ∙ ചരിത്രമുറങ്ങുന്ന വെംബ്ലി സ്റ്റേഡിയത്തെയും ഇരമ്പിയാർത്ത ആരാധകരെയും സാക്ഷിനിർത്തി ജർമൻ ഹൃദയത്തിലേക്ക് ഇംഗ്ലണ്ട് രണ്ടു തവണ നിറയൊഴിച്ചു. ചിരവൈരികളായ ജർമനിയുടെ പ്രതീക്ഷകൾ അതോടെ ചാമ്പലായി. പഴയ പല കണക്കുകൾക്കും പകരം വയ്ക്കാവുന്ന 2–0 വിജയത്തോടെ ഇംഗ്ലണ്ട് യൂറോ കപ്പ് ക്വാർട്ടർ ഫൈനലിലേക്ക്.

മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ് (75–ാം മിനിറ്റ്), ക്യാപ്റ്റനും ടോട്ടനം താരവുമായ ഹാരി കെയ്ൻ(86) എന്നിവരുടെ വകയായിരുന്നു ഇംഗ്ലണ്ടിന്റെ ഗോളുകൾ. തുടക്കം മുതൽ പലകുറി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാനാകാത്ത നിരാശയോടെ ജർമനി ടൂർണമെന്റിൽ നിന്നു പുറത്തായി. മൈതാനമധ്യത്തുനിന്ന് സ്റ്റെർലിങ് തുടങ്ങിയ നീക്കത്തിൽനിന്നാണ് ഇംഗ്ലണ്ട് ലീഡ് നേടിയത്. ഹാരി കെയ്നു പാസ് നൽകിയ സ്റ്റെർലിങ് ബോക്സിലേക്ക് ഓടിക്കയറി.

കെയ്നിൽനിന്നു പാസ് സ്വീകരിച്ച മാഞ്ചസ്റ്റർ യൂണൈറ്റഡ് താരം ലൂക്ക് ഷോ നൽകിയ ക്രോസിൽ സ്റ്റെർലിങ്ങിന്റെ വലംകാൽ ഷോട്ട് വലയിൽ കയറുമ്പോഴേക്കും വില്യം രാജകുമാരനും സൂപ്പർ താരം ഡേവിഡ് ബെക്കാമും പോപ് സംഗീതജ്ഞൻ എഡ് ഷീരനുമടങ്ങുന്ന ഇംഗ്ലിഷ് ആരാധകർ വിജയാരവം തുടങ്ങിയിരുന്നു (1–0). സമനില ഗോളിനായി ജർമനി ശ്രമക്കുന്നതിനിടെ ഇംഗ്ലണ്ട് അടുത്ത ഗോളും നേടി.

ജർമൻ സ്ട്രൈക്കർ സെർജി ഗനാബ്രിയിൽനിന്നു പന്ത് പിടിച്ചെടുത്ത ഇംഗ്ലിഷ് മിഡ്ഫീൽഡർ ലൂക്ക് ഷോയുടെ പാസ് ജർമൻ ബോക്സിനടുത്തു ജാക്ക് ഗ്രേയ്‌ലിഷിലേക്ക്. ഗ്രേയ്‌ലിഷിന്റെ ക്രോസിന് ഹാരി കെയ്ൻ തലവച്ചു. ജർമൻ ഗോൾ കീപ്പർ മാനുവൽ നോയർ ഒരിക്കൽക്കൂടി നിസ്സഹായനായി (2–0). രണ്ടാം പകുതിയിൽ രണ്ടു മികച്ച അവസരങ്ങൾ തുലച്ചതിനു ജർമനി നൽകേണ്ടി വന്നതു വലിയ വില. 81–ാം മിനിറ്റിൽ സ്ട്രൈക്കർ തോമസ് മുള്ളർ ഗോളെന്ന് ഉറപ്പിച്ച അവസരം പാഴാക്കി.

സ്വന്തം ഹാഫിൽനിന്നു മിഡ് ഫീൽഡർ കായ് ഹാവേർട്സ് നീട്ടിയ പാസുമായി കുതിച്ച മുള്ളർ ഇംഗ്ലിഷ് ഗോൾ കീപ്പർ ജോ‍ർഡൻ പിക്ഫോഡ് മാത്രം മുന്നിൽ നിൽക്കെ പുറത്തേക്കടിച്ചു. ഇടവേളയ്ക്കു പിന്നാലെ ഇംഗ്ലിഷ് ബോക്സിനരികിൽ നിന്ന് ഹാവേർട്സ് തൊടുത്ത ഹാഫ് വോളി പിക്ഫോഡ് അക്രോബാറ്റിക് പ്രകടനത്തിലൂടെ തട്ടിയകറ്റിയതും അന്തിമഫലത്തിൽ നിർണായകമായി.

ഒഴുക്കുള്ള മുന്നേറ്റങ്ങൾ ഒട്ടേറെ പിറന്നെങ്കിലും ആദ്യ പകുതിയിൽ നിർണായകമായ ഫൈനൽ ടച്ച് മാത്രം സംഭവിച്ചില്ല. ജർമൻ മുന്നേറ്റങ്ങൾ അലയടിച്ച ആദ്യ നിമിഷങ്ങളിൽ അൽപനേരം അമ്പരന്നു നിന്ന ഇംഗ്ലണ്ട് പതിയെ താളം വീണ്ടെടുത്തതോടെ ഇരു ഗോൾകീപ്പർമാർക്കും ഉദ്വേഗത്തിന്റെ മുഹൂർത്തങ്ങളുണ്ടായി. ലിയോൺ ഗോരെറ്റ്സ്കയും ഹാവേർട്സും ഇംഗ്ലിഷ് പ്രതിരോധത്തിന്റെ കരുത്ത് തുടക്കത്തിൽത്തന്നെ പരീക്ഷിച്ചു.

പിന്നാലെ ഹാരി മഗ്വയറും സ്റ്റെർലിങ്ങും തുടരെ ഗോളവസരങ്ങൾ സൃഷ്ടിച്ചതോടെ ജർമൻ ഡിഫൻഡർമാർക്കു പിടിപ്പതു ജോലിയായി. സ്റ്റെർലിങ്ങും ബുകായോ സാക്കയും നടത്തിയ മിന്നൽ നീക്കങ്ങളുടെ മുനയൊടിക്കാൻ അവർ പാടുപെട്ടു. 32–ാം മിനിറ്റിൽ ചെൽസി താരം ടിമോ വെർനർ ജർമനിയെ മുന്നിലെത്തിക്കുന്നതിനു തൊട്ടടുത്തെത്തിയെങ്കിലും ഇംഗ്ലണ്ടിന്റെ കാവൽക്കാരൻ പിക്ഫോഡ് വിലങ്ങുതടിയായി. ആദ്യ പകുതി അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ശേഷിക്കെ ജർമൻ ബോക്സിൽ ഹാരി കെയ്നിന്റെ കാലിൽ പന്തെത്തും മുൻപ് അടിച്ചകറ്റിയ മാറ്റ്സ് ഹമ്മൽസ് ജർമനിയെ കഷ്ടിച്ചു രക്ഷിച്ചു.

English Summary: England advances to quarter final defeating germany 2-0 in the UEFA EURO 2020

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA