കരുത്ത് വീണ്ടെടുത്ത് ക്യാപ്റ്റൻ വരുന്നു; ‘ഹരിക്കെയ്നാ’കുമോ ഹാരി കെയ്ൻ!

harry-kane
ഹാരി കെയ്ൻ
SHARE

അപ്രതീക്ഷിതമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റു പോലെയാണ് ഇംഗ്ലണ്ടിന്റെ ഫുട്ബോൾ ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ. യൂറോ കപ്പിൽ സെമിയിലെത്തി നിൽക്കുന്ന ടീമിന്റെ കിരീട പ്രതീക്ഷകൾ ഹാരിയുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. ബുദ്ധി കൊണ്ടു കളിക്കുകയും ടീമിനെ നയിക്കുകയും ചെയ്യുന്ന ഈ സൗമ്യതാരം ഫോമിൽ തിരിച്ചെത്തിയതും ആരാധകരുടെ മനം നിറയ്ക്കുന്നു.

യൂറോ കപ്പിലെ ആദ്യ ഘട്ടത്തിൽ ഗോളടിക്കാതെയും ഉറച്ച അവസരങ്ങൾ പാഴാക്കിയും പഴി കേട്ട ഹാരി കെയ്ൻ കൃത്യസമയത്തു ഫോമിലെത്തിയത് സെമിഫൈനൽ പോരാട്ടത്തിൽ ടീമിനു വലിയ ശക്തിയാണ്. പൊരുതിയെത്തിയ ഡെന്മാർക്കാണ് സെമിഫൈനൽ എതിരാളി.

യൂറോ കപ്പ് പോരാട്ടത്തിൽ ഇംഗ്ലിഷ് നിരയ്ക്കായി മൂന്നു ഗോളുകളാണ് കെയ്നിന്റെ പേരിൽ പിറന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു കളികളിൽ രണ്ടു ജയവും ഒരു സമനിലയുമായി നോക്കൗട്ടിലെത്തിയ ഇംഗ്ലണ്ട് ഗോളടയിലെ മൂർച്ചയില്ലായ്മയുടെ പേരിൽ നന്നായി പഴി കേട്ടിരുന്നു. ആദ്യ കളിയിൽ 1–0ന് ക്രൊയേഷ്യയെ തോൽ‌പിച്ചു. അടുത്ത കളിയിൽ സ്കോട്ട്ലൻഡിനോട് ഗോളില്ലാ സമനില. അവസാന മത്സരത്തിൽ ചെക് റിപ്പബ്ലിക്കിനോട് 1–0 നു ജയം. കിരീടം കൊതിച്ചെത്തിയ ഒരു ടീമിൽ നിന്ന് ആരാധകർ പ്രതീക്ഷിച്ച പ്രകടനമായിരുന്നില്ല ഇത്.

harry-kane-1248

മൂന്നു കളിയിൽ അടിച്ചതു രണ്ടേ രണ്ടു ഗോളുകൾ. ഗോളൊന്നും വഴങ്ങിയില്ല എന്ന ആശ്വാസമുണ്ടെങ്കിലും മറ്റു ടീമുകൾ ഗോളടിച്ചു തെളിയുന്നതു കാണുമ്പോൾ ഇംഗ്ലിഷ് ആരാധകർക്കെങ്ങനെയാണ് ആശ്വസിക്കാനാകുക. ഇതിലുമേറെയായിരുന്നു കെയ്നിന്റെ പേരിൽ ഗോളുകളൊന്നും കുറിക്കപ്പെട്ടില്ലെന്ന സങ്കടവും. ഗോൾ പോസ്റ്റിനു മുന്നിൽ ഫിനിഷിങ് പിഴച്ച് ഹാരി കാഴ്ചക്കാരനായ നിമിഷങ്ങൾ ആരാധകരുടെ ചങ്കു തകർത്തു. ലക്ഷ്യത്തിലേക്കു പന്തു പായിക്കാനാകാതെ ക്യാപ്റ്റൻ വലഞ്ഞതു സങ്കടക്കാഴ്ചയായി.

∙ കാത്തുവച്ചത് നോക്കൗട്ടിലേക്ക്...

അപ്പോഴൊക്കെയും ഒരു കൊടുങ്കാറ്റ് രൂപപ്പെടുന്നുണ്ടായിരുന്നു ഇംഗ്ലിഷ് ക്യാപ്റ്റന്റെയുള്ളിൽ. ഏറ്റവും ആവശ്യമായ സമയത്ത് പ്രതിബന്ധങ്ങളെയെല്ലാം കടപുഴക്കുന്ന ആ ‘ഹരിക്കെയ്നി’ന്റെ ശക്തി പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ എതിരാളികൾ അനുഭവിച്ചു. പ്രീ ക്വാർട്ടറിൽ ജർമനിയോട് 2–0നു ജയിച്ചപ്പോൾ ഒരു ഗോളും ക്വാർട്ടറിൽ യുക്രെയ്നിനെ എതിരില്ലാത്ത നാലു ഗോളുകൾക്കു തകർത്തപ്പോൾ രണ്ടു ഗോളുകളും കെയ്നിന്റെ പ്രതിഭയുടെ പേരിൽ ചാർത്തപ്പെട്ടു. രണ്ടു കളികളിൽ ടീം നേടിയ ഗോളുകളുടെ നേർപകുതി.

England team

ഇനി ഇംഗ്ലണ്ടിന് അവശേഷിക്കുന്നത് രണ്ടു കളികൾ. സെമിയിൽ ഡെന്മാർക്കിനെ മറികടന്നാൽ ഇറ്റലി– സ്പെയിൻ വിജയികളുമായി കലാശപ്പോരാട്ടം. കെയ്നിന്റെ ഫോം തുടർന്നാൽ കാലങ്ങൾക്കുശേഷം ഒരു കിരീടജയമെന്ന അത്യാഹ്ലാദത്തിലേക്കാകും ഇംഗ്ലണ്ട് പറന്നുകയറുക.

കിരീടം മാത്രമല്ല  ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ടും കെയ്ൻ നേടുമെന്ന് ആരാധകരിൽ ഒരു വിഭാഗം കരുതാനുള്ള കാരണം പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും ഗോൾ നേടാൻ കാണിച്ച ആ ആവേശം കണ്ടാണ്. ഗോളില്ലായ്മയുടെ വറുതിക്കാലം ജർമനിക്കെതിരായ ഗോളിലൂടെ മറികടന്ന കെയ്ൻ കൂടുതൽ അപകടകാരിയാണ്. യഥാർഥ പ്രതിഭകൾ വലിയ മത്സരങ്ങളിൽ മികവു കാട്ടുന്നവരാണ് എന്നതു കെയ്നും തെളിയിച്ചാൽ ഇക്കുറി യൂറോ കപ്പ് ഇംഗ്ലിഷ് നിര ഏറ്റുവാങ്ങും. 

∙ ടോട്ടനത്തിന്റെ മുത്ത്

ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ ടോട്ടനത്തിന്റെ വിശ്വസ്തനാണ് ഈ ഇരുപത്തിയേഴുകാരൻ. ടോട്ടനം ഹോട്സ്പറിന്റെ കളരിയിൽ വളർന്ന താരം അവരുടെ ടീമുകളിലൂടെയാണ് പ്രതിഭാ വിലാസം കാട്ടിയത്. പിന്നീട് ഇംഗ്ലണ്ടിന്റെ അണ്ടർ 17, അണ്ടർ 19, അണ്ടർ 20, അണ്ടർ 21 ടീമുകളിലും ഇടം നേടി. 2009ൽ  16–ാം വയസ്സിൽ ടീമിന്റെ സീനിയർ നിരയിൽ ഇടംപിടിച്ചു.

ഇടയ്ക്ക് വായ്പാ അടിസ്ഥാനത്തിൽ നോർവിച്ച് സിറ്റി, ലെസ്റ്റർ സിറ്റി അടക്കമുള്ള ടീമുകൾക്കായും ബുട്ടുകെട്ടി. ടോട്ടനത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയവരിൽ രണ്ടാം സ്ഥാനത്താണിപ്പോൾ കെയ്ൻ. ലീഗിൽ 2016, 17, 21 സീസണുകളിൽ ടോപ് സ്കോററും മറ്റാരുമായിരുന്നില്ല. 2017–18 സീസണിൽ 48 കളിയിൽ 41 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 

∙ 2018ൽ ദേശീയ ടീം നായകൻ

2015ൽ ആദ്യമായി ഇംഗ്ലണ്ട് ദേശീയ നിരയിൽ ഇടം;  2018ൽ ക്യാപ്റ്റനുമായി. 2018 ലോകകപ്പിൽ ഇംഗ്ലണ്ടിനെ നാലാം സ്ഥാനക്കാരാക്കുന്നതിൽ ഈ പ്രതിഭ വഹിച്ച പങ്കു ചെറുതല്ല. ആറു ഗോളുകൾ നേടിയ കെയ്നായിരുന്നു ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. 86 ൽ സൂപ്പർ താരം ഗാരി ലിനേക്കർക്കു ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇംഗ്ലിഷ് താരം.

FBL-EURO-2020-2021-MATCH44-ENG-GER

ഇവിടെയും സുവർണ പാദുകത്തിന് അവകാശിയാകാനുള്ള ശ്രമത്തിലാണ് കെയ്ൻ. മുന്നിലുള്ളത് 5 ഗോൾ‌ വീതമുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയും (പോർച്ചുഗൽ), പാട്രിക് ഷിക്കും (ചെക് റിപ്പബ്ലിക്). പക്ഷേ രണ്ടു ടീമുകളും പുറത്തായിക്കഴിഞ്ഞു നാലു ഗോൾ നേട്ടവുമായി മൂന്നു താരങ്ങൾ വേറെയും. ഇപ്പോൾ രംഗത്തുള്ള ടീമുകളിൽ ഹാരി കെയ്നിനൊപ്പെം സഹതാരം റഹീം സ്റ്റെർലിങ്ങും ഡെന്മാർക്കിന്റെ കാസ്പെർ ഡോൾബെർഗുമുണ്ട് മൂന്നു ഗോൾ നേട്ടത്തിൽ. 

25 വർഷത്തിനു ശേഷമാണ് ഇംഗ്ലണ്ട് യൂറോ കപ്പ് സെമിയിലെത്തുന്നത്. ആ നേട്ടം ഫൈനലിലേക്കും കിരീടത്തിലേക്കും എത്തുമെന്ന പ്രതീക്ഷയ്ക്കു കരുത്തു പകരുകയാണ് കെയ്നിന്റെ 2 മത്സങ്ങളിലെ പ്രകടനം. ഈ 28നാണ് താരത്തിന്റെ 28–ാം ജന്മദിനം. ആ ജന്മദിനത്തിലേക്ക് മുൻകൂർ സമ്മാനമായി യൂറോ കപ്പ് എത്തുമോ എന്നു കാണാൻ ഇനി ദിവസങ്ങൾ മാത്രം. 

∙ ടെഡി ഷെറിങ്ങാം, റൊണാൾഡോ

മുൻ ഇംഗ്ലണ്ട് താരവും കോച്ചുമായ ടെഡി ഷെറിങ്ങാമാണ് കെയ്നിന്റെ ആരാധനാമൂർത്തി. ബ്രസീലിന്റെ മുൻതാരം റൊണാൾഡോയുടെ കളിയും ഹൃദയപക്ഷത്തുണ്ട്. യുട്യൂബിൽ‌ റൊണാൾഡോയുടെ കളി കണ്ടാണ് തനിക്കൊരു ഗോൾ സ്കോററാകണമെന്ന് ഹാരി സ്വയം പറഞ്ഞുകൊണ്ടിരുന്നത്. ദേശീയ ടീമിനായി 59 കളികളിൽനിന്നായി 37 ഗോളുകൾ നേടി ആ സ്വപ്നത്തിനു തിളക്കം കൂട്ടുന്നുണ്ട് ഇംഗ്ലണ്ടിന്റെ സ്വന്തം കൊടുങ്കാറ്റ്. 

English Summary: Can Harry Kane Continue His Goal Scoring Run Against Denmark

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA