sections
MORE

പെനൽറ്റി ഷൂട്ടൗട്ടിൽ അസൂറിക്കരുത്ത്; സ്പെയിനെ വീഴ്ത്തി ഇറ്റലി ഫൈനലിൽ

HIGHLIGHTS
  • ഇറ്റലി – 4, സ്പെയിൻ – 2
  • നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം (1–1)
italy-celebration
ഫൈനൽ ഉറപ്പിച്ചപ്പോൾ ഇറ്റാലിയൻ താരങ്ങളുടെ ആഹ്ലാദം (യുവേഫ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ലണ്ടൻ ∙ ഇതിലും മികച്ചൊരു ഫൈനൽ റിഹേഴ്സൽ ഇറ്റലിക്കു കിട്ടാനില്ല! കളിയിലുടനീളം പന്തിനു കാവൽ നിന്ന സ്പെയിനെ ഷൂട്ടൗട്ടിൽ മറികടന്ന് ഇറ്റലി യൂറോ കപ്പ് ഫുട്ബോൾ ഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും കളി 1–1 സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ഇറ്റാലിയൻ താരം മാനുവൽ ലൊകാറ്റെല്ലിക്കും സ്പെയിൻ താരം ഡാനി ഒൽമോയ്ക്കും ആദ്യ കിക്ക് പിഴച്ചതോടെ വീണ്ടും തുല്യതയിൽ. കളിയിൽ സ്പെയിനിന്റെ സമനില ഗോൾ നേടിയ അൽവാരോ മൊറാത്തയുടെ 4–ാം കിക്ക് ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡൊന്നാരുമ്മ സേവ് ചെയ്തതോടെ ഇറ്റലിയുടെ 5–ാം കിക്ക് നിർണായകം. ജോർജീഞ്ഞോ അനായാസം ലക്ഷ്യം കണ്ടതോടെ ഇറ്റലി ഫൈനലിലേക്ക്.

നേരത്തേ, ഫെഡറിക്കോ കിയേസയുടെ 60–ാം മിനിറ്റിലെ ഗോളിൽ ഇറ്റലി മുന്നിലെത്തിയെങ്കിലും 80–ാം മിനിറ്റിൽ മൊറാത്തയിലൂടെ തിരിച്ചടിച്ചാണ് സ്പെയിൻ കളി ഷൂട്ടൗട്ട് വരെയെത്തിച്ചത്. ഇംഗ്ലണ്ട്–ഡെൻമാർക്ക് രണ്ടാം സെമിഫൈനൽ മത്സരവിജയികളെ ഞായറാഴ്ച ഫൈനലിൽ ഇറ്റലി നേരിടും. ചരിത്രത്തിലാദ്യമായാണ് സ്പെയിൻ ഒരു പ്രധാന ടൂർണമെന്റിന്റെ (ലോകകപ്പ്/യൂറോ കപ്പ്) സെമിയിൽ തോൽക്കുന്നത്. ഇതിനു മുൻപ് കളിച്ച അഞ്ച് സെമി ഫൈനലുകളും ജയിച്ച് അവർ ഫൈനലിലെത്തി.

ബൽജിയത്തിനെതിരെ പരുക്കേറ്റ വിങ്ബായ്ക്ക് ലിയനാർഡോ സ്പിനസോളയ്ക്കു പകരം എമേഴ്സനെയാണ് ഇറ്റലി ഇറക്കിയത്. എന്നാൽ സ്പിനസോളയുടെ കുതിപ്പും വേഗവും ഇറ്റലി ശരിക്കും മിസ് ചെയ്തു. സ്പാനിഷ് പ്രതിരോധം അങ്കലാപ്പോടെ കളിച്ചിട്ടും ഇറ്റലിക്കു മുതലെടുക്കാനായില്ല. തുടക്കത്തിൽ തന്നെ ബാരെല്ലയും ഇമ്മൊബിലെയും ഓഫ്സൈഡിൽ കുരുങ്ങുകയും ചെയ്തു. ഇറ്റലി പരുങ്ങിയതോടെ സ്പെയിൻ കളിയുടെ നിയന്ത്രണം ഏറ്റെടുത്തു.

അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുന്നേറ്റനിരയ്ക്കു മൂർച്ചയില്ലാതെ പോയത് അവർക്കും തിരിച്ചടിയായി. ഡാനി ഒൽമോ ഉജ്വലമായി കളിച്ചെങ്കിലും, മൊറാത്തയും സരാബിയയും പുറത്തിരുന്നതോടെ ആദ്യ ഇലവനിൽ അവസരം കിട്ടിയ മിക്കൽ ഒയർസബാൽ പരാജയമായി.

രണ്ടാം പകുതിയിൽ കിട്ടിയ ആദ്യഅവസരം തന്നെ ഇറ്റലി മുതലെടുത്തു. ആൽബയുടെ ക്രോസ് പിടിച്ചെടുത്ത് ഗോൾ‌കീപ്പർ ഡൊന്നാരുമ്മ തുടക്കമിട്ട പ്രത്യാക്രമണത്തിൽ പന്ത് വലതുപാർശ്വത്തിൽ വെരാറ്റിക്ക്. ഇമ്മൊബിലെയ്ക്കു പാസ്. ലപോർട്ടിന്റെ ടാക്കിൾ ഫലിച്ചെങ്കിലും പന്തു കിട്ടിയില്ല. ഓടിയെത്തിയ കിയേസ ഒറ്റ ടച്ചിൽ പാകപ്പെടുത്തി പായിച്ച ഷോട്ടിനു മുന്നിൽ സ്പാനിഷ് ഗോൾകീപ്പർ ഉനായ് സിമോൺ നിസ്സഹായനായി.

ഗോൾ മടക്കാനുള്ള പദ്ധതി സ്പെയിൻ അടുത്ത മിനിറ്റിൽ തന്നെ തുടങ്ങി– ഫെറാൻ ടോറസിനു പകരം മൊറാത്ത. 80–ാം മിനിറ്റിൽ മൊറാത്ത ലക്ഷ്യം കണ്ടു. ഒൽമോയുമൊത്ത് മുന്നേറിയ മൊറാത്ത ബോക്സിനുള്ളിൽ പന്ത് കാൽ മാറി. ഇടത്തേക്കു ഡൈവ് ചെയ്ത ഡൊന്നാരുമ്മയെ കാഴ്ചക്കാരനാക്കി പുറംകാൽ ഷോട്ട്. സ്കോർ 1–1.

English Summary: UEFA EURO 2020 Semi-Finals, Italy vs Spain Live Score

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നിറപ്പെയ്ത്തായി തുലാമഴ; അണനിറയുന്ന ആശങ്ക, മുല്ലപ്പെരിയാറിലെന്ത്?

MORE VIDEOS
FROM ONMANORAMA