ADVERTISEMENT

മെസ്സിയെന്ന 'മിശിഹാ' നിറംമങ്ങിയപ്പോള്‍ വിശുദ്ധരു‌ടെ നാമം ചേരുന്ന 2 'ഡി'മാര്‍ 'യഥാര്‍ഥ മിശിഹാമാരായി' മാറി അര്‍ജന്റീനയുടെ നീലാകാശം കാത്തു. നീലപ്പടയുടെയും ലയണല്‍ മെസ്സിയുട‌െയും കിരീടവരള്‍‌‌ച്ചയ്ക്ക് അറുതിവന്നത് ഈ ‘ഡബിള്‍ ഡി ഇഫക്റ്റി’ലൂടെയാണ്. ബ്രസീലിനെ തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക ഫുട്ബോള്‍ കിരീടം നേടിക്കൊടുത്തത് എയ്ഞ്ചല്‍ ഡി മരിയ എന്ന 'മാലാഖ'യുടെ ഏകഗോളായിരുന്നുവെങ്കിൽ, അതിന് വഴിയൊരുക്കിയ മറ്റൊരു ‘ഡി’യാണ്; റോഡ്രിഗോ ഡി പോൾ!

ആ ഗോളിന്റെ യഥാര്‍ഥ അവകാശി ഡി പോളാണെന്നും വേണമെങ്കില്‍ വിശേഷിപ്പിക്കാം. ഇറ്റാലിയന്‍ ക്ലബ് ഉഡിനസിന്റെ താരമായ ഡി പോള്‍ സ്വന്തം പെനല്‍റ്റി ബോക്സിനു തൊട്ടുപുറത്തുനിന്ന് തൊടുത്ത വലംകാലന്‍ ലോബിനെ വെറും അസിസ്റ്റ് എന്ന ഗണത്തില്‍ മാത്രം ഒതുക്കാനാവില്ല. ആ പെര്‍ഫെക്ട് ലോങ് ബോളാണ് പാരിസ് സെന്റ് ജര്‍മന്‍ താരമായ ഡി മരിയയുടെ ഇ‌ടംകാലന്‍ ചിപ്പിലൂടെ ബ്രസീലിയന്‍ ഗോളി എഡേഴ്സണിനെയും മറിക‌ടന്ന് വലയില്‍ കയറിയത്. അര്‍ജന്റീനയിലെ റൊസാരിയോയില്‍ പിറന്ന മാലാഖയില്‍നിന്ന് സ്വന്തം നാട്ടുകാരനായ യഥാര്‍ഥ മിശിഹായ്ക്കുള്ള രാജ്യാന്തര സമ്മാനം...!

യൂറോ കപ്പില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്ക് നേടിയ ലോങ് റേഞ്ച് ഗോളിനെ അനുസ്മരിപ്പിച്ചു ഡി പോളിന്റെ നീളന്‍ ലോബ്. ഷിക്ക് 45.44 മീറ്റര്‍ ദൂരെനിന്നെ‌ടുത്ത ആ ഷോട്ട് നേരെ സ്കോട്‌ലന്‍ഡിന്റെ വലയില്‍ പതിച്ചപ്പോള്‍, ഡി പോളിന്റെ ലോബ് ഗോളിലേക്കുള്ള വഴിതെളിച്ചു. ദേശീയ ജഴ്സിയിൽ ആദ്യ രാജ്യാന്തര കിരീടം നെഞ്ചിലേറ്റുമ്പോള്‍ നായകന്‍ മെസ്സിക്ക് സ്വന്തമായി ഒരു ഗോള്‍ നേ‌ടി ഇരട്ടിമധുരം ആസ്വദിക്കാനായില്ലെന്ന വിഷമം ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളുക..?

∙ എത്താമായിരുന്നു പെലെയ്‌ക്കൊപ്പം

മെസ്സീ.. എങ്ങനെയാണ് ആ പന്ത് താങ്കള്‍ക്ക് മിസ്സായത്.. ആ പന്ത് വലയില്‍ കയറാതെ പോയത്..? അവിശ്വസനീയതയോടെയല്ലാതെ ഫുട്ബോള്‍ ലോകം ആ കാഴ്ച കണ്ടിരിക്കില്ല. കളിയുടെ അവസാനനിമിഷം മെസ്സിക്ക് ലഭിച്ച പന്തിനെ സുവര്‍ണാവസരം എന്നല്ല പറയേണ്ടത്, അതിനുമപ്പുറം എന്തെങ്കിലുമുണ്ടെങ്കില്‍ അതായിരുന്നു ആ നിമിഷം. ഉറപ്പിച്ച രണ്ടാം ഗോള്‍. ബ്രസീലിയന്‍ ഗോളി മാത്രം മുന്നില്‍നില്‍ക്കേ പോസ്റ്റിനരികില്‍ ഒരു ഡ്രിബിളിങ്ങിനുകൂടി ശ്രമിച്ചതെന്തിനാണാവോ..? അറിയില്ല.. അർധാവസരങ്ങള്‍പോലും ഗോളാക്കിമാറ്റുന്ന ലയണല്‍ എന്ന ലയണ്‍ അതിസമ്മര്‍ദത്തിന് അടിപ്പെട്ടോ..? പക്ഷേ അതിനു തരമില്ലല്ലോ.. ഒരു ഗോള്‍ ലീഡും കളിയുടെ അവസാനനിമിഷവുമായിരുന്നില്ലേ.. എന്നിട്ടും..? അറിയില്ല.

പക്ഷേ മറ്റൊരു സുവര്‍ണനേട്ടത്തിനുള്ള അവസരമാണ് ആ ഗോള്‍ നഷ്ടത്തോടെ മെസ്സിക്ക് മിസ്സായത്. പെലെയുടെ ഗോള്‍നേട്ടത്തിനൊപ്പം എത്താനുള്ള അവസരം. കറുത്തമുത്തിന്റെ രാജ്യാന്തര ഗോള്‍നേട്ടം 77 ആണ്. മെസ്സി 76 ല്‍ എത്തിനില്‍ക്കുന്നു. 4 ഗോളും 5 അസിസ്റ്റുമായി (ഏഴു മത്സരത്തില്‍നിന്ന്) അര്‍ജന്റീന നായകന്‍ കോപ്പയിലെ ടോപ് സ്കോററും മികച്ച താരവുമായി മാറിയെങ്കിലും ബ്രസീലിന്റെ സ്വന്തം മാറക്കാനയില്‍ അവരുടെയും ലോകത്തിന്റെയും ഇതിഹാസതാരത്തിനൊപ്പം എത്താനുള്ള അവസരമാണ് നഷ്ടപ്പെട്ടത്.

∙ നിറഞ്ഞുകളിച്ച് ഫൗള്‍

കോപ്പ ഫൈനലില്‍ ആരാണ് ശരിക്കും കളിച്ചത്? താരങ്ങളോ ഫൗളോ..? കളികണ്ടവര്‍ ഇങ്ങനെ ചോദിച്ചാല്‍ അദ്ഭുതമില്ല. കളിയുടെ 80 മിനിറ്റിനു മുന്‍പ് വരെയുള്ള ഫൗളുകള്‍ മാരകമല്ലായിരുന്നെങ്കില്‍ പിന്നീടുള്ളത് സമ്മര്‍ദത്തിന‌ടിപ്പെട്ട ഉഗ്രന്‍ 'കാല്‍വയ്പുകളും' കയ്യാങ്കളിയുടെ രൂപത്തിലുമായി. ബ്രസീല്‍ 22 ഫൗള്‍ ചെയ്തപ്പോള്‍ അര്‍ജന്റീന 19 തവണ ക‌ടുത്ത 'ന‌പടികളിലേക്കു' കടന്നു. അര്‍ജന്റീനയുടെ 5 താരങ്ങള്‍ മഞ്ഞക്കാര്‍ഡ് കണ്ടപ്പോള്‍ ബ്രസീല്‍ അത് 4 ല്‍ ഒതുക്കി.

ബോള്‍ പൊസഷനില്‍ ബ്രസീലിനായിരുന്നു മുന്‍തൂക്കം - 59 ശതമാനം. 41 ശതമാനമായിരുന്നു അര്‍ജന്റീനയ്ക്ക്. നിരന്തരം കളംനിറഞ്ഞ ഫൗളില്‍ കളിയുടെ താളം മുറിഞ്ഞപ്പോള്‍ സ്വപ്നഫൈനലിന്റെ അഴകും കുറഞ്ഞോ..?

∙ ഫൗളില്‍ മുന്നില്‍ കൊളംബിയ

 കോപ്പയില്‍ ഏറ്റവും കൂടുതല്‍ ഫൗള്‍ ചെയ്തുകൂട്ടിയത് കൊളംബിയയാണ് - 123 എണ്ണം. തൊട്ടുപിന്നില്‍ അര്‍ജന്റീനയുണ്ട് - 98. മറ്റു ടീമുകളുടെ കണക്ക് ഇങ്ങനെ. പെറു - 95, ബ്രസീല്‍ - 92, പാരഗ്വായ് - 78, ഇക്വഡോര്‍ - 76, ചിലെ - 65, യുറഗ്വായ് - 64, വെനസ്വേല - 52, ബൊളീവിയ - 36. 

English Summary: Angel Di Maria, Rodrigo De Paul Combination Helps Argentina Win Copa America 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com