ADVERTISEMENT

റിയോ ഡി ജനീറോ∙ കോപ്പ അമേരിക്ക ഫൈനലിനു പിന്നാലെ ഫുട്ബോൾ ലോകത്തിന്റെ മനം കവർന്ന് അർജന്റീന താരങ്ങൾക്കൊപ്പം ‘സൊറ പറഞ്ഞിരിക്കുന്ന’ ബ്രസീൽ സൂപ്പർതാരം നെയ്മറിന്റെ ദൃശ്യം. പരുക്കൻ അടവുകൾ ധാരാളം കണ്ട കലാശപ്പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് അർജന്റീന ബ്രസീലിനെ തോൽപ്പിച്ചത്. ഇടയ്ക്ക് കയ്യാങ്കളിയുടെ വക്കിലെത്തിയ മത്സരത്തിനു തൊട്ടുപിന്നാലെയാണ് ഇരു ടീമുകളിലെയും താരങ്ങൾ ഒരുമിച്ചിരുന്ന് തമാശ പറയുന്ന ഈ രംഗം!

മാറക്കാന സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിന്റെ 22–ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയ നേടിയ ഗോളാണ് അർജന്റീനയ്ക്ക് കിരീടം സമ്മാനിച്ചത്. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ഗോൾ നേടുന്നതിൽ പരാജയപ്പെട്ടതോടെയാണ് ബ്രസീലിന് കിരീടം നഷ്ടമായത്.

മത്സരത്തിൽ ബ്രസീൽ താരം നെയ്മർ പലതവണ കടുത്ത ഫൗളിന് വിധേയനായിരുന്നു. ഒരു തവണ നെയ്മറിനെതിരായ അർജന്റീന താരത്തിന്റെ ഫൗൾ ഇരു ടീമുകളും ചേരിതിരിഞ്ഞ് കയ്യാങ്കളിയുടെ വക്കിലുമെത്തിച്ചു. മത്സരം തോറ്റശേഷം നെയ്മർ കണ്ണീരോടെയാണ് മൈതാനത്തിരുന്നത്. അർജന്റീന പരിശീലകൻ ലയണൽ സ്കലോനി, അർജന്റീന സൂപ്പർതാരം ലയണൽ മെസ്സി, വിനീസ്യൂസ് ജൂനിയർ ഉൾപ്പെടെ ബ്രസീൽ ടീമിലെ സഹതാരങ്ങൾ തുടങ്ങിയവർ നെയ്മറിനെ ആശ്വസിപ്പിക്കുന്നത് കാണാമായിരുന്നു.

എന്നാൽ, മത്സരവും പുരസ്കാര ദാനവുമെല്ലാം കഴിഞ്ഞ് ഇതേ എതിരാളികൾക്കൊപ്പം മൈതാനത്തിരുന്ന് സംഭാഷണം നടത്തുന്ന നെയ്മറിന്റെ പുതിയ വിഡിയോയും ആരാധകർ ഏറ്റെടുത്തു. ജഴ്സിയൂരി ലയണൽ മെസി, ഫ്രഞ്ച് ക്ലബ് പിഎസ്ജിയിൽ സഹതാരമായ ലിയാൻദ്രോ പരേദസ് എന്നിവർക്കൊപ്പമിരുന്ന് നെയ്മർ സംസാരിക്കുന്നതാണ് വിഡിയോയിലുള്ളത്.

പരുക്കൻ അടവുകൾ ഏറെ കണ്ട മത്സരത്തിനൊടുവിൽ എതിരാളികൾക്കു നടുവിലിരുന്ന് ചിരിച്ചുല്ലസിച്ച് വർത്തമാനം പറയുന്ന നെയ്മറിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിന് കയ്യടിക്കുകയാണ് കായികലോകം. നെയ്മറിനൊപ്പം ചേർന്ന് മെസ്സി ഉൾപ്പെടെയുള്ള അർജന്റീന താരങ്ങൾക്കും!

English Summary: Lionel Messi, Neymar Friendship Moments After Copa America Final

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com