ADVERTISEMENT

ലണ്ടൻ∙ കോപ്പ അമേരിക്ക ഫുട്ബോളിൽ അർജന്റീന കിരീടവു‌ം അവരുടെ സൂപ്പർതാരം ലയണൽ മെസ്സി കൂടുതൽ ഗോളുകളുമായി ടൂർണമെന്റിന്റെ സുവർണ പാദുകവും സ്വന്തമാക്കുമ്പോൾ, ഇങ്ങ് യൂറോ കപ്പിൽ പോർച്ചുഗലിന് കിരീടമില്ലെങ്കിലും അവരുടെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തീരെ മോശമാക്കാനൊക്കുമോ? ടൂർണമെന്റിൽ നോക്കൗട്ടിലെ ആദ്യ മത്സരത്തിൽത്തന്നെ പോർച്ചുഗൽ വീണുപോയെങ്കിലും, ടൂർണമെന്റിന്റെ ടോപ് സ്കോറർ നേട്ടം സ്വന്തമാക്കാൻ റൊണാൾഡോയ്ക്ക് അത്രയും മത്സരങ്ങൾ തന്നെ ധാരാളമായിരുന്നു. ഇംഗ്ലണ്ടിനെ വീഴ്ത്തി ഇറ്റലി യൂറോ കപ്പുമായി പറക്കുമ്പോൾ, ടൂർണമെന്റിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി!

ടൂർണമെന്റിൽ വെറും നാലു മത്സരങ്ങൾ മാത്രം കളിച്ചാണ് റൊണാൾഡോ യൂറോയിലെ ടോപ് സ്കോറർ പട്ടം സ്വന്തമാക്കിയത്. ആകെ അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോയ്‌ക്കൊപ്പം ചെക്ക് റിപ്പബ്ലിക്കിന്റെ പാട്രിക് ഷിക്കിനും അഞ്ച് ഗോളുകളുണ്ടായിരുന്നെങ്കിലും, ഒരു അസിസ്റ്റ് കൂടിയുള്ളതിന്റെ മികവിലാണ് റൊണാൾഡോ ഗോൾഡൻ ബൂട്ട് നേടിയത്. കോപ്പ അമേരിക്കയിൽ ഏഴു മത്സരങ്ങളിൽനിന്ന് നാലു ഗോളടിച്ചാണ് മെസ്സി ടോപ് സ്കോററിനുള്ള ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത്. ചിലെ, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെ ഫ്രീകിക്കിൽനിന്ന് ഗോൾ നേടിയ മെസ്സി, ബൊളീവിയയ്‌ക്കെതിരെ ഇരട്ടഗോളും നേടി. കൊളംബിയൻ താരം ലൂയിസ് ഡയസിനും നാലു ഗോളുണ്ടെങ്കിലും, അഞ്ച് അസിസ്റ്റുകൾ കൂടി നേടിയാണ് മെസ്സി സുവർണ പാദുകം നേടിയത്.

ടൂർണമെന്റിൽ ഫ്രാൻസ്, ജർമനി തുടങ്ങിയ വമ്പൻമാർക്കൊപ്പം മരണ ഗ്രൂപ്പിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ. ഹംഗറിയായിരുന്നു ഈ ഗ്രൂപ്പിലെ നാലാമത്തെ ടീം. പക്ഷേ, ഹംഗറിക്കും ഫ്രാൻസിനുമെതിരെ ഇരട്ടഗോൾ നേടിയ റൊണാൾഡോ, ജർമനിക്കെതിരെയും ഒരു ഗോൾ നേടി. ഫിഫ റാങ്കിങ്ങിൽ ഒന്നാമൻമാരായ ബൽജിയത്തിനെതിരെ മാത്രമാണ് താരത്തിന് ഗോൾ നേടാനാകാതെ പോയത്. ഈ മത്സരം പോർച്ചുഗൽ ഒരു ഗോളിന് തോറ്റ് പുറത്താകുകയും ചെയ്തു.

ടൂർണമെന്റിലാകെ നാലു ഗോളുകൾ നേടിയ ഇംഗ്ലിഷ് നായകൻ ഹാരി കെയ്ന് ഗോൾഡൻ ബൂട്ട് നേടാൻ അവസരമുണ്ടായിരുന്നു. എന്നാൽ, ഫൈനലിൽ ഗോൾ നേടാനാകാതെ പോയതോടെ ഹാരി കെയ്ന് സുവർണ പാദുകം അന്യമായി.

ഇത്തവണ യൂറോയിൽ അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ, യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരുന്നു. ഇതുവരെ 14 ഗോളുകൾ നേടിയ റൊണാൾഡോ, മുൻ യുവേഫ തലവൻ കൂടിയായ ഫ്രഞ്ച് താരം മിഷേൽ പ്ലാറ്റിനിയുടെ റെക്കോർഡാണ് (ഒൻപത് ഗോൾ) മറികടന്നത്. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന, ഇറാന്റെ അലി ദേയിയുടെ റെക്കോർഡിന് ഒപ്പമെത്താനും റൊണാൾഡോയ്ക്ക് സാധിച്ചിരുന്നു.

English Summary: Christiano Ronaldo Wins Golden Boot In EURO 2020, Lionel Messi In Copa America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com