ADVERTISEMENT

അർജന്റീനയുടെ മധുരവിജയത്തിനു കാരണക്കാരായ നായകൻമാരിൽ ലയണൽ മെസ്സിക്കൊപ്പം ചേർത്തുവയ്ക്കേണ്ടൊരു പേരുണ്ട്. മെസ്സിയുടെ നാടായ റൊസാരിയോയിൽ നിന്നു തന്നെയുള്ള പരിശീലകൻ ലയണൽ സ്കലോനി. ഈ നാൽപത്തിമൂന്നുകാരൻ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പഠിപ്പിച്ചെടുത്ത തത്വശാസ്ത്രമാണ് മെസ്സിക്കും അർജന്റീനയ്ക്കും പിടിവള്ളിയായത്. 2018 ലോകകപ്പിലെ ദയനീയ തോൽവിക്കു ശേഷം ഹോർഗെ സാംപോളി സ്ഥാനമൊഴിഞ്ഞപ്പോഴാണ് സഹപരിശീലകനായ സ്കലോനി ചുമതലയേറ്റത്.

വയസ്സൻപടയെന്നു പലരും കളിയാക്കിയ അന്നത്തെ ടീമിനെ ഊർജസ്വലരായ യുവനിരയാക്കി മാറ്റിയത് സ്കലോനിയുട‌െ മിടുക്ക്. സീനിയർ താരങ്ങളായ മെസ്സി, എയ്ഞ്ചൽ ഡി മരിയ, നിക്കോളാസ് ഒട്ടാമെൻഡി എന്നിവർ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്തു. ടീമിന്റെ ഭാരം മെസ്സിയുടെ മാത്രം ഉത്തരവാദിത്തമെന്ന ചിന്താഗതി പൊളിച്ചെഴുതി ക്യാപ്റ്റനെ കൂടുതൽ സ്വതന്ത്രനാക്കി.

messi-with-trophy

മെസ്സിയെ പിടിച്ചുകെട്ടിയാൽ കളി ജയിക്കാമെന്ന എതിർ ‍ടീം തന്ത്രങ്ങൾക്കു സ്കലോനി പൂട്ടിട്ടു. മെസ്സി കളം നിറഞ്ഞു കളിച്ചതിനൊപ്പം റോഡ്രിഗോ ഡിപോൾ, ഡി മരിയ, ഗ്വിഡോ റോഡ്രിഗസ്, നിക്കോളാസ് ഗോൺസാലസ് എന്നിവർക്കു കളി നിയന്ത്രിക്കാനുള്ള അവസരമൊരുങ്ങി. ‌സെമിഫൈനൽ കളിച്ച ടീമിൽ 5 മാറ്റങ്ങൾ വരുത്തിയ ടീമിനെയാണു സ്കലോനി ഫൈനലിന് ഇറക്കിയത്.

പരുക്കുമൂലം കഴിഞ്ഞ മത്സരങ്ങളിൽ ഇറങ്ങാതിരുന്ന ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പ്രതിരോധത്തിന്റെ ചുമതല നൽകി. ബ്രസീലിന്റെ മുന്നേറ്റങ്ങൾ ബോക്സിലേക്കു കടക്കുന്നതിനു മുൻപ് തന്നെ തകർക്കാൻ അർജന്റീന പ്രതിരോധത്തിനും മധ്യനിരയ്ക്കും കഴിഞ്ഞു.

അതിനായി സ്ഥിരം ശൈലിയായ 4–3–3 മാറ്റി 4–4–2 ഫോർമേഷനാക്കി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ‌ായ ആസ്റ്റൻ വില്ലയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ ആദ്യ ഇലവനിൽ ഇറക്കിയതും ആ തലയിൽ വിരിഞ്ഞ ബുദ്ധി തന്നെ.

English Summary: Lionel Messi and Lionel Scaloni, secret of Argentina's success in copa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com