ADVERTISEMENT

ബാർസിലോനയുമായി ലയണൽ മെസ്സി പുതിയ കരാറിൽ എത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, കരാർ കാലാവധി തീർന്നശേഷം ഓരോ ദിവസവും താരം നേരിട്ട ഭീമമായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. കരാ‍ർ അവസാനിച്ചതോടെ മെസിക്ക് പ്രതിദിനം നഷ്ടം 75 ലക്ഷത്തോളം രൂപയാണ്. ഞെട്ടേണ്ടതില്ല. കറ്റാലൻ വമ്പന്മാരിൽ നിന്നു മെസി  വാങ്ങിയിരുന്ന ശമ്പളം കണക്കാക്കിയുള്ള തുകയാണിത്. പുതിയ കരാർ ഒപ്പിടാൻ വൈകിയ ഓരോ ദിവസവും സാങ്കേതികമായി പറഞ്ഞാൽ മെസിക്ക് ലക്ഷങ്ങളുടെ നഷ്ടം.

പ്രശസ്തമായ ഒരു ഫ്രഞ്ച് സ്പോർട്സ് മാധ്യമത്തിലാണ് മെസിക്ക് പ്രതിദിനം നഷ്ടമാകുന്ന തുക പ്രസിദ്ധീകരിച്ചത്. മുൻപ് മറ്റൊരു മാധ്യമം മെസിയുടെ കരാർ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. ഈ കരാർ അനുസരിച്ചാണ് തുക കണക്കാക്കിയത്. താരവും ബാർസയുമായി നടന്ന തിരക്കിട്ട ചർച്ചകൾക്കൊടുവിൽ പുതിയ കരാറിന്റെ കാര്യത്തിൽ ധാരണയിലെത്തിയതായാണ് റിപ്പോർട്ട്.

∙ ലപോർട്ട നേരിട്ട സമ്മർദ്ദം

മെസിയെ ക്ലബ്ബിൽ പിടിച്ചുനിർത്തുമെന്ന് പ്രചാരണം നടത്തി അധികാരം പിടിച്ച പ്രസിഡന്റ് ജൊവാൻ ലപോർട്ട നേരിട്ടത് കടുത്ത സമ്മർദ്ദമാണ്. കോവിഡ് പ്രതിസന്ധി മൂലം നേരിട്ട വരുമാന ഇടിവാണ് മെസിക്ക് പുതിയ കരാർ നൽകാൻ ഇത്രകാലം തടസ്സമായത്. ലാ ലിഗയുടെ നിർദേശപ്രകാരം വരുമാനത്തിന്റെ 40 ശതമാനം മാത്രമേ കളിക്കാർക്ക് ശമ്പള ഇനത്തിൽ നൽകാൻ കഴിയൂ. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ ബാർസിലോനയ്ക്ക് ഇതു സാധ്യമായിരുന്നില്ല. 

ക്ലബ്ബിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് കഴിഞ്ഞ കരാറിന്റെ പകുതി ശമ്പളത്തിൽ പുതിയ കരാർ ഒപ്പിടാൻ മെസി തയാറായതോടെയാണ് മഞ്ഞുരുകിയതെന്നാണ് വിവരം. താരമോ ക്ലബ്ബോ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

∙ കളിക്കാരെ കത്തി വച്ചോ?

മെസിയെ തിരിച്ചെത്തിക്കാൻ വൻതാരങ്ങളെ വിൽക്കുമെന്നും സൂചനയുണ്ടായിരുന്നു. കുടിഞ്ഞോ, ഗ്രീസ്മാൻ എന്നീ താരങ്ങളെ വിറ്റാൽ ശമ്പള പരിധി കുറയ്ക്കാൻ കഴിയുമെന്നായിരുന്നു വിലയിരുത്തൽ. ഫ്രഞ്ച് താരത്തെ വാങ്ങാൻ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ബ്രസീലിയൻ മധ്യനിര മാന്ത്രികനായി ഫ്രഞ്ച് ക്ലബ്ബുകളും ഇറ്റാലിയൻ വമ്പന്മാരായ എസി മിലാനും രംഗത്തുണ്ട്. ഫ്രഞ്ച് വിങ്ങർ ഔസ്മാൻ ഡെംബലെയ കൂടാരത്തിലെത്തിക്കാൻ പ്രിമിയർ ലീഗ് വമ്പന്മാരിൽ ചിലരും ശ്രമിക്കുന്നുണ്ട്. പുതിയ കരാറിന്റെ കാര്യത്തിൽ തീരുമാനമായെന്ന് റിപ്പോർട്ടുകൾ വരുമ്പോഴും, ഇവരിലാരെയങ്കിലും കൈമാറ്റം ചെയ്യാൻ ധാരണയായോ എന്നതിൽ വ്യക്തതയില്ല.

English Summary: Lionel Messi losing 75 lakh rupees per day following Barcelona exit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com