ADVERTISEMENT

കൊല്ലം ∙ റയൽ മഡ്രിഡ് ഒരു ടീം മാത്രമല്ല, ഫുട്ബോൾ യൂണിവേഴ്സിറ്റി കൂടിയാണ്! സ്പാനിഷ് ഫുട്ബോൾ ക്ലബ് റയൽ മഡ്രിഡിന്റെ ഫുട്ബോൾ യൂണിവേഴ്സിറ്റിയിൽ ഒരു മലയാളി വിദ്യാർഥിയുമുണ്ട്; കൊല്ലം സ്വദേശി കാർത്തിക് തുളസി. ഫുട്ബോൾ കോച്ചിങ് ആൻഡ് മാനേജ്മെന്റിൽ ഇന്റർനാഷനൽ മാസ്റ്റേഴ്സ് കോഴ്സിനു സ്കോളർഷിപ്പോടെ പഠിക്കുന്ന കാർത്തിക്കിന്റെ മൊബൈൽ ഫോൺ നിറയെ സൂപ്പർ താരങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളാണ്.

‘സ്പോർട്സ് മാനേജ്മെന്റിൽ ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നാണിത്. പഠനത്തിനൊപ്പം കളിക്കളത്തിലെ പരിശീലനവുമുണ്ട്. പരിശീലനത്തിന് എത്തുന്നവരെല്ലാം സൂപ്പർ താരങ്ങളാണ്. മുൻ റയൽ താരങ്ങളായ റോബർട്ടോ കാർലോസ്, ഐകർ കസീയ്യസ്, മുൻ ഫിസിക്കൽ ഹെഡ് കോച്ച് ഹവിയർ മാല്ലോ തുടങ്ങി ഒട്ടേറെപ്പേർ. ഇവരുടെ ക്ലാസിലിരുന്നപ്പോൾ എത്രയോ കളികളുടെ ആരവങ്ങളാണു മനസ്സിലൂടെ ഇരമ്പിക്കടന്നുപോയത്– കാർത്തിക് പറഞ്ഞു.

മസ്കത്തിലാണ് കാർത്തിക് ജനിച്ചതും വളർന്നതും. ഏഴു വയസ്സു മുതൽ ഫുട്ബോൾ കളിച്ചു തുടങ്ങി. നാട്ടിലെത്തി ബിബിഎയ്ക്കു പഠിക്കുമ്പോൾ സ്പെയിനിൽനിന്നു വിളിയെത്തി. 

റയൽ മഡ്രിഡ് യൂണിവേഴ്സിറ്റിയുടെ കോഴ്സിനും സ്കോളർഷിപ്പിനുമായി നേരത്തേ അപേക്ഷിച്ചിരുന്നു. ബിബിഎ പൂർത്തിയാക്കിയശേഷം കഴിഞ്ഞ നവംബറിൽ സ്പെയിനിലെത്തി. സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചു.

രാവിലെ ഒൻപതു മുതൽ 11.45 വരെയാണ് പരിശീലനം. ആഴ്ചയിൽ നാലു ദിവസം പരിശീലനം. ഒരു ദിവസം മൽസരം. ഒരു ദിവസം വിശ്രമം. വൈകുന്നേരം മൂന്നു മുതൽ 7 വരെ ക്ലാസ്. ഇതിനിടെ ഒന്നാം ഡിവിഷൻ ക്ലബ് ലെഗാനസിന്റെ യൂത്ത് ടീമിൽ സിലക്‌ഷൻ കിട്ടിയെങ്കിലും സ്പാനിഷ് ഭാഷ വശമില്ലാത്തതിനാൽ ഉപേക്ഷിച്ചു. പിന്നീടു മറ്റൊരു ക്ലബ്ബായ ഡിപ്പോർട്ടീവോ പ്രാവോസിൽ ചേർന്നു.   ഡിപ്പോർട്ടീവോ പ്രാവോസിലെ ഏക ഇന്ത്യൻ കളിക്കാരനാണ് കാർത്തിക്. ‌

പഠനത്തിനുശേഷം ഏതെങ്കിലും ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിൽ കളിക്കണമെന്നതാണ് ഇരുപത്തിമൂന്നുകാരൻ കാർത്തിക്കിന്റെ സ്വപ്നം. കൊല്ലം ചവറ മുകുന്ദപുരം താന്നിക്കാട്ട് തുളസീധരൻപിള്ള– രാജേശ്വരി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് കാർത്തിക്. സഹോദരൻ അജയ് തുളസി.

English Summary: Malayali student in Real Madrid University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com