ADVERTISEMENT

ക്രിസ്റ്റ്യാനോ റൊണാൾഡോ പെനൽറ്റി കിക്കിനു തയാറെടുക്കുന്ന ഭാവം വളരെ പ്രശസ്തമാണ്. പോർച്ചുഗലിൽ ക്രിസ്റ്റ്യാനോയുടെ ജന്മനാടായ മെദീരയിൽ ഈ ഭാവത്തിലുള്ള ഒരു ക്രിസ്റ്റ്യാനോ പ്രതിമയുണ്ട്. ക്രിസ്റ്റ്യാനോയുടെ പേരിൽത്തന്നെ ഒരു വിമാനത്താവളവും അവിടെയുണ്ട്. അടുത്തകാലം വരെ ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റൺവേയുള്ള എയർപോ‍ർട്ടുകളിൽ ഒന്നായിരുന്നു അത്!

അവിടെ വിമാനം ലാൻഡ് ചെയ്യിക്കുന്ന പൈലറ്റിന്റെ അതേ മനസ്സോടെയാണ് ലോകമെങ്ങുമുള്ള എതിർ ടീമുകൾ ക്രിസ്റ്റ്യാനോയെ നേരിടാനൊരുങ്ങുന്നത്. ഒരു നിമിഷം പിഴച്ചാൽ, തീരുമാനമൊന്നു പാളിയാൽ, ക്രിസ്റ്റ്യാനോയുടെ കാലുകളിൽ കുടികൊള്ളുന്ന ഫുട്ബോൾ വൈഭവത്തിന്റെ ചൂടറിയും അവരുടെ ഗോൾവല! 

അപ്പുറത്ത്, അർജന്റീനയിലെ റൊസാരിയോയിൽ ജനിച്ച് ഇപ്പോഴും പിതാവിന്റെ കൈപിടിച്ചു നടക്കുന്ന ലയണൽ മെസ്സി മറ്റൊരു ഭാവമാണ് ഫുട്ബോൾ പ്രേമികൾക്കു നൽകുന്നത്. മെസ്സിയുടെ ഏജന്റ് അദ്ദേഹത്തിന്റെ പിതാവായ ജോർജി തന്നെയായതിനാൽ എപ്പോഴും ഇരുവരും ഒന്നിച്ചുണ്ടാകും. ഏറ്റവുമൊടുവിൽ അർജന്റീന കോപ്പ അമേരിക്ക ചാംപ്യന്മാരായതിനു ശേഷം ബ്രസീലിൽനിന്നു റൊസാരിയോയിലെ കൊച്ചുവിമാനത്താവളത്തിലെത്തിയ മെസ്സിക്കൊപ്പവും ജോർജിയുണ്ടായിരുന്നു. മെസ്സിയുടെ ഭാര്യയും ബാല്യകാലസഖിയുമായ അന്റോനെല്ല ഓടിയെത്തി പരിസരം മറന്നു കെട്ടിപ്പിടിച്ചുമ്മ കൊടുക്കും വരെ മെസ്സി, പിതാവിന്റെ തണലിലായിരുന്നു. 

ലയണൽ മെസ്സി കോപ്പ അമേരിക്ക കിരീടവുമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പുമായി (ഫയൽ ചിത്രങ്ങൾ)
ലയണൽ മെസ്സി കോപ്പ അമേരിക്ക കിരീടവുമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ യൂറോ കപ്പുമായി (ഫയൽ ചിത്രങ്ങൾ)

പക്ഷേ, ലോകഫുട്ബോളിലെ ഈ രണ്ടു മഹാരഥന്മാരെ ഇത്ര നിസ്സാരമായി കളിക്കളത്തിലെ പ്രകടനത്തിന്റെ കാര്യത്തിൽ വിശകലനം ചെയ്യാൻ കഴിയില്ല. മെസ്സിയോ ക്രിസ്റ്റ്യാനോയോ ഏറ്റവും കേമൻ എന്ന ചോദ്യത്തിന് ലോകം അവസാനിക്കും വരെ കൃത്യമായൊരു ഉത്തരം കണ്ടുപിടിക്കുകയും അസാധ്യം. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കു പോർച്ചുഗലിൽനിന്നു ക്രിസ്റ്റ്യാനോ വന്നത് കളിയുടെ ഇന്ദ്രജാലം കാലുകളിലൊളിപ്പിച്ച ഒരു ചെറുപ്പക്കാരൻ മാത്രമായിട്ടായിരുന്നു.

സർ അലക്സ് ഫെർഗൂസൻ എന്ന ഫുട്ബോൾ മാനേജരുടെ മൂശയിൽ ക്രിസ്റ്റ്യാനോയുടെ വിലപിടിച്ച യൗവ്വനകാലം പരുവപ്പെട്ടു. ഇംഗ്ലണ്ടിൽനിന്ന് ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബ്ബുകളിലൊന്നായ റയൽ മഡ്രിഡിലേക്കു ചേക്കേറിയപ്പോഴേയ്ക്കും ക്രിസ്റ്റ്യാനോ പക്വമതിയായിരുന്നു. അവിടെ, പവർ ഫുട്ബോളിന്റെ അനന്തസാധ്യതകൾ ലോങ്റേഞ്ചറുകൾ മുതൽ ഓവർഹെഡ് കിക്കുകൾ വരെ ഗോളെന്ന പരമമായ ലക്ഷ്യത്തിലെത്തിച്ച് കളിപ്രമികളെ ആനന്ദത്തിലാറാടിച്ചു. അപ്രതീക്ഷിതമായിത്തന്നെ ഇറ്റലിയിലെ യുവന്റസിലേക്കു ചേക്കേറിയ റൊണാൾഡോ അവിടെയും അപ്ഡേറ്റ് ചെയ്ത കളിയുടെ കെട്ടഴിച്ചു.

christiano-ronaldo-free-kick

പ്രായത്തിന് അനുസരിച്ച്, കളി അപ്ഡേറ്റ് ചെയ്യുന്ന ആധുനിക കാലത്തെ ഫുട്ബോൾ കലാകാരനാണു റൊണാൾഡോയെന്നു പറയാൻ മാത്രം ഭാവപ്പകർച്ചയുണ്ട് ആ കരിയറിൽ. റൊണാൾഡോയ്ക്കൊപ്പം മെസ്സിയും കളിയിൽ കാതലായ മാറ്റങ്ങൾ വരുത്തി. സെന്റർ സ്ട്രൈക്കർ റോളിൽനിന്നു വിങ്ങിലേക്കും മിഡ്ഫീൽഡിലേക്കും ഫാൾസ് 9 പൊസിഷനിലേക്കുമൊക്കെ മാറിമാറിക്കളിച്ച മെസ്സി അടുത്തകാലത്തായി ഗോളവസരം ഒരുക്കിനൽകുന്നതിലും മികവു കാട്ടിത്തുടങ്ങി. 

ക്രിസ്റ്റ്യാനോ പോർച്ചുഗലിനൊപ്പം യൂറോ കപ്പ് കിരീടവും യുവേഫ നേഷൻസ് ലീഗ് കിരീടവും നേടി. ലോകകപ്പിലും കോപ്പ അമേരിക്കയിലും ഫൈനൽ വരെയെത്തി നിരാശനായി മടങ്ങേണ്ടി വന്ന മെസ്സി ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടനേട്ടത്തോടെ താരതമ്യങ്ങളെ  വീണ്ടും സങ്കീർണമാക്കി. ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (GOAT) എന്ന ഒറ്റവിശേഷണത്തിൽ ഇരുവരെയും ഒരു ആലയിലാക്കി രക്ഷപ്പെടുകയാണ് ഇപ്പോൾ ഫുട്ബോൾ പണ്ഡിതരിൽ അധികവും.  ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും തമ്മിലുള്ള താരതമ്യത്തിന് കളിക്കണക്കുകൾ ആണെളുപ്പം.

സഹതാരങ്ങൾക്കൊപ്പം കിരീടനേട്ടം ആഘോഷിക്കുന്ന മെസ്സി (ട്വിറ്റർ ചിത്രം)
സഹതാരങ്ങൾക്കൊപ്പം കിരീടനേട്ടം ആഘോഷിക്കുന്ന മെസ്സി (ട്വിറ്റർ ചിത്രം)

മെസ്സി നാളിതുവരെയായി ഒരു ക്ലബ്ബിൽ (ബാർസിലോന) കളിതുടരുമ്പോൾ ക്രിസ്റ്റ്യാനോ യൂറോപ്പിലെ 3 പ്രമുഖ ലീഗുകളിൽ സാന്നിധ്യമറിയിച്ചു. ഇംഗ്ലണ്ടും സ്പെയിനും കടന്ന് ഇറ്റലിയിൽ എത്തി നിൽക്കുന്നു ക്രിസ്റ്റ്യാനോ. പ്രായത്തിൽ മെസ്സിയെക്കാൾ മൂത്ത ക്രിസ്റ്റ്യാനോയ്ക്ക് ക്ലബ് ഫുട്ബോളിൽ 2 ഗോൾ അധികം നേടാനായിട്ടുണ്ട്. 2002–03 സീസണിൽ മുൻനിര ലീഗിൽ കളി തുടങ്ങിയ ക്രിസ്റ്റ്യാനോയ്ക്ക് 896 കളികളിൽ 674 ഗോളുകൾ. 2004–05 സീസണിൽ ബാർസയിൽ അരങ്ങേറിയ മെസ്സിയുടെ ഗോൾനേട്ടം 778 കളികളിൽ 672.

പക്ഷേ, ക്ലബ് ട്രോഫികളുടെ എണ്ണത്തിൽ മെസ്സിയാണു മുന്നിൽ; 34. ക്രിസ്റ്റ്യാനോയ്ക്കു നേടാനായത് 30 ട്രോഫികൾ. ഇതിൽ പതിനഞ്ചും റയൽ മഡ്രിഡിനൊപ്പമായിരുന്നു. ചാംപ്യൻസ് ലീഗ് ട്രോഫിനേട്ടത്തിൽ ക്രിസ്റ്റ്യാനോയാണു മുന്നിൽ; 5. മെസ്സിക്കു 4 ചാംപ്യൻസ് ലീഗ് കിരീടങ്ങൾ. 

കരിയർ ഹാട്രിക്കുകളിൽ (ക്ലബ്ബും ദേശീയ ടീമും ഉൾപ്പെടെ) ക്രിസ്റ്റ്യാനോ മുന്നിലാണ്. 57 ഹാട്രിക്കുകൾ. മെസ്സിക്ക് 54 ഹാട്രിക്കുകൾ പേരിലുണ്ട്. പക്ഷേ, ചാംപ്യൻസ് ലീഗ് ഹാട്രിക്കുകളുടെ കണക്കിൽ മെസ്സിയും ക്രിസ്റ്റ്യാനോയും ഒപ്പത്തിനൊപ്പമാണ്; 8 വീതം. വ്യക്തിഗത അവാർഡുകളിൽ മെസ്സിയാണു മുന്നിലെന്നു പറയാം. അതിവിശിഷ്ടമായ ബലോൻ ദ് ഓർ പുരസ്കാരങ്ങളുടെ എണ്ണത്തിൽ മെസ്സിയാണ് മുന്നിൽ– 6 എണ്ണം. ക്രിസ്റ്റ്യാനോ ഇതുവരെ നേടിയത് 5 ബലോൻ ദ് ഓർ പുരസ്കാരങ്ങളാണ്. കോപ്പ അമേരിക്ക കിരീടവിജയത്തോടെ മെസ്സി മറ്റൊരു ബലോൻ ദ് ഓർ പുരസ്കാരം കൂടി നേടിയേക്കുമെന്നാണു സൂചനകൾ. യൂറോപ്യൻ ഗോൾഡൻ ഷൂ പുരസ്കാരവും കൂടുതൽ നേടിയതു മെസ്സിയാണ്. 6 തവണ ബാ‍ർസിലോന താരം പുരസ്കാരം സ്വന്തമാക്കിയപ്പോൾ സിആർ7നു നേടാൻ കഴിഞ്ഞതു 4 വട്ടം. 

ക്രിസ്റ്റ്യാനോ റൊണാൾഡോ
ക്രിസ്റ്റ്യാനോ റൊണാൾഡോ

പക്ഷേ, ചാംപ്യൻസ് ലീഗിൽ നേടിയ ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മെസ്സിയെക്കാൾ ബഹുദൂരം മുന്നിലാണ്. 134 ഗോളുകളാണു പോർച്ചുഗൽ താരത്തിന്റെ സമ്പാദ്യം. മെസ്സിക്കുള്ളത് 120 ഗോളുകൾ. മെസ്സിയെ വിമർശിക്കുന്നവർ പ്രധാന ആയുധമായി ചൂണ്ടിക്കാട്ടാറുള്ളത് അർജന്റീന ജഴ്സിയിലെ അദ്ദേഹത്തിന്റെ പ്രകടനത്തിന്റെ പോരായ്മയാണ്. ക്രിസ്റ്റ്യാനോ പോർച്ചുഗൽ ജഴ്സിയിൽ നേടിയ ആധികാരിക വിജയങ്ങളും ഗോളുകളും മെസ്സിക്ക് വെല്ലുവിളിയാണെന്നു പറയാം. 179 മത്സരങ്ങളിൽനിന്നായി പോർച്ചുഗലിനു വേണ്ടി ക്രിസ്റ്റ്യാനോ നേടിയത് 109 ഗോളുകൾ.

അതേസമയം, അർജന്റീനയ്ക്കായി 151 മത്സരങ്ങൾ കളിച്ച മെസ്സിക്കു നേടാനായത് 76 ഗോൾ. പോർച്ചുഗലിനെ യൂറോ കപ്പ് കിരീടത്തിലേക്കും 2018–19 യുവേഫ നേഷൻസ് ലീഗ് കിരീടത്തിലേക്കും നയിച്ച ക്രിസ്റ്റ്യാനോയ്ക്ക് മുന്നിൽ ബ്രസീലിനെതിരെ നേടിയ കോപ്പ അമേരിക്ക കിരീട വിജയമാണ് മെസ്സിക്കു കൈമുതലായുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ 36–ാം വയസ്സിൽ തന്റെ കളിയെ അപ്ഡേറ്റ് ചെയ്യുന്നതു പോലെ, മെസ്സിയും 34–ാം വയസ്സിൽ തന്റെ കളിശൈലിയിലും അതിലുപരി കളിക്കളത്തിൽ പുലർത്തുന്ന മനോഭാവത്തിലും സുപ്രധാനമായ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഗോളുകളെക്കാൾ അസിസ്റ്റുകൾക്ക് അദ്ദേഹം തയാറാകുന്നുവെന്നതാണ്. 

ഒരു സ്ട്രൈക്കർ എതിർടീം പെനൽറ്റി ഏരിയയ്ക്കുള്ളിൽ പതുങ്ങി കളിക്കേണ്ടവനാണെന്ന പരമ്പരാഗത ചിന്തകളെ തിരുത്തിക്കുറിച്ച് മെസ്സി മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കുന്നതും ഏതുനിമിഷവും ഒരു മിന്നിൽപ്പിണർപോലെ ബോക്സിലേക്ക് പറന്നു കയറുന്നതും ഗോളടിക്കാതെ ഒപ്പം കളിക്കുന്ന യുവതാരങ്ങൾക്കു പന്തുമറിച്ചു നൽകുന്നതുമെല്ലാം ആധുനിക കാലത്തെ ഫുട്ബോൾ കളിയുടെ വികാസപരിണാമങ്ങൾക്കു മികച്ച ഉദാഹരണമാണ്. മറുപാതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇത്തരം നവമാതൃകകൾ സൃഷ്ടിച്ചുകൊണ്ടാണു കളിപ്രേമികളെ അമ്പരപ്പിക്കുന്നത്. 

ചിലെയ്‌ക്കെതിരെ ഗോൾ നേടിയ ലയണൽ മെസ്സിയുടെ ആഹ്ലാദം (അർജന്റീന ഫുട്ബോൾ ടീം ട്വിറ്ററിൽ പങ്കുവച്ച ചിത്രം)
ചിലെയ്‌ക്കെതിരെ ഗോൾ നേടിയ ലയണൽ മെസ്സിയുടെ ആഹ്ലാദം (അർജന്റീന ഫുട്ബോൾ ടീം ട്വിറ്ററിൽ പങ്കുവച്ച ചിത്രം)

ഇന്നു ലോകഫുട്ബോളിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി അറിയപ്പെടുന്ന ഫ്രാൻസിന്റെ കിലിയൻ എംബപെയുടെ കുതിപ്പിന് അടുത്തുവരെയെത്തിയ വേഗത്തിലാണ് യൂറോയിൽ  ജർമനിക്കെതിരായ കളിയിൽ ക്രിസ്റ്റ്യാനോ 14.2 സെക്കൻഡിൽ 92 മീറ്റർ ദൂരം പിന്നിട്ടു ഗോൾ നേടിയത്. എംബപെയെക്കാൾ 14 വയസ്സിനു മൂത്ത ക്രിസ്റ്റ്യാനോയുടെ, ഗോൾ നേടാനുള്ള അത്യുൽക്കടമായ ആഗ്രഹത്തിൽനിന്നു കൈവരിച്ചതാകാം ആ മാസ്മരിക വേഗം! 

ആരാണു കേമൻ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ പോകുന്നതും ഈയൊരു കാരണത്താലാണ്. ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ലോകഫുട്ബോളിൽ വിജയങ്ങൾ ആവർത്തിക്കാനുള്ള അദമ്യമായ മോഹത്തോടെ കളിക്കളങ്ങളിൽ തുടരുന്ന കാലത്തോളം ഈ ചോദ്യം ഇങ്ങനെ തന്നെ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരിക്കും! ഒപ്പം മറ്റൊരു ചോദ്യം കൂടിയുണ്ട്: ഇവരെ വെല്ലാൻ മറ്റൊരു ഫുട്ബോളർ ഇനി ഇവിടെ ജനിക്കുമോ? 

English Summary: Christiano Ronaldo vs Lionel Messi, and unanswered questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com