ADVERTISEMENT

ഫുട്ബോൾ ചക്രവർത്തി പെലെ ബ്രസീലിന്റെ മഞ്ഞ ജഴ്സിയോടു വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട്. 1971 ജൂലൈ 18ന് റിയോ ഡി ജനിറോയിൽ യൂഗോസ്ലാവ്യയ്ക്ക് എതിരെ നടന്ന സൗഹൃദ മത്സരത്തോടെയാണ് പെലെ രാജ്യാന്തര മത്സരരംഗത്തു നിന്നും വിരമിച്ചത്. മൽസരം സമനിലയില്‍ പിരിഞ്ഞെങ്കിലും (2–2) പെലെയുടെ കാലിൽനിന്ന് അന്ന് ഗോളൊന്നും പിറന്നില്ല. 1971ൽ ബ്രസീൽ ദേശീയ ടീമിൽനിന്ന് വിരമിച്ചെങ്കിലും അദ്ദേഹം സാന്റോസിനുവേണ്ടി കളി തുടർന്നു. അതിനുശേഷം ന്യൂയോർക്ക് കോസ്‌മോസിനുവേണ്ടിയും.

1973ൽ അദ്ദേഹത്തെ ടീമിലേക്ക് മടക്കിക്കൊണ്ടുവരാൻ ബ്രസീൽ സർക്കാർ ശ്രമിച്ചു. 1974ലെ ലോകകപ്പ് (ജർമനി) ലക്ഷ്യമാക്കിയായിരുന്നു ആ നീക്കം. എന്നാൽ ബ്രസീലിലെ അന്നത്തെ പട്ടാള ഭരണത്തിന്റെ കിരാതവാഴ്‌ചയിൽ പ്രതിഷേധിച്ച് പെലെ ആ നീക്കത്തോട് അനുകൂലമായി പ്രതികരിച്ചില്ല. ബ്രസീൽ ടീമിനുവേണ്ടി കളിക്കാൻ പട്ടാള ജനറൽമാർ പെലെയ്‌ക്കെതിരെ ഭീഷണി  മുഴക്കി. പെലെ തലകുനിച്ചില്ല. ഇതിന്റെ പേരിൽ പെലെയ്‌ക്ക് പല നടപടികളും നേരിടേണ്ടിവന്നു.

‘ബ്രസീലിനുവേണ്ടി യുദ്ധം ചെയ്യാൻ ഞാൻ തയ്യാറാണ്. പക്ഷേ ലോകകപ്പിന് താനില്ല’ എന്ന് പെലെ തീർത്തുപറഞ്ഞു. അന്ന് പൂർണ ആരോഗ്യവാനായിരുന്നെങ്കിലും പട്ടാള ഭരണത്തോടുളള ശക്‌തമായ പ്രതിഷേധമാണ് പെലെ തുറന്നടിച്ചത്. 

ഒൗദ്യോഗിക രേഖകൾ പ്രകാരം ബ്രസീലിനുവേണ്ടി 92 മൽസരങ്ങളിൽനിന്ന് പെലെ ആകെ നേടിയത് 77 ഗോളുകൾ. ഇതിൽ 41 മല്‍സരങ്ങൾ വിവിധ ടൂർണമെന്റുകളുടെ ഭാഗമായിരുന്നു (43 ഗോളുകൾ). ബാക്കി സൗഹൃദമൽസരങ്ങളുടെ ഭാഗവും (51 മൽസരങ്ങളിൽനിനന്ന് 34 ഗോളുകൾ).  ബ്രസീലിനുവേണ്ടി പെലെ മൽസരിച്ചപ്പോൾ അവർ നേടിയത് 67 ജയം, നേരിട്ടത് 11 തോൽവി. 14 മൽസരങ്ങൾ സമനിലയിൽ കലാശിച്ചു.

ബ്രസീലിനുവേണ്ടി കൂടുതൽ രാജ്യാന്തരഗോളുകൾ എന്ന റെക്കോർഡ് ഇന്നും പെലെയുടെ പേരിലാണ്. രാജ്യാന്തര കരിയറിൽ പെലെയുടെ പേരിലുള്ളത് ഏഴ് ഹാട്രിക്കുകളാണ്. 14 ലോകകപ്പ് മൽസരങ്ങളിൽനിന്നായി പെലെ സ്വന്തമാക്കിയത് 12 ഗോളുകൾ. നാലു ലോകകപ്പുകളിലും ഗോൾ നേടിയ നാലു താരങ്ങളിലൊരാളാണ് പെലെ. 

1957 ജൂലൈ ഏഴിന് ആദ്യമായി ബ്രസീൽ ജഴ്‌സി അണിയുമ്പോൾ പെലെയ്‌ക്ക് പ്രായം വെറും പതിനാറുവയസുമാത്രം. ആദ്യം മത്സരിച്ചത് പരമ്പരാഗത വൈരികളായ അർജന്റീനയ്‌ക്കെതിരെയും. അരങ്ങേറ്റം നടന്നത് മാറക്കാനയിൽ.  റോക്ക കപ്പിൽ അന്ന് അർജന്റീനയോട് ബ്രസീൽ 1–2ന് തോറ്റെങ്കിലും ബ്രസീലിന്റെ ഏകഗോൾ നേടി പെലെ തന്റെ അരങ്ങേറ്റം കൊഴുപ്പിച്ചു. അന്നുമുതൽ  ദേശീയ ടീമിനോട് വിടപറയുംവരെ ബ്രസീൽ ഫുട്‌ബോളിലെ സ്‌ഥിരം മുഖമായിരുന്നു പെലെ. മധുര പതിനേഴിന്റെ പടിവാതുക്കൽ നിൽക്കെ, തന്റെ ആദ്യ പ്രഫഷണൽ ക്ലബ്ബായ സാന്റോസിനുവേണ്ടി മിന്നുന്ന പ്രകടനം കാഴ്‌ചവയ്‌ക്കുന്ന സമയത്താണ് പെലെ ബ്രസീൽ ഫുട്‌ബോൾ ടീമിലേക്ക് കടന്നുവരുന്നത്. 

ലോകത്തിലെ ശക്‌തമായ ടീമുകളിലൊന്നായിരുന്നു അന്നും ബ്രസീൽ. എങ്കിലും ഫുട്‌ബോളിന്റെ അവസാന വാക്കായ ലോകകപ്പിൽ ഒരിക്കൽപ്പോലും ബ്രസീലിന് അന്നുവരെ മുത്തമിടാൻ സാധിച്ചിട്ടില്ല. പെലെയുടെ വരവോടെയാണ് ബ്രസീൽ ആ സുന്ദരമുഹൂർത്തം സ്വന്തമാക്കിയത്. പെലെ നിറഞ്ഞുനിൽക്കെ ബ്രസീൽ മൂന്നു തവണ ലോകകപ്പ് ഏറ്റുവാങ്ങി– ആദ്യം 1958ൽ, പിന്നെ 1962ലും ഒടുവിൽ 1970.

എന്നാൽ 1962ൽ പരുക്കിനെത്തുടർന്ന് പെലെ ലോകകപ്പിനിടയിൽ പിൻമാറി. ആകെ നാലു ലോകകപ്പുകളിൽ (1958, 62, 66, 70) പങ്കെടുക്കുകയും പതിനാലു മത്സരങ്ങൾ കളിക്കുകയും ചെയ്‌ത പെലെ ഇന്നും ലോകകപ്പിലെ വിസ്‌മയമാണ്. ഫുട്‌ബോൾ ലോകകപ്പിൽ ഒരുപിടി റെക്കോർഡുകളും പെലെ സ്വന്തമാക്കിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരം പെലെയാണ്. 1958 ലോകകപ്പിൽ പെലെ ഗോൾ നേടുമ്പോൾ അദ്ദേഹത്തിന് പ്രായം 17 വയസും ഏഴു മാസവും 23 ദിവസവും.

അതുപോലെ  ലോകകപ്പ് ഫൈനൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും  പെലെയ്‌ക്ക് സ്വന്തമാണ്. 1958 ലോകകപ്പ് ഫൈനലിൽ കളിക്കുമ്പോൾ അദ്ദേഹത്തിന് പ്രായം വെറും 17 വയസും 249 ദിവസവും. അക്കുറി പെലെയുടെ ടീമായ ബ്രസീലിനായിരുന്നു കിരീടം. അങ്ങനെ ലോകകപ്പ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും പെലെയുടെ പേരിലായി. നാലു ലോകകപ്പിൽനിന്നായി പെലെയുടെ ആകെ ഗോളുകളുടെ എണ്ണം 12.

ഇതുകൂടാതെ ലാറ്റിൻ അമേരിക്കൻ ഫുട്‌ബോൾ ചാംപ്യൻഷിപ്പായ കോപ അമേരിക്ക ടൂർണമെന്റിൽ ബ്രസീൽ റണ്ണർ അപ്പ് (1959) ആയതും പെലെയുടെ കളിയുടെ ബലത്തിലായിരുന്നു. അത്തവണ ടൂർണമെന്റിലെ ടോപ് സ്‌കോററും പെലെ തന്നെയായിരുന്നു. 

Content Highlights: Pele, Brazil, Retirement, Football News

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com