ADVERTISEMENT

പറഞ്ഞാൽ വിശ്വസിക്കുമോയെന്നറിയില്ല; പക്ഷേ വിശ്വസിച്ചേ പറ്റൂ. ഫ്രാൻസ് ഫുട്ബോൾ ടീമിന്റെ വലയിൽ ഇന്ത്യൻ താരങ്ങൾ പന്തെത്തിച്ചിട്ടുണ്ട്. ഒരുതവണ അവരെ സമനിലയിൽ പിടിച്ചുനിർത്തിയിട്ടുമുണ്ട്. ലോകകപ്പിൽ കളിച്ച ഓസ്ട്രേലിയയെ തകർത്തുവിട്ടിട്ടുണ്ട്. എല്ലാം സംഭവിച്ചത് ഒളിംപിക്സിൽ. ബ്രസീലും അർജന്റീനയും അടക്കമുള്ള ടീമുകൾ മുഖത്തോടുമുഖം വരുന്നതാണ് ആധുനിക ഒളിംപിക്സെങ്കിൽ അതേ ഒളിംപിക്സിൽ ഇന്ത്യ ഒരിക്കൽ സെമിഫൈനൽ വരെയെത്തിയിട്ടുണ്ട്.

ഫ്രാൻസിനെ വിറപ്പിച്ചുവിട്ട് ലണ്ടനിലെ ബക്കിങ്ങാം കൊട്ടാരത്തിന്റെ ചുവപ്പുപരവതാനിയിലേക്ക് നടന്നുകയറിയൊരു കഥയും ഇന്ത്യൻ ഫുട്ബോൾ ടീമിനുണ്ട്. അന്നൊരു മലയാളിയും അക്കൂട്ടത്തിലുണ്ടായിരുന്നു, തിരുവല്ല പാപ്പൻ എന്ന തിരുവല്ലക്കാരൻ തോമസ് വർഗീസ്. നഗ്നപാദരായി ഫ്രാൻസിനെ എതിരിട്ട ഇന്ത്യൻ ടീമിലെ, ബൂട്ടുകെട്ടി പോരാട്ടത്തിനിറങ്ങിയ മൂന്നുപേരിൽ ഒരാൾ. അന്നുമുതലുള്ള ഉശിരൻ പോരാട്ടത്തിന്റെ ചരിത്രത്തിൽ തലയുയർത്തിനിൽക്കാൻ മറ്റ് 5 മലയാളികൾ കൂടിയുണ്ട്. പി.ബി. അബ്ദുൽ സാലി എന്ന കോട്ടയം സാലി, എസ്.എസ്. നാരായണൻ എന്ന ഒറ്റപ്പാലം നാരായണൻ, ടി. അബ്ദുൽ റഹ്മാൻ എന്ന കോഴിക്കോട്ടുകാരൻ ഒളിംപ്യൻ റഹ്മാൻ, ഇരിങ്ങാലക്കുടക്കാരനായ പ്രതിരോധനിരക്കാരൻ ഒ. ചന്ദ്രശേഖരൻ, പിന്നെ എം. ദേവദാസും.

ഇന്ത്യൻ ഫുട്ബോൾ ടീം ഒളിംപിക്സ് കളിച്ച 4 തവണയും ടീമിൽ മലയാളികളായി ഇവരുണ്ടായിരുന്നു. കാലഘട്ടം -1948 - 1960. മറ്റൊരു ഒളിംപിക്സ് കൂടി ടോക്കിയോയുടെ മണ്ണിൽ ഇതൾവിരിയുമ്പോൾ ഫ്രാൻസിനെ വെള്ളംകുടിപ്പിച്ച പോരാട്ടത്തിന്റെ കഥയെങ്കിലും ആവേശമാകും. 

∙ 1948 ലണ്ടൻ ഒളിംപിക്സ്

ഭയങ്കരമായൊരു പോരാട്ടമായിരുന്നു അത്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ആദ്യത്തെ രാജ്യാന്തര മൽസരം. എതിരാളികൾ ഫ്രാൻസ്. അവസാന നിമിഷ ഗോളിൽ തോറ്റെങ്കിലും (1–2) ഇന്ത്യൻ ഫുട്ബോൾ, ലോകത്തിനു മുന്നിൽ തലയുയർത്തിനിന്ന നിമിഷമായിരുന്നു അത്. കിഴക്കൻ ലണ്ടനിലെ ചെറുപട്ടണമായ ഇൽഫോർ‍ഡിലെ ലിം റോഡ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ഇന്ത്യൻ ടീമിലെ 8 പേരും ബൂട്ടിടാതെയാണു കളിച്ചത്. തിരുവല്ല പാപ്പൻ അടക്കം 3 പേർ ബൂട്ടുകെട്ടി. മറ്റുള്ളവർ ബാൻഡേജ് ചുറ്റി. അവർക്ക് അതായിരുന്നു കൂടുതൽ സൗകര്യപ്രദം. അല്ലെങ്കിൽ സാങ്കേതികതയിൽ ഇന്ത്യ അത്രയേ വളർന്നിട്ടുണ്ടായിരുന്നുള്ളൂ.

കളിയാരംഭിച്ച് അധികം വൈകാതെ ഫ്രാൻസിനു കാര്യം പിടികിട്ടി, എതിരാളികൾ അത്ര നിസ്സാരരല്ല. 30–ാം  മിനിറ്റിൽ കോർബിനിലൂടെ ഫ്രാൻസ് മുന്നിലെത്തിയെങ്കിലും വൈകാതെ ഇന്ത്യൻ കടുവകൾ തിരിച്ചടിച്ചു. കൊടും തണുപ്പിലും 17,000 കാണികളുടെയും മുന്നിൽ ബൂട്ടില്ലാതെ കളം നിറഞ്ഞു കളിച്ച ഇന്ത്യ 70–ാം മിനിറ്റിൽ സമനില കണ്ടെത്തി. അഹമ്മദ് മുഹമ്മദ് ഖാനും പകരക്കാരനായിറങ്ങിയ വജ്രവേലുവും ചേർന്നു നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് ശാരംങപാണി രാമനെന്ന മുന്നേറ്റനിരക്കാരന്റെ കാലുകളിൽ. കണ്ണടച്ചു തുറക്കും മുമ്പേ ഗോൾ വീണു. സ്വതന്ത്ര ഇന്ത്യയുടെ ഫുട്ബോൾ ചരിത്രത്തിലെ ആദ്യ രാജ്യാന്തര ഗോൾ അങ്ങനെ ഈ ബെംഗളൂരു സ്വദേശിയുടെ പേരിൽ കുറിക്കപ്പെട്ടു.

89–ാം മിനിറ്റിൽ പെർസിലൺ നേടിയ ഗോളിനു ഫ്രാൻസ് അക്ഷരാർഥത്തിൽ രക്ഷപ്പെടുകയായിരുന്നെന്നു പറയാം. ശൈലൻ മന്നയും മഹാബീർ പ്രസാദും പെനൽറ്റി നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കിൽ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരം തന്നെ സംഭവബഹുലമാകുമായിരുന്നു. ഇടവേളയ്ക്കു തൊട്ടുമുൻപ് മന്നയ്ക്കു ലഭിച്ച പെനൽറ്റി, ക്രോസ് ബാറിനു മുകളിലൂടെ പറന്നുപോയി. മഹാബീറിന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിൽ അവസാനിച്ചു. അന്ന് വിജയിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ത്യൻ ഫുട്ബോളിന്റെ തലവരതന്നെ മാറുമായിരുന്നു.

മത്സരശേഷം നടന്ന പത്രസമ്മേളനത്തിൽ ഇന്ത്യൻ നായകൻ താലിമറാനോട് ചോദിച്ചു എന്തുകൊണ്ടാണ് ടീം ബൂട്ടില്ലാതെ കളിച്ചതെന്ന്. മറുപടി ഇങ്ങനെയായിരുന്നു – ഞങ്ങൾ ഇന്ത്യയിൽ ഫുട്ബോളാണ് കളിക്കുന്നത്, നിങ്ങൾ കളിക്കുന്നത് ബൂട്ട്ബോളും. പിറ്റേന്ന് ഇറങ്ങിയ ഇംഗ്ലിഷ് പത്രങ്ങളിൽ അത് വലിയ വാർത്തയായിരുന്നു.

ആദ്യ റൗണ്ടിൽത്തന്നെ തോറ്റു പുറത്തായെങ്കിലും ഇന്ത്യയുടെ പോരാട്ടവീര്യത്തിനു മുന്നിൽ അന്നു തുറക്കപ്പെട്ടതു ബക്കിങ്ങാം കൊട്ടാരത്തിന്റെ വാതിലുകളായിരുന്നു. പൊരുതിത്തോറ്റ ഇന്ത്യൻ താരങ്ങളുടെ ചങ്കൂറ്റത്തിനു മുന്നിൽ ജോർജ് ആറാമൻ രാജാവ് ചുവപ്പു പരവതാനി വിരിച്ചു. തോൽവിക്കു പിറ്റേന്നു കൊട്ടാരത്തിലേക്കു ക്ഷണിച്ചാണു രാജാവ് ഇന്ത്യൻ ഫുട്ബോളിനോടുള്ള ആദരവ് പ്രകടിപ്പിച്ചത്. മന്നയുടെ കാൽക്കരുത്തിൽ അന്തംവിട്ട രാജാവ്, പാന്റ്സ് ഉയർത്തി മന്നയുടെ കാൽ സ്റ്റീൽ കൊണ്ടാണോയെന്നു പരിശോധിച്ചെന്നു പോലും പറയപ്പെടുന്നു.

ഫ്രാൻസിനെ വിറപ്പിച്ച ആ ടീം ഇതാണ്. ഗോളി– കെഞ്ചപ്പ വി.വരദരാജ്, സഞ്ജീവ ഉച്ചിൽ. പിൻനിര– ശൈലൻ മന്ന, താജ് മുഹമ്മദ്, ടി.എം.വർഗീസ് പാപ്പൻ (തിരുവല്ല പാപ്പൻ). മധ്യനിര– താലിമറാൻ ആവോ, എ.സത്താർ ബഷീർ, മഹാബീർ പ്രസാദ്, എസ്.എം.കൈസർ, അനിൽ നന്തി, ബി.എൻ.വജ്രവേലു. ഫോർവേഡ്– റോബി ദാസ്, അഹമ്മദ് മുഹമ്മദ് ഖാൻ, സാഹു മേവലാൽ, ബാലറാം പരബ് രാമചന്ദ്ര, ശാരംങ്പാണി രാമൻ, കെ.പി.ധൻരാജ്, സന്തോഷ് നന്തി. പരിശീലകൻ ബാലദാസ് ചാറ്റർജിയായിരുന്നു. അസംകാരനായ താലിമറാനായിരുന്നു നായകൻ.

ഫ്രാൻസുമായുള്ള മൽസരത്തിനു മുൻപ് ഇന്ത്യ ഇംഗ്ലണ്ടിലെ 5 പ്രാദേശിക ടീമുകളോടു സൗഹൃദ മത്സരം കളിച്ചിരുന്നു. അഞ്ചിലും ജയം. ഇന്ത്യ നേടിയ ഗോൾ 39, വഴങ്ങിയത് വെറും 5. ഡിപ്പാർട്ടുമെന്റ് സ്റ്റോർ (15-0), മെട്രോപ്പൊലിറ്റൻ പൊലീസ് എഫ്സി (3-1), പിന്നർ എഫ്സി (9-1), ഹയസ് എഫ്സി (4-1), അലക്സാണ്ട്ര പാർക്ക് എഫ്സി (8 - 2)എന്നീ ടീമുകളെയാണു തോൽപിച്ചത്.

ഫ്രാൻസിനോടു തോറ്റതിലുള്ള കലി ഇന്ത്യൻ ടീം തീർത്തതു ഹോളണ്ടിലെ അയാക്സ് ആംസ്റ്റർഡാമിനെ തകർത്തുതരിപ്പണമാക്കിയായിരുന്നു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്കിടെ നടത്തിയ യൂറോപ്യൻ പര്യടനത്തിൽ ഹോളണ്ടിലെ അയാക്സ് ആംസ്റ്റർഡാമിനെ തകർത്തത് 5–1ന്. ഇംഗ്ലണ്ടിലെ മറ്റ് 5  ക്ലബുകൾക്കെതിരെയും ഇന്ത്യ കളിച്ചു. ഒന്നിൽ പോലും തോറ്റില്ല, മൂന്നെണ്ണത്തിൽ വിജയിച്ചു...!

∙ 1952 ഹെൽസിങ്കി

തലേ ഒളിംപിക്സിൽ ഫ്രാൻസിനെതിരെ പുറത്തെടുത്ത കളിമികവ് ഇത്തവണ ഇന്ത്യക്ക് ആവർത്തിക്കാനായില്ല. ശൈലൻ മന്നയുടെ ക്യാപ്റ്റൻസിയിൽ ഇറങ്ങിയ ഇന്ത്യ ഇത്തവണയും ആദ്യ റൗണ്ടിൽതന്നെ പുറത്തായി. വൻ മാർജിനിൽ (10-1) യുഗോസ്ലാവിയയോടായിരുന്നു പരാജയം. ഇന്ത്യയുടെ ഏകഗോൾ അഹമ്മദ് ഖാനാണ് നേടിയത്. കോട്ടയം സാലിയായിരുന്നു മലയാളി പ്രാതിനിധ്യം. 

∙ 1956 മെൽബൺ

ഒളിംപിക് ഫുട്ബോളിൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നേട്ടം ഇത്തവണയായിരുന്നു, സെമിഫൈനൽ - നാലാം സ്ഥാനം. സമർ ബാനർജിയുടെ നായകത്വത്തിൽ ഇറങ്ങിയ ഇന്ത്യയുടെ ആദ്യ എതിരാളി ഹംഗറിയായിരുന്നു. എന്നാൽ ടീം എത്താതിരുന്നതോടെ വാക്കോവർ ലഭിച്ചു. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയയെ 4 -2 ന് തകർത്ത് ഇന്ത്യ സെമിയിലെത്തി.

ഒളിംപിക് സെമിയിലെത്തുന്ന ആദ്യ ഏഷ്യൻ രാജ്യം. നെവിൽ ഡിസൂസ ഹാട്രിക് നേടിയപ്പോൾ കൃഷ്ണ കിട്ടു ഒരു ഗോൾനേടി. സെമിയിൽ ഒരിക്കൽക്കൂടി യുഗോസ്ലാവിയ ഇന്ത്യയുടെ കഥകഴിച്ചു. 4 - 1. നെവിൽ ഡിസൂസയുടെ ഗോളിൽ മുന്നിലെത്തിയ ഇന്ത്യയെ യുഗോസ്ലാവിയ തോൽപിച്ചു. ഇന്ത്യയെ 3 ഗോളിനു തോൽപിച്ച് ബൾഗേറിയ വെങ്കലം നേടി. എസ്. എസ്. നാരായണൻ എന്ന മലയാളി ടീമിലുണ്ടായിരുന്നു. നാരായണൻ 1960ലും ടീമിലുണ്ടായിരുന്നു. 

∙ 1960 റോം

ഈ ഒളിംപിക്സിലാണ് ഇന്ത്യ ഫ്രാൻസിനെ 1 - 1 സമനിലയിൽ കുരുക്കിയിട്ടത്. നായകൻ പി.കെ. ബാനർജിയായിരുന്നു ഗോൾനേട്ടക്കാരൻ. ഹംഗറിയും പെറുവുമായിരുന്നു ഇന്ത്യയുടെ ഗ്രൂപ്പിലെ മറ്റു ടീമുകൾ. 2 ടീമുകളോടും തോറ്റ ഇന്ത്യ അടുത്ത റൗണ്ടിലേക്കു പ്രവേശിക്കാനാകാതെ മടങ്ങി. പിന്നീടിന്നുവരെ ഒളിംപിക്സ് സ്വപ്നമായി അവശേഷിക്കുന്നു. ഒ. ചന്ദ്രശേഖരനും എം. ദേവദാസും ഒളിംപ്യന്മാരായത് ആ വർഷമാണ്.  

Content Highlights: Indian Football Team, Tokyo Olympics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com