sections
MORE

‘അത്ര വേണോ’എന്ന് ചോദ്യം, ‘അതുക്കും മേലേ’ എന്ന് ഖത്തർ; അറബ് കപ്പ് എന്ന റിഹേഴ്സൽ

FBL-ASIA-2019-JPN-QAT
2019 ഏഷ്യൻ കപ്പ് നേടിയ ഖത്തർ ടീമിന്റെ വിജയാഘോഷം. ചിത്രം: Giuseppe CACACE / AFP
SHARE

കൊച്ചി ∙ രണ്ടു വർഷങ്ങൾക്കു മുൻപാണ്, 2019 ഫെബ്രുവരി 1: അബുദാബിയിലെ സയിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഫുട്ബോളിലെ ഏഷ്യൻ ചാംപ്യൻമാരെ കണ്ടെത്താനുള്ള ഫൈനൽ. ഏറ്റുമുട്ടുന്നത് ജപ്പാനും ഖത്തറും തമ്മിൽ. ഏഷ്യൻ കപ്പ് ഫുട്ബോൾ ഫൈനലിൽ അന്നു വരെ ജപ്പാൻ തോറ്റിട്ടില്ല. ഖത്തർ അന്നു വരെ ഏഷ്യൻ കപ്പ് ഫൈനൽ കളിച്ചിട്ടുമില്ല. പക്ഷേ, അന്ന് ജപ്പാൻ തോറ്റു (1–3). ഖത്തർ ആദ്യമായി ഏഷ്യൻ കപ്പ് ഫുട്ബോൾ ചാംപ്യൻമാരായി. കൊറോണ വൈറസ് വ്യാപനം തുടങ്ങുന്നതിനു മുൻപായിരുന്നെങ്കിലും ആ ഫൈനൽ കാണാൻ ഖത്തർ ആരാധകർ ആരും അബുദാബിയിലെ സ്റ്റേഡിയത്തിലുണ്ടായിരുന്നില്ല. ജിസിസി രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതു കാരണം ഖത്തറുകാർക്ക് യുഎഇയിലേക്കു പ്രവേശന വിലക്കുണ്ടായിരുന്നു.

ഏഷ്യൻ കപ്പുമായി ദോഹയിലെത്തിയ ഖത്തർ ടീമംഗങ്ങളെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി വിമാനത്താവളത്തിലെത്തി പൂമാല ചാർത്തിയാണു സ്വീകരിച്ചത്. തുറന്ന വാഹനത്തിൽ ദോഹയിലെ കോർണിഷിലൂടെ ടീമംഗങ്ങൾ നഗരപ്രദക്ഷിണം നടത്തുമ്പോൾ ആവേശവുമായി ഖത്തർ പൗരൻമാർ മാത്രമല്ല, പ്രവാസികളും കൂടെക്കൂടി. കാരണം, ആ കപ്പ് അവർക്ക് അത്രയേറെ പ്രിയപ്പെട്ടതായിരുന്നു.

∙ ലോകകപ്പിലേക്കുള്ള ‘പവർ ബൂസ്റ്റർ’

എന്തുകൊണ്ടാണ് 2019ലെ ഏഷ്യൻ കപ്പ് കിരീടം ഖത്തറിന് അത്രമേൽ പ്രിയപ്പെട്ടതാകുന്നത്. അതിനു കാരണങ്ങൾ പലതുണ്ട്. ഖത്തർ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിക്കു നടുവിലായിരുന്നു അതെന്നത് ഒരു കാരണം. ഖത്തറിന് ഉപരോധമേർപ്പെടുത്തിയ രാജ്യത്തു വച്ചായിരുന്നു ഈ വിജയമെന്നത് മറ്റൊരു കാരണം. എന്നാൽ അതിനേക്കാൾ വലിയൊരു കാരണമുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബോളിനുള്ള ഖത്തറിന്റെ ‘ഊർജ വാഹിനി’ കൂടിയായിരുന്നു ഏഷ്യൻ കപ്പ്.

foorball-world-cup
ഖത്തറിൽ ലോകകപ്പ് ഫുട്ബോളിനു വേണ്ടി നിർമാണം പുരോഗമിക്കുന്ന റാസ് അബു അബുദ് സ്റ്റേഡിയം.

അതിനേക്കാളേറെ ഖത്തർ സന്തോഷിച്ച മറ്റൊരു നിമിഷമുണ്ട്. 11 വർഷങ്ങൾക്കു മുൻപ്, ലോകകപ്പ് ഫുട്ബോൾ വേദിയായി ഖത്തർ തിരഞ്ഞെടുക്കപ്പെട്ട 2010 ഡിസംബർ മൂന്നിന്. അന്നും ദോഹ ഉറങ്ങിയില്ല. ദേശീയ പതാകയുമായി കാറുകളിൽ ഉച്ചത്തിൽ ഹോൺ മുഴക്കി രാവുറങ്ങാതെ പ്രവാസികളുൾപ്പെടെയുള്ളവർ ആഘോഷിച്ചു. പിറ്റേന്ന് ഖത്തറിന്റെ ലോകകപ്പ് ബിഡ് കമ്മിറ്റി ദോഹയിൽ വിമാനമിറങ്ങിയപ്പോഴും ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വിമാനത്താവളത്തിലെത്തിയാണു സ്വീകരിച്ചത്. (അന്ന് ഷെയ്ഖ് തമീം അമീറായിട്ടില്ല. പിതാവ് ഹമദ് ബിൻ ഖലീഫ അൽ താനിയിൽ നിന്ന് 2013ലാണു ഷെയ്ഖ് തമീം അമീറായി ചുമതലയേൽക്കുന്നത്).

കഴിഞ്ഞ 11 വർഷമായി ഖത്തർ കാത്തിരിക്കുന്നത് ലോകകപ്പ് ഫുട്ബോളെന്ന വലിയ സ്വപ്നവുമായാണ്. ഇതിനു മുൻപ് മറ്റൊരു വലിയ കായിക മാമാങ്കം ഖത്തറിൽ നടന്നത് 2006ലാണ്, ഏഷ്യൻ ഗെയിംസ്. അന്ന് ഫുട്ബോളിലെ സ്വർണമെഡൽ ഖത്തറിനായിരുന്നു. പിന്നീട് 2019ലെ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്, ക്ലബ് ഫുട്ബോൾ ലോകകപ്പ് തുടങ്ങി ഒട്ടേറെ കായിക പരിപാടികൾ ഖത്തറിൽ നടന്നു. എങ്കിലും ഖത്തറിന്റെ കണ്ണുകൾ അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബോളിലാണ്.

∙ ചെറിയ രാജ്യത്തിന്റെ വലിയ സ്വപ്നം

ഖത്തർ ഒരു ചെറിയ രാജ്യമാണ്; പ്രായവും കുറവ്. ബ്രിട്ടനിൽ നിന്നു ഖത്തറിനു സ്വാതന്ത്ര്യം ലഭിച്ചിട്ട് 50 വർഷമായതേയുള്ളൂ. എന്നാൽ, ആ 50 വർഷത്തിൽ വലിയ സ്വപ്നങ്ങൾ കാണാൻ പഠിച്ചിട്ടുണ്ട് ഖത്തർ. ഫുട്ബോളിന്റെ കാര്യം തന്നെയെടുക്കാം. 1940കളിലാണു ഖത്തർ ആദ്യമായി ഫുട്ബോൾ കാണുന്നത്. ഇന്ത്യയിൽ അതിനും വർഷങ്ങൾക്കു മുൻപു തന്നെ ഫുട്ബോൾ ക്ലബ് രൂപീകരിച്ചിട്ടുണ്ടെന്ന് ഓർക്കണം. ഖത്തർ ഫുട്ബോൾ അസോസിയേഷൻ രൂപീകരിക്കുന്നത് 1960ൽ. ഫിഫയിൽ അംഗമാകുന്നത് 1963ൽ. വീണ്ടും ഒരു താരതമ്യം: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (ഐഎഫ്എ) രൂപീകരിക്കുന്നത് 1893ൽ. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ രൂപീകരണം 1937ൽ. 1948ൽ ഫിഫ അംഗത്വം. ഫിഫ ലോക റാങ്കിങ്ങിൽ ഇന്ത്യ 105. ഖത്തർ 42.

qatar-asian-cup
2019 ഏഷ്യൻ കപ്പ് നേടിയ ഖത്തർ ടീമിന്റെ വിജയാഘോഷം.

ഈ താരതമ്യം വെറുതെയല്ല; 26 ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു കൊച്ചു രാജ്യത്തിനു ഫുട്ബോളിൽ വലിയ പേരോ പെരുമയോ ഇല്ലാതിരുന്നിട്ടും സ്വപ്നം കാണാൻ ഒരു മടിയുമുണ്ടായിരുന്നില്ലെന്നു പറയാൻ വേണ്ടി മാത്രം. 12 വർഷങ്ങൾക്കു മുൻപ് 2022ലെ ലോകകപ്പ് ഫുട്ബോളിനു വേദിയാകാൻ ഖത്തർ മത്സരിക്കുമ്പോൾ പലരും മൂക്കത്തു വിരൽ വച്ചു: ‘അത്രയ്ക്കൊക്കെ വേണോ’!. ‘അതുക്കും മേലേ’ എന്നതായിരുന്നു ഖത്തറിന്റെ മറുപടി. പലരുടെയും മുഖത്തെ സംശയത്തിന്റെ ചുളിവുകൾ ഇപ്പോഴും നിവർന്നിട്ടില്ലെങ്കിലും ഖത്തറിന്റെ സ്വപ്നങ്ങളിൽ ഒരു നിഴൽ പോലും വീണിട്ടില്ല. കാരണം, ഫുട്ബോളിൽ അവർ ജീവശ്വാസം ഊതി നിറയ്ക്കാൻ തുടങ്ങിയിരുന്നു.

∙ ഫുട്ബോളെന്ന നിക്ഷേപം

1981ലെ ഫിഫ ലോക യൂത്ത് ചാംപ്യൻഷിപ്പിൽ ഖത്തർ റണ്ണേഴ്സ് അപ്പായി. അന്നു മുതലാണു ഫുട്ബോളിനെ ഖത്തർ ഗൗരവമായി കാണാനും അതിൽ നിക്ഷേപം നടത്താനും തുടങ്ങിയത്. 1984 ലോസ് ആഞ്ചലസ് ഒളിംപിക്സിൽ ഖത്തർ ഫുട്ബോളിൽ മത്സരിക്കാനിറങ്ങി. 1988ൽ ഖത്തർ ഏഷ്യൻ കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പിന് ആതിഥ്യം വഹിച്ചു. 1976,1992,2004 വർഷങ്ങളിൽ ഗൾഫ് കപ്പ് ടൂർണമെന്റിനു ഖത്തർ ആതിഥ്യം വഹിച്ചു. 92ലും 2004ലും ജേതാക്കളായി. 1995ൽ ഫിഫ ലോക യൂത്ത് ചാംപ്യൻഷിപ്പിനും ഖത്തർ ആതിഥ്യം വഹിച്ചു.

ഗൾഫ് മേഖലയിലെ ആദ്യത്തെ ഫിഫ ചാംപ്യൻഷിപ്. ടൂർണമെന്റുകൾക്ക് ആതിഥ്യം വഹിക്കുന്നതിൽ ഒതുങ്ങുന്നതല്ല ഫുട്ബോളിലെ ഖത്തറിന്റെ നിക്ഷേപം. ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) നടത്തുന്ന ഖത്തർ സ്റ്റാർസ് ലീഗ് മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ് ലീഗുകളിലൊന്നാണ്.

ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെന്റ് (ക്യുഎസ്ഐ) വഴി കായിക മേഖലയിൽ ഖത്തർ നിക്ഷേപം നടത്തുന്നു. ഫ്രഞ്ച് ക്ലബായ പാരിസ് സെന്റ് ജർമെയ്ന്റെ (പിഎസ്ജി) ഉടമസ്ഥരാണു ക്യുഎസ്ഐ. 2011ൽ ക്യുഎസ്ഐ ക്ലബ് ഏറ്റെടുത്ത ശേഷമാണു വൻകിട താരങ്ങളെ വൻതുകയ്ക്ക് പിഎസ്ജിയിലെത്തിച്ചത്. ബ്രസീൽ താരം നെയ്മർ, ഫ്രഞ്ച് താരം എംബപെ തുടങ്ങിയവരെ നേരത്തേ പിഎസ്ജിയിലെത്തിച്ച ക്യുഎസ്ഐ അടുത്തിടെ എല്ലാവരെയും ഞെട്ടിച്ചത് ബാർസിലോനയിൽ നിന്നു ലയണൽ മെസിയെ കൂടി സ്വന്തമാക്കിയാണ്. അടുത്ത ലോകകപ്പ് ഫുട്ബോളിനു തയാറെടുക്കുന്ന ഖത്തറിന്റെ വലിയ നേട്ടം കൂടിയാണ് പിഎസ്ജിയിലേക്കുള്ള മെസിയുടെ വരവ്.

∙ അറബ് കപ്പും തയാറെടുപ്പും

അടുത്ത വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെയാണു ഖത്തറിലെ 8 വേദികളിലായി ലോകകപ്പ് ഫുട്ബോൾ നടക്കുക. കൃത്യം ഒരു വർഷം മുൻപ്, അതായത് ഈ വർഷം നവംബർ 30 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ ഫിഫ അറബ് കപ്പ് ഫുട്ബോൾ ചാംപ്യൻഷിപ്പ് നടക്കും. ഖത്തറിന് ഇത് വെറുമൊരു ചാംപ്യൻഷിപ്പ് മാത്രമല്ല; ലോകകപ്പ് ഒരുക്കങ്ങളുടെ പരിശോധന വേദി കൂടിയാണ്.

qatar-logo

ലോകകപ്പ് നടക്കാനിരിക്കുന്ന അതേ വേദികളിൽ തന്നെയാണ് അറബ് കപ്പ് ഫുട്ബോളും നടക്കുന്നത്. ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 16 രാജ്യങ്ങളാണ് അറബ് കപ്പിൽ പങ്കെടുക്കുന്നത്. ഇത്തവണ നടക്കുന്നത് പത്താമത്തെ അറബ് കപ്പാണെങ്കിലും ഇതു ഫിഫ ഏറ്റെടുത്ത ശേഷമുള്ള ആദ്യത്തേതാണ്; അതുകൊണ്ടു തന്നെ ഇത് ആദ്യത്തെ ഫിഫ അറബ് കപ്പാണ്. ഖത്തറിനു പുറമെ ഇറാഖ്, ഒമാൻ, ബഹ്റൈൻ (ഗ്രൂപ്പ് എ), തുനീസിയ, യുഎഇ, സിറിയ, മൗറിത്താനിയ (ഗ്രൂപ്പ് ബി), മൊറോക്കോ, സൗദി അറേബ്യ, ജോർദാൻ, പലസ്തീൻ (ഗ്രൂപ്പ് സി), അൽജീരിയ, ഈജിപ്ത്, ലബനൻ, സുഡാൻ (ഗ്രൂപ്പ് ഡി) എന്നീ രാജ്യങ്ങളാണ് അറബ് കപ്പിൽ പങ്കെടുക്കുന്നത്.

ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം അറബ് കപ്പ് വലിയൊരു ചാംപ്യൻഷിപ്പൊന്നും അല്ല. എന്നാൽ, അറബ് കപ്പിന്റെ സംഘാടനം ഖത്തറിന് ഏറെ പ്രധാനപ്പെട്ടതാണ്. എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ഖത്തറിന്റെ സംഘാടന മികവിന്റെ പരീക്ഷണ വേദി. ലോകകപ്പിനു വേണ്ടി പ്രത്യേകം തയാറാക്കിയ പല സ്റ്റേഡിയങ്ങളിലും ആദ്യമായി പന്തുരുളുന്നത് അറബ് കപ്പിനു വേണ്ടിയാകും.

∙ പരീക്ഷണങ്ങളുടെ അറബ് കപ്പ്

5000 വൊളന്റിയർമാരെയാണു ഖത്തർ അറബ് കപ്പിനു വേണ്ടി സജ്ജമാക്കുന്നത്. അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബോളിനു വേണ്ടി വരുമെന്നു പ്രതീക്ഷിക്കുന്നത് 20,000 വൊളന്റിയർമാരെയാണ്. സംഘാടനത്തിൽ ഏറെ പ്രധാനപ്പെട്ടതാണു വൊളന്റിയർമാരുടെ സാന്നിധ്യം. ഇംഗ്ലിഷ് ഒഴുക്കോടെ സംസാരിക്കാൻ കഴിയുന്നവരെയാണു വൊളന്റിയർമാരായി നിയോഗിക്കുന്നത്. വൊളന്റിയർമാരാകാനായി സംഘാടകർക്ക് ഇതിനകം ലഭിച്ചിരിക്കുന്നത് 4 ലക്ഷത്തോളം അപേക്ഷകളാണ്.

container-stadium
നിർമാണം പുരോഗമിക്കുന്ന റാസ് അബു അബുദ് സ്റ്റേഡിയം.

അൽ ബായ്ത്ത് സ്റ്റേഡിയം, അൽ തുമാമ സ്റ്റേഡിയം, റാസ് അബു അബുദ് സ്റ്റേഡിയം, അഹമ്മദ് ബിൻ അലി സ്റ്റേഡിയം, എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം, അൽ ജനൂബ് സ്റ്റേഡിയം എന്നിവിടങ്ങളിലാണ് അറബ് കപ്പ് ഫുട്ബോൾ നടക്കുക. ലോകകപ്പിനു വേണ്ടി തയാറാക്കിയ ഫാൻ ഐഡിയുടെ പരീക്ഷണ ഉപയോഗവും അറബ് കപ്പിലാകും. മത്സര ദിവസങ്ങളിൽ സൗജന്യ ബസ് സർവീസ് ഉൾപ്പെടെ ഒട്ടേറെ സേവനങ്ങൾ ഫാൻ ഐഡി വഴി ഉപയോഗപ്പെടുത്താനാകും.

സാധാരണഗതിയിൽ ലോകകപ്പ് നടക്കുന്ന രാജ്യങ്ങളുടെ തയാറെടുപ്പുകൾ വിലയിരുത്തുന്നത് കോൺഫെഡറേഷൻസ് കപ്പിന്റെ സംഘാടനത്തിലൂടെയാണ്. ഈ വർഷം കോൺഫെഡറേഷൻസ് കപ്പ് നടക്കേണ്ടിയിരുന്നതുമാണ്. എന്നാൽ, 2019ൽ ഫിഫ കോൺഫെഡറേഷൻസ് കപ്പ് വേണ്ടെന്നു വച്ചു. അങനെയാണ് ഫിഫ അറബ് കപ്പ് ഇത്തവണത്തെ ടെസ്റ്റിങ് ടൂർണമെന്റാകുന്നതും.

English Summary: Arab Cup is a Testing Ground for Qatar Before Hosting the 2022 World Cup

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA