sections
MORE

കളിക്കളങ്ങൾ ഉണർന്നു; കരുത്തരായി ടീമുകൾ; ഇനി പോരാട്ടദിനങ്ങൾ

ronaldo-messi
റൊണാൾഡോ, മെസ്സി, അന്റോയ്ൻ ഗ്രീസ്മാൻ. ചിത്രം: AFP
SHARE

യൂറോ ഫുട്ബോളിന്റെ ആവേശത്തിരയടങ്ങും മുൻപേ യൂറോപ്പിലെ ആഭ്യന്തര ലീഗുകളിൽ കളിക്കളങ്ങൾ ഉണർന്നു. ഇനിയുള്ള ഒൻപതുമാസക്കാലം മൈതാനങ്ങളെ ത്രസിപ്പിക്കുന്ന പോരാട്ടങ്ങളുടെ നാളുകൾ...

യൂറോപ്യൻ ഫുട്ബോളിൽ രണ്ടു മാസത്തേയ്ക്ക് തുറന്നടഞ്ഞ ട്രാൻസ്ഫർ ജാലകത്തിലൂടെ നേടിയ പുത്തൻ കരുത്തുമായാണ് ടീമുകൾ അടുത്ത സീസണിലെ പോരാട്ടത്തിനൊരുങ്ങുന്നത്. ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ക്ലബ് മാറ്റങ്ങളാണ് ഇത്തവണ ട്രാൻസ്ഫർ വിപണിയിലെ വലിയ വാർത്ത. ഇംഗ്ലിഷ് പ്രിമിയർ ലീഗിലും ഫ്രഞ്ച് ലീഗിലും യുവേഫ ചാംപ്യൻസ് ലീഗിലുമെല്ലാം ഇത്തവണ ആവേശം നിറച്ച് കരുത്തിന്റെ സമവാക്യങ്ങൾ മാറിമറിഞ്ഞേക്കാം. 

ഇംഗ്ലിഷ് പ്രിമിയർ ലീഗ്

ട്രാൻസ്ഫർ വിപണിയുടെ തുടക്കത്തിൽ പരിശീലകരുടെ ക്ലബ് മാറ്റങ്ങൾക്കൊണ്ടാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗ് വാർത്തകളിൽ ഇടം നേടിയത്. പിന്നാലെ സൂപ്പർതാരങ്ങളുടെ കൂടുമാറ്റങ്ങളെത്തി. ആറു മുൻനിര ടീമുകളും മികച്ച താരങ്ങളെത്തേടിയിറങ്ങിയപ്പോൾ വിപണി ഏറെ സജീവമായി. സീസണിലെ ഏറ്റവും വലിയ ക്ലബ് മാറ്റത്തിന് വഴിയൊരുക്കിയത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയായിരുന്നു. സൂപ്പർതാരത്തിന്റെ ഓൾഡ് ട്രാഫഡിലേക്കുള്ള തിരിച്ചുവരവിനു വഴിയൊരുക്കിയ അവർ ഇംഗ്ലണ്ടിലും യൂറോപ്പിലും കിരീടപ്രതീക്ഷകൾ സജീവമാക്കുകയാണ്. റെക്കോർഡ് തുകയ്ക്ക് ആസ്റ്റൺ വില്ലയിൽ നിന്ന് മിഡ്ഫീൽഡർ ജാക്ക് ഗ്രീലിഷിനെ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയും ഇന്റർ മിലാനിൽ നിന്ന് റൊമേലു ലുക്കാക്കുവിനെ തിരികെയെത്തിച്ച ചെൽസിയുമാണ് ശ്രദ്ധ നേടിയ നീക്കങ്ങൾ നടത്തിയത്. 

epl
മാഞ്ചസ്‌റ്റർ സിറ്റിയുടെ കൈൽ വാൾക്കർ. ചിത്രം: Oli SCARFF / AFP

പ്രിമിയർ ലീഗ് മൂന്നു മത്സരദിനങ്ങൾ പിന്നിട്ടപ്പോൾ മൂന്നു വിജയങ്ങളുമായി ടോട്ടനം ഹോട്പറാണ് ഒന്നാം സ്ഥാനത്തുള്ളത്. ഹോസെ മൗറിഞ്ഞോയ്ക്കു പകരക്കാരനായി എത്തിയ പോർച്ചുഗൽ പരിശീലകൻ നുനോ എസ്പിരിറ്റോ സാഞ്ചെസിന് ഇത് സ്വപ്നതുല്യമായ തുടക്കമായി. നിലവിലുള്ള ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കിയായിരുന്നു അവർ പുതിയ സീസൺ തുടങ്ങിയത്. മൂന്നു കളികളിലും ഗോൾ വഴങ്ങാതെയാണ് ടോട്ടനം വിജയത്തിലെത്തിയത്. സൂപ്പർ താരം ഹാരി കെയ്ൻ ടീമിൽ തുടരുമെന്നത് അവരുടെ ആക്രമണനിരയ്ക്ക് ഏറെ കരുത്തു നൽകും.

മൂന്നു കളികളിൽ രണ്ടു ജയം നേടിയ വെസ്റ്റ്ഹാം, മാൻ. യുണൈറ്റഡ്, ചെൽസി, ലിവർപൂൾ, എവർട്ടൺ എന്നിവരാണ് പിന്നാലെയുള്ളത്. മൂന്നിൽ ഒരു തോൽവിയോടെ മാഞ്ചസ്റ്റർ സിറ്റി ഇവരുടെയെല്ലാം പിന്നിലാണ്. സീസൺ തുടത്തിലേ തന്നെ കഷ്ടകാലം തുടങ്ങിയ മുൻ ചാംപ്യൻമാരായ ആർസനൽ ആദ്യ മൂന്നു കളിയും തോറ്റ് ലീഗിൽ അവസാന സ്ഥാനത്താണ്. 

പോയിന്റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, അടിച്ച ഗോൾ, വഴങ്ങിയ ഗോൾ, പോയിന്റ്, ഫോം ഗൈഡ് (കഴിഞ്ഞ 3 മത്സരങ്ങൾ) എന്ന ക്രമത്തിൽ.

1. ടോട്ടനം ഹോട്സ്പർ  3 3 0 0 3 0  9 (3 ജയം)

2. വെസ്റ്റ്ഹാം യുണൈറ്റഡ്  3 2 1 0 10 5  7 (സമനില,ജയം,ജയം)

3. മാഞ്ചസ്റ്റർ യുണൈറ്റഡ്  3 2 1 0 7 2  7 (ജയം,സമനില,ജയം)

4. ചെൽസി  3 2 1 0 6 1  7 (സമനില,ജയം,ജയം)

5. ലിവർപൂൾ  3 2 1 0 6 1  7 (സമനില,ജയം,ജയം)

6. എവർട്ടൺ  3 2 1 0 7 3  7 (ജയം,സമനില,ജയം)

ടോപ് സ്കോറർ

1. മൈക്കെയ്ൽ അന്റോണിയോ (വെസ്റ്റ്ഹാം)  4

2. ബ്രൂണോ ഫെർണാണ്ടെസ് (മാൻ. യുണൈറ്റഡ്)  3

3. ഡൊമിനിക് കാൾട്ടർ ലെവിൻ (എവർട്ടൺ)  3

ഇറ്റാലിയൻ സെരി എ

ഇംഗ്ലണ്ടിൽ സൂപ്പർതാരങ്ങളുടെ ക്ലബ് മാറ്റത്തിന്റെ ആവേശത്തിരയടിക്കുമ്പോൾ ഇറ്റാലിയൻ സെരി എയിൽ ക്ലബുകൾക്ക് സന്തോഷിക്കാൻ ഏറെയൊന്നുമില്ല. യുവെന്റസിൽ നിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇന്റർ മിലാനിൽ നിന്ന് റൊമേലു ലുക്കാക്കുവും ഇംഗ്ലണ്ടിലെത്തിയപ്പോൾ മാറ്റു കുറയുന്നത് സെരി എയ്ക്കാണ്. കഴിഞ്ഞ സീസണിലെ ഗോളടിവീരന്മാരായ റൊണാൾഡോയ്ക്കും ലുക്കാക്കുവിനും പകരക്കാനെ കണ്ടെത്താൻ ഇരു ക്ലബുകൾക്കും കഴിഞ്ഞിട്ടില്ലെന്നത് ആരാധകരെ നിരാശരാക്കിയിട്ടുണ്ട്. പൊതുവെ ക്ലബ് വിപണിയിൽ വമ്പൻ നീക്കങ്ങൾ നടാത്താത്തവരാണ് ഇറ്റലിയിലെ ക്ലബുകൾ.

italian-serie-a
എ.സി. മിലാനും കാഗ്ലിയാരിയും തമ്മിലുള്ള സെരി എ പോരാട്ടം. ചിത്രം: MIGUEL MEDINA / AFP

പണക്കരുത്തിൽ മാൻ. സിറ്റി, യുണൈറ്റഡ്, പിഎസ്ജി, റയൽ തുടങ്ങിയ വമ്പൻമാർക്കൊപ്പം നിൽക്കാനാവാത്തതു തന്നെ കാരണം. അതിനൊരു മാറ്റമെന്ന നിലയിലായിരുന്നു രണ്ടു സീസൺ മുൻപ് യുവെന്റസിന്റെ ഉടമ ആന്ദ്രെയ അയ്നെല്ലി കൈവിട്ട ഒരു കളിക്കൊരുങ്ങിയത്. ക്ലബ് മാറ്റ വിപണിയിൽ തരംഗമുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ യുവെന്റസിലെത്തിയപ്പോൾ അത് സെരി എയ്ക്കുപോലും അമ്പരപ്പേകി. പോർച്ചുഗൽ സൂപ്പർതാരത്തിന്റെ താരമൂല്യം ക്ലബിനെ സാമ്പത്തികമായും യൂറോപ്പ്യൻ ഫുട്ബോളിലെ മികവിന്റെ പട്ടികയിലും മുന്നിലെത്തിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അയ്നെല്ലി. 

പക്ഷേ കോവിഡ് മഹാമാരിയും ടീം നടത്തിപ്പിലെ പിടിപ്പുകേടും അവർക്ക് വൻ തിരിച്ചടിയാവുകയായിരുന്നു. റൊണാൾഡോയ്ക്കു വേണ്ടി വൻ തുക മുടക്കിയ ക്ലബിന് സൂപ്പർതാരത്തിന്റെ മികവിനൊപ്പം നിൽക്കുന്ന ഒരു ടീമിനെയൊരുക്കാനായില്ല. പിന്നീടുള്ള 2 സീസണിലും ഒരു മികച്ച താരത്തെപ്പോലും ടീമിലെത്തിക്കാൻ കഴിയാതെ പോയതോടെ സെരി എ യിലും യൂറോപ്പിലും യുവെന്റസിന്റെ സാന്നിധ്യം മെല്ലെ മാഞ്ഞു തുടങ്ങി. സാമ്പത്തിക തകർച്ചയുടെ വക്കിലെത്തിയ ക്ലബിന് റൊണാൾഡോയുടെ വരുമാനം തന്നെ വലിയ ബാധ്യതയായി. രക്ഷപെടാനുള്ള അവസാന വഴിയായി താരത്തെ കൈമാറുക എന്ന അവസ്ഥയിലെത്തി.

റൊണാൾഡോ പോയിട്ടും പകരം മറ്റൊരു മികച്ച സ്ട്രൈക്കറെ ടീമിലെത്തിക്കാൻ യുവെന്റസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ 2 സീസണിലും യുവെയ്ക്ക് നിർണായക മത്സരങ്ങളിൽ വലിയ ആശ്രയമായിരുന്ന റൊണാൾഡോ ഇല്ലാതെ കരുത്തുചോർന്ന ടീമുമായിട്ടാണ് പുതിയ കോച്ച്  മാസ്സിമിലിയാനോ അലെഗ്രിയുടെ ക്ലബിലെ രണ്ടാമൂഴം തുടങ്ങുന്നത്.

സെരി എ ചാംപ്യൻമാരായ ഇന്റമിലാനും ട്രാൻസ്ഫർ വിപണിയിൽ നേട്ടത്തെക്കാളേറെ നഷ്ടമാണുണ്ടായത്. ലുക്കാക്കുവിനെയും അച്റഫ് ഹക്കിമിയെയും നഷ്ടമായത് പുതിയ സീസണിൽ അവർക്ക് തിരിച്ചടിയായേക്കും. അർജന്റീനയുടെ സ്ട്രൈക്കർ ജോക്വിൻ കൊറയയും ബോസ്നിയ സ്ട്രൈക്കർ എഡിൻ ജെക്കോയുമാണ് പകരമെത്തിയ പ്രധാന താരങ്ങൾ. സെരി എ 2 മത്സരദിനങ്ങൾ പിന്നിടുമ്പോൾ തകർപ്പൻ തുടക്കവുമായി ചാംപ്യൻമാരായ ഇന്ററും മുൻനിര ടീമുകളായ റോമ, എസി മിലാൻ, നാപ്പോളി എന്നിവരും ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുർന്നു. അതേസമയം ക്രിസ്റ്റ്യാനോയില്ലാതെയിറങ്ങിയ യുവെ 2 കളികളിലും വിജയം നേടാനാവാതെ നിരാശയോടെയാണ് തുടങ്ങിയത്. 

ആദ്യ മത്സര ദിനത്തിൽ ജെനോവയെ 4-0 നു തകർത്ത ഇന്റർ, രണ്ടാം മത്സരത്തിൽ വെറോണയെ 3-1 നു തോൽപ്പിച്ചു. കഴിഞ്ഞ സീസണിലെ ഗോളടി മികവ് പുതിയ കോച്ച് സിമോണെ ഇൻസാഗിയുടെ കീഴിലും തുടരുകയാണ്. ആദ്യ 2 കളികളിൽ 9 ഗോളുകൾ നേടി ഉജ്വല തുടക്കമിട്ട ലാസിയോയാണ് സെരി എയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇന്റർ രണ്ടാമതുണ്ട്. പുതിയ കോച്ച് ഹോസെ മൗറിഞ്ഞോയ്ക്കു കീഴിൽ പുത്തൻ കരുത്തുമായി ഇറങ്ങിയ എസ് റോമ 2 കളികളും ജയിച്ച് മൂന്നാം സ്ഥാനത്താണ്. നാപ്പൊളി, ഉഡിനേസി എന്നിവരാണ് പിന്നിൽ.

പോയിന്റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, അടിച്ച ഗോൾ, വഴങ്ങിയ ഗോൾ, പോയിന്റ്, ഫോം ഗൈഡ് (കഴിഞ്ഞ 2 മത്സരങ്ങൾ) എന്ന ക്രമത്തിൽ

1. ലാസിയോ  2 2 0 0 9 2  6 (2 ജയം)

2. ഇന്റർ മിലാൻ  2 2 0 0 7 1  6 (2 ജയം)

3. എഎസ് റോമ  2 2 0 0 7 1  6 (2 ജയം)

4. എസി മിലാൻ  2 2 0 0 5 1  6 (2 ജയം)

5. നാപ്പൊളി  2 2 0 0 4 1 6 (2 ജയം)

6. ഉഡിനേസി  2 1 1 0 5 2  4 (ജയം, സമനില)

ടോപ് സ്കോറർ

1. സിറോ ഇമ്മൊബിലെ (ലാസിയോ)  4

2. യോർദൻ വെറട്ടൂട്ട് (റോമ)  3

3. ജെറാർഡ് ഡിലൂഫെ (ഉഡിനേസി)  2

ഫ്രഞ്ച് ലീഗ് വൺ

യൂറോപ്യൻ ഫുട്ബോളിൽ പാരിസ് സെയ്ൻ ജർമന്റെ ഫ്രഞ്ച് വിപ്ലമായിരുന്നു ക്ലബ് മാറ്റ വിപണിയിൽ തംരംഗമായത്. ബാർസിലോനയിൽ നിന്ന് ലയണൽ മെസ്സിയെ ടീമിലെത്തിച്ച പിഎസ്ജി, അറേബ്യൻ ഉടമകളുടെ എണ്ണപ്പണത്തിന്റെ കരുത്ത് വീണ്ടും തെളിയിച്ചു. മെസ്സിക്കു പുറമെ സെർജിയോ റാമോസ്, ജിയാൻ ല്യൂജി ഡോണരുമ, ജോർജിനോ വിനാൾഡം, അച്റഫ് ഹക്കിമി എന്നിവരെക്കൂടി സ്വന്തമാക്കിയ അവർ ലക്ഷ്യമിടുന്നത് ഫ്രാൻസിലെ എല്ലാ കിരീടങ്ങൾക്കുമപ്പുറം വർഷങ്ങളായി കാത്തിരിക്കുന്ന യൂറോപ്യൻ ചാംപ്യൻസ് ലീഗ് പട്ടം തന്നെയാണ്.

psg
പിഎസ്‌ജി താരം നെഡിം റെമിലി (മധ്യം), ഫെലിക്‌സ് ക്ലാറിൽ (ഇടത്) പന്തിന് വേണ്ടി പോരാടുന്നു. ചിത്രം: Ina Fassbender / AFP

പണ്ട് ഫ്ലോറന്റിനോ പെറസ് റയൽ മഡ്രിഡിൽ നടപ്പാക്കിയ ഗലാക്റ്റിക്കോസ് (ആരും കൊതിക്കുന്ന സൂപ്പർതാരനിര) എന്ന പദ്ധതിയാണ് പിഎസ്ജി ഇപ്പോൾ ലീഗ് വണ്ണിൽ യാഥാർഥ്യമാക്കുന്നത്. മെസ്സിക്കൊപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ടീമിലെത്തിക്കാൻ നിഷ്പ്രയാസം സാധിക്കുമായിരുന്ന പിഎസ്ജിക്ക് അതു വേണ്ടെന്നുവയ്ക്കാൻ സാധിച്ചതും നിർലോഭമായ സമ്പത്തിന്റെ കരുത്തിൽ തന്നെയാണ്. ഇഷ്ടമുള്ള ഏത് താരത്തെയും ടീമിലെത്തിക്കാൻ കെൽപ്പുള്ള തലത്തിലേക്ക് പിഎസ്ജി പദ്ധതികൾ ഒരുക്കുമ്പോൾ യൂറോപ്പിലെ ശ്രേഷ്ഠരായ ഫുട്ബോൾ ക്ലബുകൾക്കിടയിലെ കരുത്തിന്റെ സമവാക്യങ്ങൾ ഇനി മാറിയേക്കാം.

പിഎസ്ജിയുടെ സൂപ്പർതാരനിരയുടെ പ്രഭയിൽ ഇക്കുറി ലീഗ് വണ്ണിലെ ബാക്കിയെല്ലാ ടീമുളും നിഷ്പ്രഭരായിപ്പോകാനാണു സാധ്യത. ലൈനപ്പിലെ കരുത്തുനോക്കിയാൽ ലീഗ് വൺ കിരീടവിജയം പിഎസ്ജിക്ക് അനായാസമെന്നു തന്നെ തോന്നാം. പക്ഷേ കഴിഞ്ഞ സീസണിൽ ഒരു പോയിന്റിന് അവരെ പിന്തള്ളി കിരീടത്തിൽ മുത്തമിട്ട ലീൽ ഇത്തവണയും വീര്യം ചോരാതെയുണ്ട്. ഒപ്പം കിരീടപ്പോരാട്ടത്തിൽ ആവേശം നിറയ്ക്കാൻ കെൽപ്പുള്ള മൊണാക്കോ, ലിയോൺ, മാഴ്സെയ്, റെൻ എന്നിവരെല്ലാമുണ്ട്. കഴിഞ്ഞ സീസണെ അപേക്ഷിച്ച് മെസ്സി എന്ന ഘടകം പിഎസ്ജിക്ക് എത്രത്തോളം കരുത്തുപകരും എന്നതിനെ ആശ്രയിച്ചിരിക്കും അവരുടെ കിരീടക്കുതിപ്പുകളെല്ലാം തന്നെ. 

പുതിയ സീസണിൽ ലീഗ് വൺ 4 മത്സരദിനങ്ങൾ പിന്നിടുമ്പോൾ നാലു ജയവും 12 ഗോളുകളുമായി പിഎസ്ജി ഉജ്വലമായാണ് തുടങ്ങിയത്. അതേസമയം നാലിൽ ഒന്നിൽ മാത്രം ജയം കണ്ടെത്താനായ നിലവിലെ ജേതാക്കളായ ലീലിന് തുടക്കം നിരാശയോടെയായി. 3 കളികൾ ജയിച്ച ആംഗേഴ്സാണ് അപ്രതീക്ഷിതമായി രണ്ടാം സ്ഥാനത്തുള്ളത്. മാഴ്സെയ് (7), റെൻ (8), ലിയോൺ (9), ലീൽ (11) എന്നിവരെല്ലാം ഏറെ പിന്നിലാണിപ്പോൾ. 

പോയിന്റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, അടിച്ച ഗോൾ, വഴങ്ങിയ ഗോൾ, പോയിന്റ്, ഫോം ഗൈഡ് (കഴിഞ്ഞ 4 മത്സരങ്ങൾ) എന്ന ക്രമത്തിൽ.

1. പിഎസ്ജി  4 4 0 0 12 5  12 (4 ജയം)

2. ആംഗേഴ്സ്  4 3 1 0 8 1  10 (ജയം,സമനില,ജയം,സമനില)

3. ക്ലെമോണ്ട് ഫൂട്ട്  4 2 2 0 9 5  8 (സമനില,സമനില,ജയം,ജയം)

4. നീസ്  3 2 1 0 8 0  7 (ജയം,ജയം,സമനില)

5. മാഴ്സെയ്  3 2 1 0 8 5  7 (ജയം,സമനില,ജയം)

ടോപ് സ്കോറർ

1. കിലിയൻ എംബപ്പേ (പിഎസ്ജി)  3

2. ദിമിത്രി പായെ (മാഴ്സെയ്)  3

3. കാസ്പർ ഡോൾബെർഗ് (നീസ്)  3

ജർമൻ ബുന്ദസ് ലിഗ

ബയൺ മ്യൂണിക്കിന്റെ വൺമാൻ ഷോ നടക്കുന്ന ജർമൻ ബുന്ദസ് ലിഗയിൽ ക്ലബ് മാറ്റ വിപണിയിലും സാന്നിധ്യമറിയിച്ചത് അവരാണ്. തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാകുമെന്നു കരുതുന്ന ടീമുകളിലെ മികച്ച താരങ്ങളെ സ്വന്തമാക്കുകയെന്നത് വർഷങ്ങളായുള്ള ബയണിന്റെ തന്ത്രമാണ്. ഇക്കുറിയും അതിനു മാറ്റമുണ്ടായില്ല. കഴിഞ്ഞ സീസണിൽ കിരീടപ്പോരാട്ടത്തിൽ അവർക്ക് കടുത്ത വെല്ലുവിളിയുയർത്തിയ ടീമായിരുന്നു ആർബി ലൈപ്സിഗ്. ലൈപ്ഗിസിന് ബയൺ ആദ്യ പണി കൊടുത്തത് അവരുടെ യുവ പരിശീലകൻ യൂലിയൻ നൈഗെൽസ്മാനെ ടീമിലെത്തിച്ചാണ്. ജർമനിയുടെ പരിശീലകനായി പോയ ഹാൻസി ഫ്ലിക്കിനു പകരക്കാരനായി ചെറുപ്പക്കാരനായ നൈഗൽസ്മനെ സ്വന്തമാക്കുമ്പോൾ ബയൺ പറഞ്ഞത് അത് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയെന്നായിരുന്നു. കാര്യം ശരിയാണെങ്കിലും പണി കിട്ടിയത് അവരുടെ കടുപ്പകാരായ എതിരാളികൾക്കായിരുന്നു.

german-league
ജർമൻ ബുന്ദസ് ലിഗ മത്സരത്തിലെ കാഴ്‌ച. ചിത്രം: Ronny HARTMANN / AFP

പക്ഷേ അവിടെയും തീർന്നില്ല. കഴിഞ്ഞ സീസണിൽ ലൈപ്ഗിസിന്റെ നെടുംതൂണായിരുന്ന ഓസ്ട്രിയൻ മധ്യനിരതാരം മാർസെൽ സബിറ്റ്സറെയും ബയൺ സ്വന്തം നിരയിലെത്തിച്ചു. പിന്നാലെ പ്രതിരോധനിരയിലെ കരുത്തനായ ഡയോട്ട് ഉപമെകാനോയും ബയണിലേക്കു ചേക്കേറിയതോടെ ലൈപ്സിഗിന് തിരിച്ചടികളുടെ കാലമായി. സൂപ്പർതാരം റോബർട്ട് ലെവൻഡോവ്സികയെ ടീമിൽ നിലനിർത്താനായാത് പുതിയ സീസണിലും ആധിപത്യം തുടരാൻ ബയണിനു തുണയാകും.

ക്ലബ് മാറ്റ വിപണിയിൽ കാര്യമായ നഷ്ടങ്ങളില്ലാതെ പിടിച്ചു നിന്ന ബോറുസിഡയ ഡോർട്ട്മുണ്ട് തന്നെയാകും ഇത്തവണയും ബയണിന്റെ പ്രധാന എതിരാളി. യൂറോപ്പിലെ വമ്പൻമാരെല്ലാം വില പറഞ്ഞ യുവസ്ട്രൈക്കർ എർലിങ് ഹാലൻഡിനെ കൈവിടാതെ കാത്തത് അവർക്ക് കുറച്ചൊന്നുമല്ല ആത്മവിശ്വാസമാവുക. ബുന്ദസ് ലിഗ 3 മത്സരദിനങ്ങൾ പിന്നിടുമ്പോൾ എല്ലാ കളികളും ജയിച്ച് വോൾവ്സ്ബർഗാണ് ഒന്നാം സ്ഥാനത്തുള്ളത്. ലെവർകുസെനും ബയണും തൊട്ടുപിന്നിലുണ്ട്. മൂന്നിൽ ഒരു കളിയിൽ തോൽവിയറിഞ്ഞ ഡോർട്ട്മുണ്ട് അതിലും പിന്നിലാണ്. ഒരു ജയം മാത്രം നേടിയ ലൈപ്സിഗ് 10 സ്ഥാനത്താണുള്ളത്. 

പോയിന്റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, അടിച്ച ഗോൾ, വഴങ്ങിയ ഗോൾ, പോയിന്റ്, ഫോം ഗൈഡ് (കഴിഞ്ഞ 4 മത്സരങ്ങൾ) എന്ന ക്രമത്തിൽ.

1. വോൾവ്സ്ബർഗ്  3 3 0 0 4 1  9 (3 ജയം)

2. ലെവർകുസെൻ  3 2 1 0 9 2  7 (ജയം,ജയം,സമനില)

3. ബയൺ മ്യൂനിക്  3 2 1 0 9 3  7 (ജയം,ജയം,സമനില)

4. ഫ്രെയ്ബർഗ്  3 2 1 0 5 3  7  (ജയം,ജയം,സമനില)

5. ഡോർട്ട്മുണ്ട്  3 2 0 1 9 6  6  (ജയം, തോൽവി, ജയം)

ടോപ് സ്കോറർ

1. ലെവൻഡോവ്സ്കി (ബയൺ)  5

2. എർലിങ് ഹാലൻഡ് (ഡോർട്ട്മുണ്ട്)  3

3. ജിയൊവനി റെയ്ന (ഡോർട്ട്മുണ്ട്)  3

സ്പാനിഷ് ലീഗ്

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു പിന്നാലെ ലയണൽ മെസ്സിയും പോയതോടെ സൂപ്പർതാരത്തിളക്കം നഷ്ടപ്പെട്ടിരിക്കുകയാണ് സ്പാനിഷ് ലാ ലിഗയ്ക്ക്. മെസ്സിയില്ലാത്ത ജീവിതവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ബാർസിലോന. ലീഗിലെ ആദ്യ മത്സരത്തിൽ മെസ്സിയുടെ കുപ്പായമണിഞ്ഞു വന്ന നൂറുകണക്കിന് ആരാധകർ മെസ്സി ബാർസയുടെ മനസ്സിൽനിന്നു പോയിട്ടില്ലെന്നതിനു തെളിവായി. യൂറോപ്പിൽ ഇത്തവണ ക്ലബ് മാറ്റ വിപണിയിൽ ഏറ്റവുമേറെ നഷ്ടമുണ്ടായ ക്ലബുകളിന്നൊയി ബാർസലോന മാറിയെന്നതാണ് സങ്കടകരം. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട ക്ലബ് നിലനിൽപ്പിന്റെ ഭാഗമായിട്ടായിരുന്നു മെസ്സിയെ കൈവിട്ടത്. കൂടാതെ എമേഴ്സൺ റൊയാൽ, ജൂനിയർ ഫിർപ്പോ, അന്റോയിൻ ഗ്രീസ്മൻ, മിറാലം പ്യാനിച്ച് എന്നീ മികച്ച താരങ്ങളെക്കൂടി നഷ്ടമായത് പുതിയ സീസണിൽ അവർക്ക് കനത്ത തിരിച്ചടിയായേക്കാം. മെസ്സിക്കു പകരം നല്ലൊരു സ്ട്രൈക്കറെ കണ്ടെത്താൻ കളിയാത്തത് ബാർസയ്ക്ക് ക്ഷീണമാകും. 

la-liga
വില്ലാറയൽ, ഗ്രനാഡ മത്സരത്തിൽ നിന്നുള്ള കാഴ്‌ച. ചിത്രം: JOSE JORDAN / STR / AFP

ബാർസലോന തിരിച്ചടികൾ നേരിടുമ്പോൾ റയൽ മഡ്രിഡ് താരതമ്യേനെ ഭേദപ്പെട്ട നിലയിലാണ് പുതിയ സീസണിൽ പൊരുതാനിറങ്ങുന്നത്. റഫേൽ വരാൻ, സെർജിയോ റാമോസ് എന്നീ പ്രധാന പ്രതിരോധനിരതാരങ്ങളെ നഷ്ടപ്പെട്ടെങ്കിലും ഡേവിഡ് അലാബ, യുവതാരം എഡ്വാർഡോ കാമവിങ എന്നിവരെ ടീമിലെത്തിച്ച അവർ കരുത്തു കുറയാതെ കാത്തു.  ഏറെ പ്രതീക്ഷിച്ച കിലിയൻ എംബപ്പേയുടെ വരവുണ്ടായില്ല എന്നതു മാത്രമാണ് റയലിന് ഇത്തവണ നിരാശയായത്.

പ്രധാന താരങ്ങളെയെല്ലാം നിലനിർത്താനായ നിലവിലുള്ള ജേതാക്കളായ അത്‌ലറ്റിക്കോ മഡ്രിഡ് ഇത്തവണയും കിരീടപ്പോരാട്ടത്തിൽ റയലിനും ബാർസയ്ക്കും വെല്ലുവിളിയാകും. അന്റോയിൻ ഗ്രീസ്മന്റെ തിരിച്ചുവരവും റോഡ്രിഗോ ഡി പോളിന്റെ വരവും അവർക്ക് കൂടുതൽ കരുത്തേകും. 

സ്പാനിഷ് ലീഗ് 3 മത്സരദിനങ്ങൾ പിന്നിടുമ്പോൾ മുൻ നിര ടീമുകളെല്ലാം 2 ജയങ്ങളുമായി ഒപ്പത്തിനൊപ്പമാണ്. ഗോളടിമികവിന്റെ പിൻബലത്തിൽ റയലാണ് ഒന്നാം സ്ഥാനത്ത്. സെവിയ്യ, വലൻസിയ, ബാർസലോന, അത്‌ലറ്റിക്കോ എന്നിവർ പിന്നാലെയുണ്ട്. 

പോയിന്റ് നില

ടീം, മത്സരം, ജയം, സമനില, തോൽവി, അടിച്ച ഗോൾ, വഴങ്ങിയ ഗോൾ, പോയിന്റ്, ഫോം ഗൈഡ് (കഴിഞ്ഞ 3 മത്സരങ്ങൾ) എന്ന ക്രമത്തിൽ.

1. റയൽ മഡ്രിഡ്  3 2 1 0 8 4  7 (ജയം,സമനില,ജയം)

2. സെവിയ്യ  3 2 1 0 5 1  7 (സമനില,ജയം,ജയം)

3. വലൻസിയ  3 2 1 0 5 1  7 (ജയം,സമനില,ജയം)

4. ബാർസലോന  3 2 1 0 7 4  7 (ജയം,സമനില,ജയം)

5. അത്ലറ്റിക്കോ മഡ്രിഡ്  3 2 1 0 5 3  7 (സമനില,ജയം,ജയം)

ടോപ് സ്കോറർ

1. ഏഞ്ചൽ കൊറെയ (അത്‌ലറ്റിക്കോ)  3

2. എറിക് ലമേല (സെവിയ്യ)  3

3. വിനിഷ്യസ് ജൂനിയർ (റയൽ മഡ്രിഡ്)  3

English Summary: Club Football Returns to Europe After Euro 2020; Major Updates So far!

    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA