ADVERTISEMENT

∙ കോവിഡ് പ്രതിസന്ധിക്കു ശേഷം മുഴുവൻ മത്സരങ്ങളും നടത്താൻ തയാറെടുത്ത് ഇന്ത്യൻ ഫുട്ബോൾ ലോകം

∙ ഡ്യുറാൻഡ് കപ്പിൽ കാണികൾക്കും അനുമതി; കോവിഡ് കാലത്ത് ആദ്യം

∙ ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങൾക്കും ഷെഡ്യൂൾ തയാറാകുന്നു

കോവിഡ് പ്രതിസന്ധി മാറ്റിവച്ച് ഇന്ത്യയിലെ ഫുട്ബോൾ സ്റ്റേഡിയങ്ങൾ തുറന്നു. ദേശീയ ചാംപ്യൻഷിപ്പുകൾ അടക്കം എല്ലാ പ്രധാന ടൂർണമെന്റുകളും നടത്താനുള്ള തയാറെടുപ്പിലേക്ക് ഇന്ത്യൻ ഫുട്ബോൾ ലോകം. കോവിഡ് വലച്ച കഴിഞ്ഞ സീസണിൽ ഐഎസ്എൽ, ഐ ലീഗ് മത്സരങ്ങൾ മാത്രമാണു നടന്നത്. സന്തോഷ് ട്രോഫി അടക്കമുള്ള ദേശീയ ചാംപ്യൻഷിപ്പുകൾ നടന്നില്ല. വനിതാ ലീഗുകളും മുടങ്ങി. വിവിധ പ്രായ വിഭാഗത്തിലുള്ള ദേശീയ ലീഗുകളും കഴിഞ്ഞ സീസണിൽ നടന്നില്ല. ഇന്ത്യയിലെ സാഹചര്യങ്ങൾ കൂടുതൽ മെച്ചമായെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ജനറൽ ബോഡി യോഗത്തിന്റെ വിലയിരുത്തൽ.

∙ ഗാലറി തുറന്ന് കൊൽക്കത്ത

കൊൽക്കത്തയിൽ ആരംഭിച്ച ഡ്യുറാൻഡ് കപ്പ് ചാംപ്യൻഷിപ്പിൽ ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിന്റെ 50 ശതമാനം കാണികൾക്ക് പ്രവേശനത്തിന് അനുമതി നൽകിയിട്ടുണ്ട്. കോവിഡ് കാലത്ത് ആദ്യമാണ് ഇന്ത്യയിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നത്. 50 ശതമാനം പേർക്ക് പ്രവേശനാനുമതി ബംഗാൾ സർക്കാർ നൽകിയെങ്കിലും ആദ്യഘട്ടത്തിൽ കുറച്ചു പേരെ മാത്രം പ്രവേശിപ്പിക്കാം എന്ന നിലപാടിലാണ് ഡ്യുറാൻഡ് കപ്പ് അധികൃതർ. ഫൈനൽ റൗണ്ടുകൾ ആകുമ്പേോഴേക്കും കൂടുതൽപ്പേരെ പ്രവേശിപ്പിക്കാമെന്നാണ് അറിയിപ്പ്.

കൊൽക്കത്തയിലെ 3 സ്റ്റേഡിയങ്ങളിലായി നടക്കുന്ന ഡ്യൂറാൻഡ് കപ്പോടെയാണ് ഇക്കുറി ഇന്ത്യയിൽ ഫുട്ബോൾ സീസൺ കിക്ക്ഓഫ് ചെയ്തത്. കൊൽക്കത്തയിൽ നടക്കുന്ന ചാംപ്യൻഷിപ്പിൽ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ്ബംഗാളും മോഹൻ ബാഗാനും പങ്കെടുക്കുന്നില്ല. മുഹമ്മദൻസാണ് കൊൽക്കത്തയുടെ പ്രതിനിധി. ഐഎസ്എൽ ടീമുകളായ എഫ്സി ഗോവ, ബെംഗളൂരു എഫ്സി. ഹൈദരാബാദ് എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, ജംഷഡ്പുർ എഫ്സി, ഐ ലീഗ് ടീമുകളായ മുഹമ്മദൻസ്, ഗോകുലം കേരള, സുദേവ, രണ്ടാം ഡിവിഷൻ ക്ലബ്ബുകളായ എഫ്സി ബെംഗളൂരു യുണൈറ്റഡ്, ഡൽഹി എഫ്സി, സേനാ ടീമുകളായ ആർമി ഗ്രീൻ, ആർമി റെഡ്, ഇന്ത്യൻ നേവി, സിആർപിഎഫ് എന്നിവയാണ് ഡ്യുറാൻഡ് കപ്പിൽ പങ്കെടുക്കുന്നത്. ഐഎസ്എൽ, ഐലീഗ് ടീമുകൾ ലീഗ് സീസണിനു മുന്നോടിയായുള്ള പ്രീ സീസൺ മത്സരമായാണ് ഇക്കുറി ഡ്യുറാൻഡ് കപ്പിനെ കാണുന്നത് എന്നതു കൊണ്ടു തന്നെ മത്സരത്തിനു വാശിയേറുന്നു.

കൊൽക്കത്ത സോൾട്ട്‌ലേക്ക് സ്റ്റേഡിയം, കല്യാണി മുനിസിപ്പൽ സ്റ്റേഡിയം, മോഹൻ ബഗാൻ സ്റ്റേഡിയം എന്നിവിടങ്ങളിലായി നടക്കുന്ന ഡ്യൂറാൻഡ് കപ്പിന്റെ ഫൈനൽ ഒക്ടോബർ മൂന്നിനാണ്.

∙ ലീഗുകളുടെ പൊടിപൂരം

ഐഎസ്എൽ ഫുട്ബോൾ നവംബർ 19ന് ആരംഭിക്കും. ഐ ലീഗ് മത്സരങ്ങൾ ഡിസംബർ അവസാന വാരം തുടങ്ങുമെന്നാണ് ടീമുകൾക്കു ലഭിച്ച അറിയിപ്പ്. സന്തോഷ് ട്രോഫി സോണൽ മത്സരങ്ങൾ നവംബർ 21ന് തുടങ്ങും. നവംബർ 10ന് ദേശീയ വനിതാ ചാംപ്യൻഷിപ്പും ആരംഭിക്കും. നവംബറിൽ ഐഎഫ്എ ഷീൽഡ് സംഘടിപ്പിക്കാനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

∙ ഐ ലീഗ് യോഗ്യതയിലേക്ക് കേരള ടീമും 

ഒക്ടോബർ നാലു മുതൽ ബെംഗളൂരു ഫുട്ബോൾ സ്റ്റേഡിയത്തിൽ ഐ ലീഗ് യോഗ്യതാ മത്സരങ്ങൾ ആരംഭിക്കും. കേരളത്തിൽ നിന്ന് കേരള യുണൈറ്റഡ് എഫ്സിയും യോഗ്യതാ മത്സരത്തിനുണ്ട്. ഒരു ടീമിനാണ് ഐ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. കേരള യുണൈറ്റഡിനു പുറമെ രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, കശ്മിർ എഫ്സി, റിന്റി എസ്‌സി, മദൻ മഹാരാജ് എസ്‌സി, ബെംഗളൂരു യുണൈറ്റഡ്, കോർബറ്റ് എഫ്സി, കെൻക്രെ സ്പോർട്സ്, ഡൽഹി എഫ്സി, അഹമ്മദാബാദ് റാക്കറ്റ് അക്കാദമി ഫുട്ബോൾ ക്ലബ് എന്നീ ടീമുകളാണു ഐ ലീഗ് യോഗ്യതയ്ക്ക് എത്തുന്നത്. 

∙ ഇന്ത്യയിലെ ഫുട്ബോൾ കലണ്ടർ ഇതാ

(തീയതി, മത്സരം, വേദി ക്രമത്തിൽ)

∙ സെപ്റ്റംബർ 5–ഒക്ടോബർ 3: ഡ്യുറാൻഡ് കപ്പ്, കൊൽക്കത്ത 

∙ ഒക്ടോബർ 4– 23: ഐ ലീഗ് യോഗ്യതാ മത്സരം, ബെംഗളൂരു 

∙ നവംബർ  10–30 ദേശീയ വനിതാ ചാംപ്യൻഷിപ്പ്, അന്തിമ വേദി നിശ്ചയിച്ചിട്ടില്ല

∙ നവംബർ 19 മുതൽ: ഐഎസ്എൽ, ഗോവ 

∙ നവംബർ 21–ഡിസംബർ 5: സന്തോഷ് ട്രോഫി സോണൽ മത്സരങ്ങൾ, അന്തിമ വേദി നിശ്ചയിച്ചിട്ടില്ല 

∙ ഡിസംബർ അവസാന വാരം മുതൽ: ഐ ലീഗ്, വേദി തീരുമാനിച്ചില്ല 

∙ ജനുവരി ആദ്യ വാരം: സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട്, വേദി തീരുമാനിച്ചില്ല 

English Summary: India Football Calendar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com