ADVERTISEMENT

മാഞ്ചസ്റ്റർ ∙ വേരുറപ്പിച്ച മണ്ണിലെത്തിയാൽ ഏതു മഹാവൃക്ഷവും പൂത്തുലഞ്ഞു പോകും! ഓൾഡ് ട്രാഫഡിന്റെ മണ്ണിൽ, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുവപ്പു ജഴ്‌സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പൂത്തു ലഞ്ഞു– ഒന്നല്ല, രണ്ടു വട്ടം! ഗുൽമോഹർ പൂക്കൾ വീണു ചിതറിയ പോലുള്ള ഗാലറി ഒരിക്കൽ കൂടി തങ്ങളുടെ പ്രിയതാരത്തിനു ചുവപ്പു പരവതാനി വിരിച്ചു. ക്ലബ്ബിലേക്കുള്ള രണ്ടാം വരവിലെ അരങ്ങേറ്റത്തിൽ തന്നെ ക്രിസ്റ്റ്യാനോ ഇരട്ടഗോൾ നേടിയപ്പോൾ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജയം 4–1ന്. ബ്രൂണോ ഫെർണാണ്ടസ്, ജെസ്സി ലിങ്ങാർദ് എന്നിവരും യുണൈറ്റഡിനായി ഗോൾ നേടി. 

മാഞ്ചസ്റ്റർ യുണൈറ്റഡിനായി 2–ാം ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം; ഗാലറിയുടെയും!
മാഞ്ചസ്റ്റർ യുണൈറ്റഡിനായി 2–ാം ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ലാദം; ഗാലറിയുടെയും!

മറ്റു കളികളിൽ ക്രിസ്റ്റൽ പാലസ് 3–0ന് ടോട്ടനം ഹോട്സ്പറിനെ അട്ടിമറിച്ചു. ആർസനൽ 1–0ന് നോർവിച്ച് സിറ്റിയെയും മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെയും തോൽപിച്ചു (1–0). ജയിച്ചു എന്നതു മാത്രമല്ല യുണൈറ്റ‍ഡ് ആരാധകരുടെ സന്തോഷം. ക്രിസ്റ്റ്യാനോ വന്നതോടെ ടീമിനുണ്ടായ നവോൻമേഷം കൂടിയാണ്. പോർച്ചുഗൽ താരത്തിനു സ്വാഗതമോതി പോൾ പോഗ്ബ മുതൽ ബ്രൂണോ ഫെർ‌ണാണ്ടസ് വരെയുള്ളവർ പറന്നു കളിച്ചു. ആദ്യ പകുതിയുടെ അധിക സമയത്ത് മേസൻ ഗ്രീൻവുഡിന്റെ ഷോട്ട് ന്യൂകാസിൽ ഗോൾകീപ്പർ ഫ്രെഡീ വുഡ്മാൻ തട്ടിയകറ്റിയതിലേക്കു പൊട്ടി വീണാണ് ക്രിസ്റ്റ്യാനോ ആദ്യ ഗോൾ നേടിയത്.

56–ാം മിനിറ്റിൽ ഹവിയർ മാൻക്വില്ലോ ന്യൂകാസിലിനെ ഒപ്പമെത്തിച്ചെങ്കിലും 62–ാം മിനിറ്റിൽ ലൂക്ക് ഷായുടെ പാസ് ഓടിപ്പിടിച്ചെടുത്ത്, ഗോൾകീപ്പറുടെ കാലുകൾക്കിടയിലൂടെ കടത്തി വിട്ട് ക്രിസ്റ്റ്യാനോ യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. 80–ാം മിനിറ്റിൽ 25 മീറ്റർ അകലെ നിന്നുള്ള മഴവിൽ ഷോട്ടിൽ ബ്രൂണോ ഫെർണാണ്ടസ് ടീമിന്റെ ലീയുയർത്തി. ഇൻജറി ടൈമിൽ പോഗ്ബ ഒരുക്കി നൽകിയ മറ്റൊരു മുന്നേറ്റത്തിൽ ലിങ്ങാർദും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡിനു പെർഫക്ട് ജയം.

∙ യുണൈറ്റഡ് ജഴ്സിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 86 ഗോളുകളായി. 2003–09 കാലഘട്ടത്തിലെ 196 മത്സരങ്ങളിൽ 84 ഗോളുകൾ. രണ്ടാം വരവിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ടഗോളും.

English Summary: Cristiano Ronaldo Nets Brace On Return, Manchester United Win 4-1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com