sections
MORE

റൊണാൾഡോ ഗോളടിച്ചിട്ടും യുണൈറ്റഡ് തോറ്റു; ബാർസയെ വീഴ്ത്തി ബയൺ!

pogba-sad
യങ് ബോയ്സ് താരങ്ങൾ ഗോൾനേട്ടം ആഘോഷിക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയുടെ നിരാശ (യുസിഎൽ ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ബയൺ മ്യൂണിക്കിനു മുന്നിൽ തലകുനിക്കുന്നതു പതിവാക്കിയ ബാർസിലോന. റൊമേലു ലുക്കാകുവിന്റെ ഹെഡറിൽ ജയിച്ചു കയറി നിലവിലെ ജേതാക്കളായ ചെൽസി. തുടർച്ചയായ തോൽവികളിൽ നിന്നു വിജയവഴിയിലേക്കു തിരിച്ചുവന്ന യുവന്റസ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ചിട്ടും തോറ്റുപോയ മാഞ്ചസ്റ്റർ യുണൈറ്റഡ്. ചാംപ്യൻസ് ലീഗ് പുതിയ സീസൺ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യദിന മത്സരങ്ങളിൽ തോൽവിയുടെ കണ്ണീരും വിജയത്തിന്റെ മധുരവും സമാസമം.

∙ ബാർസയുടെ ദുഃസ്വപ്നം

2019–20 സീസൺ ക്വാർട്ടർ ഫൈനലിൽ ഏറ്റുവാങ്ങിയ 8–2ന്റെ തോൽവിക്കു ശേഷം ചാംപ്യൻസ് ലീഗിൽ ആദ്യമായി ബയണിനെ നേരിടാനിറങ്ങിയപ്പോൾ പ്രതികാരം എന്ന ലക്ഷ്യം ചില ബാർസിലോന ആരാധകരുടെയെങ്കിലും മനസ്സിലുണ്ടായിരുന്നു. പക്ഷേ, 2003–04 സീസണിനു ശേഷം ആദ്യമായി ഒരു ചാംപ്യൻസ് ലീഗ് സീസണിൽ‌ ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ ബാർസയെ ആ മത്സരത്തിന്റെ ഓർമകൾ ഇപ്പോഴും വേട്ടായാടുന്നുണ്ട് എന്നുള്ളത് ആദ്യ പകുതിയിൽ തന്നെ വ്യക്തമായിരുന്നു.

പുതിയ ടീമിനായി ചാംപ്യൻസ് ലീഗിൽ അരങ്ങേറ്റം കുറിച്ച മെംഫിസ് ഡീപായും ലൂക് ഡിയോങ്ങും നയിച്ച കാറ്റലൻ മുന്നേറ്റനിര ബയൺ ഗോൾവല കാത്ത മാനുവൽ ന്യൂയറിനു വെല്ലുവിളി ഉയർത്തിയതേയില്ല. റോബർട്ട് ലെവൻഡോവ്സ്കിയുടെ (56’, 85’) ഇരട്ടഗോളുകളുടെയും ഗോളി ടെർസ്റ്റഗനെ കബളിപ്പിച്ച തോമസ് മുള്ളറിന്റെ ഷോട്ടിന്റെയും (34’) കരുത്തിൽ ബാർസയുടെ ഹോം ഗ്രൗണ്ടായ നൂകാംപിൽ ബയണിന് അനായാസ ജയം. ഗോളിലേക്ക് ഒരൊറ്റ ഷോട്ട് പോലും പായിക്കാൻ ബാർസ താരങ്ങൾക്കായില്ല. 

∙ ‌‘പയ്യൻമാരു’ടെ കളി

ക്രിസ്റ്റ്യാനോയ്ക്ക് ഓർക്കാൻ ഒരുപാടുണ്ടായിരുന്നു സ്വിറ്റ്സർലൻഡ് ക്ലബ് യങ് ബോയ്സുമായുള്ള കളിയിൽ. ചാംപ്യൻസ് ലീഗിൽ തന്റെ 177–ാം മത്സരം കളിച്ച റൊണാൾഡോ, ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടത്തിൽ സ്പാനിഷ് ഇതിഹാസം ഐകർ കസീയസിനൊപ്പം എത്തി. 13–ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് വലയിലേക്കു തിരിച്ചുവിട്ട് തുടർച്ചയായി 17–ാം സീസണിലും ചാംപ്യൻസ് ലീഗ് ഗോൾ എന്ന നേട്ടവും പോർച്ചുഗീസ് താരം സ്വന്തമാക്കി. യുണൈറ്റഡിനു പക്ഷേ, 35–ാം മിനിറ്റിൽ അടിപതറി. ആരോൺ വാൻ ബിസാകയ്ക്കു ചുവപ്പ് കാർഡ്.

തൊട്ടുപിന്നാലെ സാഞ്ചോയെയും ഹാഫ് ടൈമിൽ വാൻ‌ ഡ ബീക്കിനെയും പിൻവലിച്ച കോച്ച് ഒലെ ഗുണ്ണാർ സോൾഷ്യർ, യുണൈറ്റഡിനെ പ്രതിരോധത്തിലേക്കു വലിച്ചു. അതോടെ കളം നിറഞ്ഞു കളിക്കാൻ തുടങ്ങിയ യങ് ബോയ്സിനായി 66–ാം മിനിറ്റിൽ എൻഗാമേലു സമനില ഗോൾ നേടി. പിന്നീടു ക്രിസ്റ്റ്യാനോയെയും ബ്രൂണോയെയും ഫ്രെഡിനെയും പിൻവലിച്ച ഒലെയെ ഞെട്ടിച്ച് 95–ാം മിനിറ്റിൽ ജോർദൻ സിബാച്ചുവിന്റെ ഗോൾ കൂടിയായതോടെ ‘പയ്യൻമാർക്കു’ സ്വപ്ന വിജയം.

∙ വീണ്ടും ലുക്കാകു

ഈ സീസണിൽ ഇറ്റലിയിൽ നിന്ന് ഇംഗ്ലണ്ടിലേക്കു വന്നതു ക്രിസ്റ്റ്യാനോ റൊണാൾഡോ മാത്രമായിരുന്നില്ലെന്നു വീണ്ടും വീണ്ടും ഓർമിപ്പിക്കുകയാണു റൊമേലു ലുക്കാകു. ഇന്റർ മിലാനിലെ മിന്നും ഫോം ചെൽസിയിലും തുടരുന്ന ബൽജിയൻ താരത്തിന്റെ ഗോളിൽ ഗ്രൂപ്പ് എച്ചിൽ സെനിത്തിനെതിരെ ചെൽസിക്ക് ഒരു ഗോൾ ജയം (1–0). യുവന്റസും ചെൽസിയുമടങ്ങുന്ന ഗ്രൂപ്പിൽ നിന്നു മുന്നേറണമെങ്കിൽ മരണക്കളി പുറത്തെടുക്കണമെന്നു മനസ്സിലാക്കിയ സെനിത് കളിയിലുടനീളം ചെൽസിയെ വരിഞ്ഞുമുറുക്കി. 69–ാം മിനിറ്റിൽ സെസാർ അസ്പിലിക്വേറ്റയുടെ ക്രോസിൽ നിന്നാണു ലുക്കാകുവിന്റെ ഹെഡർ ഗോൾ.

∙ യുവെ റിട്ടേൺസ്

ക്രിസ്റ്റ്യാനോ ക്ലബ് വിട്ടതിനു പിന്നാലെ തുടർച്ചയായ പരാജയങ്ങളോടെ ഇറ്റാലിയൻ ലീഗിൽ 16–ാം സ്ഥാനത്തായ യുവന്റസിനു വീണുകിട്ടിയ പിടിവള്ളിയായിരുന്നു മാൽമോയ്ക്കെതിരായ 3–0 വിജയം. അൽവാരോ മൊറാത്തയെയും പൗളോ ഡിബാലയെയും ഒന്നിച്ചിറക്കാനുള്ള കോച്ച് മാസിമിലിയാനോ അലെഗ്രിയുടെ തീരുമാനം ശരിവയ്ക്കും വിധമായിരുന്നു 3 ഗോളുകളും വീണ ആദ്യ പകുതിയിലെ യുവെയുടെ പ്രകടനം. ഫുൾബാക്ക് അലക്സ് സാന്ദ്രോ (23’), പെനൽറ്റിയിലൂടെ ഡിബാല (45), തൊട്ടുപിന്നാലെ മൊറാട്ട (45+1) എന്നിവരാണു യുവെയ്ക്കായി ഗോൾ നേടിയത്. ഇതോടെ 3 പോയിന്റുമായി ചെൽസിക്കൊപ്പം ഗ്രൂപ്പ് എച്ചിൽ ഒന്നാം സ്ഥാനത്താണു യുവെ.

മറ്റു മത്സരങ്ങൾ: സാൽസ്ബർഗ്– 1, സെവിയ്യ– 1. ഡൈനമോ കീവ്– 0, ബെൻഫിക– 0. വിയ്യ റയൽ– 2, അറ്റലാന്റ– 2. ലീൽ– 0, വൂൾവ്‌സ്ബർഗ്– 0.

English Summary: UEFA Champions League Football - Live Updates

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA