ADVERTISEMENT

ബാർസിലോന ∙ കഴിഞ്ഞ കുറെ നാളായി മാധ്യമപ്രവർത്തകരോടു കയർത്തും ചൂടായും സംസാരിക്കുന്നതു ശീലമാക്കിയ ബാ‍ർസിലോന കോച്ച് റൊണാൾഡ് കൂമാൻ ഇന്നലെ ശാന്തനായിരുന്നു. ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനു പകരം അദ്ദേഹം ചെയ്തത് ഒരേയൊരു കാര്യം: നേരത്തേ എഴുതിത്തയാറാക്കിയ പ്രസ്താവന വായിച്ചു. അത് ഇങ്ങനെയായിരുന്നു:

‘ബാർസിലോനയ്ക്ക് ഇതു പരിണാമത്തിന്റെ സമയമാണ്. കൂടുതൽ പണം ചെലവഴിക്കാതെ ബാ‍ർസയെ മിടുക്കുള്ള ഒരു ടീമായി മാറ്റിയെടുക്കണം. അതിനു കൂടുതൽ സമയം ആവശ്യമാണ്. യുവതാരങ്ങളിലാണു നമ്മുടെ ശ്രദ്ധ. 

ഇനിയേസ്റ്റയും ചാവിയും പോലുള്ള കളിക്കാരെ കണ്ടെത്താൻ വേണ്ട സമയമാണിത്.  ക്ഷമാപൂർവം കാത്തിരിക്കുക മാത്രമാണ് എല്ലാവർക്കും ചെയ്യാനുള്ളത്’– അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കുഞ്ഞൻ ക്ലബ് ഗ്രനഡയോട് 1–1 സമനില വഴങ്ങിയതും യുവേഫ ചാംപ്യൻസ് ലീഗിൽ ജർമൻ ക്ലബ് ബയൺ മ്യൂണിക്കിനോടു 3–0ന് തോറ്റതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

അതേ സമയം മറ്റു താരങ്ങളുടെ മികവിനെ മറയ്ക്കത്തവണ്ണം പ്രതിഭാസമ്പന്നനായിരുന്നു ക്ലബിന്റെ മുൻ താരം ലയൽ മെസ്സിയെന്നും അദ്ദേഹം സ്പാനിഷ് മാധ്യമത്തോട് അഭിപ്രായപ്പെട്ടു. 

‘മെസ്സിക്കു ചുറ്റം ഒട്ടേറെ നല്ല താരങ്ങൾ ഉണ്ടായിരുന്നു. പക്ഷേ മെസ്സിയുടെ സാന്നിധ്യമാണു ടീമിനെ മികവുറ്റതാക്കിയത്. മെസ്സിയുടെ സാന്നിധ്യം എല്ലാവരെയും ഉത്തേജിപ്പിച്ചു. ഇതൊരു വിമർശനമല്ല, മറിച്ചു നിരീക്ഷണമാണ്. മെസ്സിയുടെ മികവ് എനിക്കു നന്നായി അറിയാം. 

പരിശീലന സെഷനുകളിൽ പലപ്പൊഴും താരങ്ങൾ അത്യധ്വാനം ആവശ്യമില്ലാത്ത ഷോട്ടുകളെടുക്കും, ഇടയ്ക്കു സമയം പാഴാക്കും, പക്ഷേ മെസ്സിയുടെ കാര്യത്തിൽ എല്ലാം അച്ചട്ടാണ്. എല്ലായ്പ്പോഴും എന്തിനും സന്നദ്ധനാണു മെസ്സി. ജയം മാത്രമാണ് അദ്ദേഹത്തിനു വേണ്ടത്. 

പരിശീലന സെഷനുകൾ തുടങ്ങുന്നതിനു മുൻപു ഞങ്ങൾ റോണ്ടോ എന്ന മത്സരം കളിക്കാറുണ്ടായിരുന്നു. 20 തവണ പന്തു കൈമറിഞ്ഞു വരുമ്പോൾ മധ്യത്തിലുള്ള താരങ്ങൾ ഒരു റൗണ്ട് അധികമായി ഓടണം. മൂന്നു തവണ തുടർച്ചയായി ഇങ്ങനെ സംഭവിച്ചാൽ, മറ്റു താരങ്ങൾ രണ്ടു വരിയായി നിൽക്കും. മധ്യത്തിലുള്ള രണ്ടു പേർ ഇവർക്കിടയിലൂടെ നടക്കണം, ഇതിനിടെ എല്ലാവരും ഇവരുടെ തലയ്ക്കടിക്കും.

താങ്കൾക്ക് എപ്പോഴെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് ഒരിക്കൽ ഞാൻ മെസ്സിയോടു ചോദിച്ചു. ഒരേയൊരു തവണ എന്നാണു മെസ്സി നൽകിയ മറുപടി. അതിന്റെ പേരിൽ ഒരാഴ്ച അരിശം പൂണ്ടു നടന്നയാളാണു മെസ്സി. പരിശീലന സെഷനുകളിൽ ശരിക്കും ഒരു സ്വേച്ഛാധിപതി തന്നെയാണു മെസ്സി. അദ്ദേഹം ടീമിൽ ഉള്ളപ്പോൾ പരിശീലന മുറകളിൽ സീനിയർ താരങ്ങൾ ഒരിക്കൽപ്പോലും പിന്നിലായിട്ടില്ല’– കൂമാന്റെ വാക്കുകൾ. 

.English Summary: Messi was a tyrant in training - Koeman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com