ADVERTISEMENT

ദോഹ ∙ ഷിപ്പിങ് കണ്ടെയ്‌നറുകൾ കൊണ്ടൊരു ഫുട്ബോൾ സ്റ്റേഡിയം! 2022 ഖത്തർ ലോകകപ്പിന്റെ വേദികളിലൊന്നായ ദോഹ കോർണിഷിന്റെ തീരത്തെ റാസ് അബു അബൗദ് സ്റ്റേഡിയമാണ് കണ്ടെയ്നറുകളും മോഡുലാർ ബ്ലോക്കുകളും കൊണ്ടു നിർമിച്ചതു വഴി ലോകശ്രദ്ധ നേടുന്നത്. ലോകകപ്പിനു ശേഷം സ്റ്റേഡിയം പൂർണമായി പൊളിച്ചുമാറ്റി കണ്ടെയ്നറുകളും ബ്ലോക്കുകളും മറ്റു കായികാവശ്യങ്ങൾക്കായി ഉപയോഗിക്കും. 

നവംബർ 30ന് ആരംഭിക്കുന്ന ഫിഫ അറബ് കപ്പ് ടൂർണമെന്റിലാണ് സ്റ്റേഡിയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടുക. അറബ് കപ്പിന്റെ ഗ്രൂപ്പ് ഘട്ടം, സെമി ഫൈനൽ, ലൂസേഴ്സ് ഫൈനൽ മത്സരങ്ങൾക്കാണ് റാസ് അബു അബൗദ് വേദിയൊരുക്കുക. ലോകകപ്പിൽ പ്രീക്വാർട്ടർ വരെയുള്ള മത്സരങ്ങൾ ഇവിടെ നടക്കും. 974 ഷിപ്പിങ് കണ്ടെയ്‌നറുകളാണ് നിർമാണത്തിന് ഉപയോഗിച്ചത്. ഫെൻവിക് ഇറിബാരെൻ ആർക്കിടെക്റ്റ്‌സ് ആണ് ഡിസൈൻ.

ഭൂരിഭാഗം നിർമാണവും പുനരുപയോഗ സാമഗ്രികൾ കൊണ്ടായതിനാൽ ഖത്തറിലെ ലോകകപ്പിലെ നിർമാണച്ചെലവ് ഏറ്റവും കുറഞ്ഞ സ്റ്റേഡിയം റാസ് അബു അബൗദാണ്. 40,000 പേർക്ക് ഇവിടെ കളി കാണാം. 

ഖത്തറിന്റെ സമുദ്രയാന പൈതൃകവും ദോഹ തുറമുഖത്തിന്റെയും നഗരത്തിന്റെയും പ്രത്യേകതകളും പ്രതിഫലിപ്പിച്ചുകൊണ്ടാണ് 7 നിലകളിലായുള്ള വർണാഭമായ സ്റ്റേഡിയം. പുതുമയാർന്ന ഡിസൈൻ ആയതിനാൽ പ്രകൃതിദത്തമായ വെന്റിലേഷനുകളുണ്ട്. എയർകണ്ടീഷന്റെ ആവശ്യമില്ല. ലോകകപ്പിനു ശേഷം സ്റ്റേഡിയം പൂർണമായും പൊളിച്ചുമാറ്റി ഓരോ ഭാഗങ്ങളും ഖത്തറിലും വിദേശരാജ്യങ്ങളിലുമായുള്ള കായിക സൗകര്യങ്ങൾക്കായി ഉപയോഗിക്കും.

English summary: Shipping container football stadium in Doha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com