ADVERTISEMENT

ബാംബോലിം (ഗോവ) ∙ തുടക്കം മുതൽ ഒടുക്കം വരെ മഴ പെയ്തു; ഗോളും. ഐഎസ്എൽ ഫുട്ബോളിൽ 4–2നു നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ മുക്കി ബെംഗളൂരു എഫ്സി വിജയക്കുട ചൂടി. ലീഗിലെ ആദ്യ 2 കളികളിലായി ഇതോടെ പിറന്നത് 12 ഗോളുകൾ. ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ എടികെ ബഗാന്റെ ജയവും 4–2നായിരുന്നു. ബെംഗളൂരുവിനായി ക്ലെയ്റ്റൻ സിൽവ (14’), ജയേഷ് റാണെ (42’), പ്രിൻസ് ഇബാറ (81’) എന്നിവർ സ്കോർ ചെയ്തു. ഒരെണ്ണം നോർത്ത് ഈസ്റ്റിന്റെ മഷൂർ ഷെരീഫിന്റെ സെൽഫ് ഗോൾ (22’). നോർത്ത് ഈസ്റ്റിനായി ദെഷോൺ ബ്രൗൺ (17’), മത്തിയാസ് കൊറ്യൂർ (25’)എന്നിവർ ഗോളടിച്ചു. ആദ്യ പകുതിയിൽ ബെംഗളൂരു 3–2നു മുന്നിലായിരുന്നു. ബെംഗളൂരു വിങ്ങർ ഉദാന്ത സിങ്ങാണു ഹീറോ ഓഫ് ദ് മാച്ച്.

ഇരുടീമുകളും ആക്രമിച്ചു കളിച്ചതോടെ കിക്കോഫ് മുതൽ മത്സരം ആവേശമായി. 14–ാം മിനിറ്റിൽ ഉദാന്തയുടെ പാസിൽനിന്നു ബ്രസീൽ താരം സിൽവയുടെ ഉഗ്രൻ ഫിനിഷ് (1–0). 3 മിനിറ്റിനകം മലയാളി താരം വി.പി.സുഹൈർ നൽകിയ ക്രോസിൽനിന്നു ബ്രൗൺ നോർത്ത് ഈസ്റ്റിനെ ഒപ്പമെത്തിച്ചു (1–1). 5 മിനിറ്റ് കഴിഞ്ഞപ്പോൾ മഷൂറിന്റെ സെൽഫ് ഗോൾ നോർത്ത് ഈസ്റ്റിനെ പിന്നിലാക്കി (1–2). ലീഡിൽ 2 മിനിറ്റേ ബെംഗളൂരുവിന് ആയുസ്സുണ്ടായിരുന്നുള്ളൂ. 25–ാം മിനിറ്റിൽ വീണ്ടും സുഹൈറിന്റെ പാസ്. മത്തിയാസിന്റെ ഗോൾ ഫിനിഷ് (2–2). 12 മിനിറ്റിനുള്ളിൽ പിറന്നത് 4 ഗോളുകൾ.

42–ാം മിനിറ്റിൽ ജയേഷിന്റെ ബുള്ളറ്റ് ഷോട്ട് നോർത്ത് ഈസ്റ്റ് വല കുലുക്കി. വീണ്ടും ബെംഗളൂരു മുന്നിൽ (3–2). 2–ാം പകുതിയി‍ൽ സബ്സ്റ്റിറ്റ്യൂഷനുകൾ ഏറെ വന്നതോടെ കളിയുടെ ഒഴുക്ക് നിലച്ചു. 81–ാം മിനിറ്റിൽ ഉജ്വല ഡ്രിബ്ലിങ്ങിലൂടെ മുന്നേറിയ കോംഗോ താരം പ്രിൻസ് എതിർ ഡിഫൻഡർമാരെ വെട്ടിയൊഴിഞ്ഞ് സ്കോർ ചെയ്തതോടെ ബെംഗളൂരു ലീഡുയർത്തി (4–2).

English Summary: Indian super league: Northeast United vs Bengaluru FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com