മാഞ്ചസ്റ്റർ യുണൈറ്റഡ് വാറ്റ്ഫഡിനോടും തോറ്റു; മുഖ്യപരിശീലകൻ സോൾഷ്യർ പുറത്ത്!

ole-gunnar-solskjaer
ഒലെ ഗുണ്ണാർ സോൾഷ്യർ
SHARE

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വാറ്റ്ഫഡിനോട് ദയനീയ തോൽവി വഴങ്ങിയതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗുണ്ണാർ സോൾഷ്യർ പുറത്ത്. മുഖ്യ പരിശീലകനുമായി വഴിപിരിഞ്ഞതായി മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. ഫസ്റ്റ് ടീം പരിശീലകനായ മൈക്കൽ കാരിച്ചിന് താൽക്കാലിക ചുമതല നൽകി. ഇംഗ്ലിഷ് പ്രിമിയർ ലീഗിലെ ദയനീയ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ യുണൈറ്റഡ് താരം കൂടിയായ സോൾഷ്യറിന് സ്ഥാനം നഷ്ടമായത്.

2018 ഡിസംബറിൽ ഹോസെ മൗറീഞ്ഞോയുടെ പകരക്കാരനായി താൽക്കാലിക ചുമതലയിലാണ് നാൽപ്പത്തെട്ടുകാരനായ സോൾഷ്യർ ഓൾഡ് ട്രാഫഡിലെത്തിയത്. പകരക്കാരനായി വന്ന് മികച്ച പ്രകടനം കാഴ്ചവച്ചതോടെ 2019 മാർച്ചിൽ മുഴുവൻ സമയ പരിശീലകനായി നിയമിച്ചു. മൂന്നു വർഷത്തേക്കായിരുന്നു കരാർ. പിന്നീട് ഇക്കഴിഞ്ഞ ജൂലൈയിൽ 2024 വരെ കരാർ ദീർഘിപ്പിച്ചു. ഈ സീസണിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിൽ തിരികെയെത്തിച്ച് ശ്രദ്ധ നേടിയെങ്കിലും കളത്തിലെ പ്രകടനം തീർത്തും മോശമായതോടെയാണ് സോൾഷ്യറിന്റെ പടിയിറക്കം.

ഏറ്റവും ഒടുവിൽ കളിച്ച ഏഴ് പ്രിമിയർ ലീഗ് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയിക്കാനായത്. നിലവിൽ ലീഗിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. ഒന്നാം സ്ഥാനക്കാരായ ചെൽസിയേക്കാൾ 12 പോയിന്റ് പിന്നിൽ.

‘തീർത്തും ബുദ്ധിമുട്ടേറിയ ഇത്തരമൊരു തീരുമാനം കൈക്കൊള്ളേണ്ടി വന്നതിൽ ഖേദിക്കുന്ന’തായി മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രസ്താവനയിൽ അറിയിച്ചു. ‘കഴിഞ്ഞ ഏതാനും ആഴ്ചകളായുള്ള ടീമിന്റെ പ്രകടനം നിരാശാജനകമായിരുന്നെങ്കിലും, കഴിഞ്ഞ മൂന്നു വർഷമായി ദീർഘകാല വിജയം ലക്ഷ്യമിട്ട് അദ്ദേഹം ടീമിനായി ചെയ്ത നല്ല കാര്യങ്ങൾ ഇല്ലാതാകുന്നില്ല. ടീമിന്റെ മാനേജരെന്ന നിലയിൽ അദ്ദേഹം ടീമിനായി നൽകിയ സംഭാവനകൾക്ക് ആത്മാർഥമായ നന്ദി. ഭാവിയിലേക്ക് എല്ലാ ആശംസകളും’ – യുണൈറ്റഡ് പ്രസ്താവനയിൽ വ്യക്തമാക്കി.

യുവേഫ ചാംപ്യൻസ് ലീഗിൽ വിയ്യാ റയലുമായി ഏറ്റുമുട്ടാനിരിക്കെയാണ് മുഖ്യ പരിശീലകനെ പുറത്താക്കി പകരം കാരിച്ചിന് യുണൈറ്റഡ് ചുമതല നൽകിയത്. ചാംപ്യൻസ് ലീഗ് മത്സരത്തിനുശേഷം പ്രിമിയർ ലീഗിൽ ചെൽസി, ആർസനൽ തുടങ്ങിയ കരുത്തൻമാരുമായി യുണൈറ്റഡിന് മത്സരമുണ്ട്.

ഇന്നു പുലർച്ചെ നടന്ന മത്സരത്തിൽ വാറ്റ്ഫഡ് 4–1നാണു യുണൈറ്റഡിനെ തകർത്തത്. ജോഷ്വ കിങ്, ഇസ്മൈല സർ എന്നിവരുടെ ഗോളുകളിൽ ആദ്യ പകുതിയിൽ 2–0നു മുന്നിലെത്തിയ വാറ്റ്ഫഡിനായി ഇൻജറി ടൈമിൽ പെദ്രോ, ഇമ്മാനുവൽ ഡെന്നിസ് എന്നിവരും ഗോളടിച്ചു. ഡോണി വാൻ ഡി ബീക്ക് യുണൈറ്റഡിന്റെ ആശ്വാസ ഗോൾ നേടി.

English Summary: Ole Gunnar Solskjaer: Man Utd sack manager with club seventh in Premier League

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA