ആദ്യ ഗോളിന് വഴിയൊരുക്കി, പിന്നാലെ കോച്ച് തിരിച്ചുവിളിച്ചു; രാഹുലിന് എന്തുപറ്റി?

kp-rahul
കെ.പി.രാഹുൽ.
SHARE

കെ.പി. രാഹുലിന് എന്താണു പറ്റിയത്? ഐഎസ്എൽ 8–ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യഗോളിനു വഴിയൊരുക്കി തിളങ്ങിനിന്ന ഘട്ടത്തിലാണു രാഹുലിനു പരുക്കേറ്റത്. കോച്ച് ഇവാൻ വുക്കൊമനോവിച് ഉടൻ അദ്ദേഹത്തെ തിരിച്ചുവിളിക്കുകയും ചെയ്തു. ഗോവയിലെ ആശുപത്രിയിൽനിന്നുള്ള സൂചനകൾ 2 വിധത്തിലാണ്. രാഹുലിനു ഗ്രോയിൻ ഇൻജുറിയാവാം. ഗ്രോയിൻ എന്നാൽ നാഭീഭാഗം. അതല്ലെങ്കിൽ കാലിലെ പേശികൾ കീറിപ്പോയതാവാം. 3 തരത്തിലാണു നാഭിയിൽ പരുക്ക് പ്രകടമാകുന്നതെന്നു സ്പോർട്സ് മെഡിസിൻ വിദഗ്ധർ പറയുന്നു. 

1. പേശിവലിവ്: അഡക്റ്റർ മസിലിനാണ് ക്ഷതം സംഭവിക്കുന്നത്. നാഭിയിൽനിന്നു തുടയിലേക്കുള്ള പേശികളാണിവ. 

2. ചലനഞരമ്പ് എന്നു വിളിക്കുന്ന സ്നായുവിനേൽക്കുന്ന ക്ഷതം. മാംസപേശിയെ അസ്ഥിയോടു ബന്ധിപ്പിക്കുന്ന ചരടുപോലുള്ള ഭാഗമാണിത്.

3. ഇടുപ്പിനു സംഭവിക്കുന്ന അസ്ഥിരത. ഇടുപ്പിന്റെ സമീപഭാഗങ്ങൾക്കും ഇത്തരത്തിൽ അസ്ഥിരതയുണ്ടാകാം.

4. പേശിവലിവിനു കാരണമാകുന്ന ക്ഷതം പല തരത്തിലാകാം. പേശികൾ പൊട്ടിപ്പോകാം. 

5 അഡക്റ്റർ പേശികളിൽ ഏതിനു കേടു സംഭവിച്ചാലും അതു കളിക്കാരനെ ബുദ്ധിമുട്ടിലാക്കും. അഡക്റ്റർ ലോംഗസിനു പരുക്കേൽക്കാനാണു കൂടുതൽ സാധ്യത.

∙ പരുക്ക് 3 തരം

നാഭിയിലെ പരുക്ക് 3 തരമെന്നു വൈദ്യശാസ്ത്രം. 

1. നേരിയ പരുക്ക്: ഏതാനും ചില പേശീനാരുകൾക്കു മാത്രമേ കേടുപറ്റിയിട്ടുണ്ടാവൂ. പേശിയെന്ന ഒറ്റക്കെട്ടിനു കാര്യമായ ക്ഷതമുണ്ടാവില്ല.

2. ഗൗരവമേറിയ പരുക്ക്: കൂടുതൽ പേശീനാരുകൾ താറുമാറാകുന്ന അവസ്ഥ. ഇതു കളിക്കളത്തിലെ പ്രകടനത്തിനു തടസ്സമാകും. കളത്തിനു പുറത്തു ചുമ്മാ നടക്കാൻപോലും ബുദ്ധിമുട്ടും.

3. അതീവ ഗുരുതരമായ പരുക്ക്: പേശിയുടെ കെട്ട് ആകെ പൊട്ടിത്തകർന്ന നിലയിൽ. ഇത്തരം അവസ്ഥയ്ക്കു ശസ്ത്രക്രിയതന്നെ വേണ്ടിവരും.

മേൽപ്പറഞ്ഞ മൂന്നിൽ ഏതാണെങ്കിലും കളിക്കാരനു സ്വയം അറിയാൻ സാധിക്കും. പേശികൾ ദുർബലമായതുപോലെ തോന്നും. അസ്വാഭാവികമായ മുറുക്കം അനുഭവപ്പെടും. നീരുവയ്ക്കും. കാലുമടക്കാനോ നിവർത്താനോ സാധിക്കാത്തപോലെയാകും.

∙ ചികിത്സ

നാഭിയിലെ പരുക്കിന് വൈദ്യശാസ്ത്രം ‘പ്രൈസ് (പിആർഐസിഇ) പ്രോട്ടോക്കോൾ’ അടിയന്തര ചികിത്സയായി നിർദേശിക്കുന്നു. പേശികളെ സംരക്ഷിക്കുക, കാൽ ഉയർത്തിവയ്ക്കുക, വിശ്രമം നൽകുക, ഐസ് വയ്ക്കുക, പരിശീലനം ലഭിച്ചയാളെക്കൊണ്ട് പേശികളെ അമർത്തിപ്പിടിപ്പിക്കുക. തുടർന്നു വിദഗ്ധ ചികിത്സയിലേക്കു നീങ്ങണം. ചികിത്സ നിശ്ചയിക്കുംമുൻപ് സ്കാൻ ചെയ്യുന്ന പതിവുണ്ട്.

KP-RAHUL
കെ.പി.രാഹുൽ.

∙ പേശികൾ കീറുന്നത്

തുടയിലെ പേശികളാണു കീറിപ്പോയിട്ടുണ്ടാവുക. വീഴ്ചയിൽ ഇതു സംഭവിക്കാം. കടുത്ത ടാക്ലിങ്ങിന് ഇരയായാലും ഉണ്ടാകും. കഴിഞ്ഞയാഴ്ച പോൾ പോഗ്ബയ്ക്കു സംഭവിച്ചതും ഇത്തരം പരുക്കാണെന്നാണു വിവരം. ഫ്രഞ്ച് ദേശീയ ടീം ക്യാംപിൽ പരിശീലനത്തിനിടെ ആയിരുന്നു പോഗ്ബയ്ക്കു പരുക്കേറ്റത്. മുടന്തിയാണു താരം കളം വിട്ടത്. മസ്കുലർ ഡിസ്ട്രോഫി എന്നു വൈദ്യശാസ്ത്രം വിളിക്കുന്ന മറ്റൊരുതരം പരുക്കുമുണ്ട്. ഡിസ്ട്രോഫിൻ എന്നതൊരു മസിൽ പ്രോട്ടീനാണ്. ഇതിന്റെ അളവു കുറയുമ്പോൾ പേശീകോശങ്ങൾക്കു ചുറ്റുമുള്ള പടലം ദുർബലമാകും. അതോടെ പേശീതന്തുകൾ കീറിപ്പോകും. പേശീനാരുകൾക്കു മരണം സംഭവിക്കുന്നു എന്നും പറയാം. 

pogba-injury
പരിശീലനത്തിനിടെ പരുക്കേറ്റ് മുടന്തിയ പോൾ പോഗ്ബ. ചിത്രം: AFP

നാഭിയിലെ പരുക്കാണെങ്കിലും പേശി കീറിയതാണെങ്കിലും കെ.പി. രാഹുലിന് ചികിത്സയും വിശ്രമവും വേണ്ടിവരും. 3 മുതൽ 6 ആഴ്ചവരെ വിശ്രമം വേണ്ടിവന്നേക്കാം. വിശ്രമത്തിനുശേഷം പെട്ടെന്നു കഠിനാധ്വാനം ചെയ്തു ശാരീരികക്ഷമത പൂർവ സ്ഥിതിയിൽ ആക്കാൻ പാടില്ലെന്നും വന്നേക്കാം. പോൾ പോഗ്ബയ്ക്കേറ്റ പരുക്ക് ഗുരുതരമാണെന്നും അദ്ദേഹത്തിന് 12 ആഴ്ചവരെ പുറത്തിരിക്കേണ്ടി വന്നേക്കാമെന്നും വാർത്തകളുണ്ട്. കെ.പി. രാഹുലിനു വേഗം സുഖമാകണേ എന്നതാവും മഞ്ഞപ്പടയുടെ പ്രാർഥന. 

സഹലിന്റെ ഗോൾ സെറ്റ് ചെയ്ത, വലതുപാർശ്വത്തിൽനിന്നുള്ള ക്രോസ് പോലുള്ള സംഭാവനകൾ രാഹുലിന്റെ കാലുകളിൽനിന്ന് ഇനിയും ഒട്ടേറെ ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് പരുക്ക് സാരമുള്ളതാണെന്ന വാർത്ത പരക്കുന്നത്. ആക്രമണത്തിലെ ഒരു മുഖ്യായുധം തന്നെയാണു ബ്ലാസ്റ്റേഴ്സിനു കെ.പി. രാഹുൽ. അദ്ദേഹത്തിന്റെ അഭാവം സഹൽ–ലൂണ കൂട്ടുകെട്ടിനുമേൽ സമ്മർദമേറ്റാനും സാധ്യതയുണ്ട്.

English Summary: What Happened to KP Rahul in ISL Opening Match?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA