ADVERTISEMENT

തികഞ്ഞ സന്തോഷത്തിലായിരുന്നു നിഡോ ഡൊമിനിക് എന്ന ഇന്ത്യൻ ഫുട്ബോൾ താരം. സ്വദേശം അരുണാചൽ പ്രദേശ്. സാധാരണ ഫുട്ബോൾ താരമല്ല നിഡോ. കാഴ്ചപരിമിതർക്കുള്ള വേറിട്ട കളിയിലെ മികവുറ്റ താരമാണ്. പൊതുവെ കായികാധികാരികൾ അവഗണിക്കുന്ന വിഭാഗത്തിൽ പരിഗണനയും അംഗീകാരവും കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു  നിഡോ. അരുണാചൽ സംസ്ഥാന സർക്കാർ നിഡോയ്ക്കു പ്രോത്സാഹനമായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് 5 ലക്ഷം രൂപയാണ്. സ്വന്തം ജില്ലാ പഞ്ചായത്തും നിഡോയ്ക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ചു. മൊത്തം 6 ലക്ഷം രൂപ.

നിഡോയുടെ മുഖത്തു വിരിഞ്ഞ ചിരി കഴിഞ്ഞ ദിവസം കൊച്ചി കടവന്ത്രയിലെ ഗാമ ഫുട്ബോൾ അരീനയിൽ കാഴ്ചപരിമതർക്കുള്ള ഇന്ത്യൻ ദേശീയ ടീമിന്റെ ക്യാംപിലുണ്ടായിരുന്ന എല്ലാ താരങ്ങൾക്കും പ്രചോദനത്തിന്റേതായിരുന്നു. ആരെല്ലാമോ തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന തോന്നൽ അവരിലേക്കെത്തിയ നിമിഷങ്ങൾ. തങ്ങൾ തട്ടുന്ന ഫുട്ബോളിനുള്ളിലെ ചിലമ്പിൻ കിലുക്കം അങ്ങകലെ വടക്കുകിഴക്കേ മൂലയിലെ ഒരു സംസ്ഥാനത്തെ അധികാരികളെങ്കിലും ശ്രദ്ധിച്ചെന്ന സന്തോഷം. ആ ചിലമ്പൊലികൾ  മറ്റു സംസ്ഥാനങ്ങളിലേക്കുമെത്തുമെന്ന തോന്നൽ അവരിലുണ്ട്.

Nido-Dominic
നിഡൊ ഡൊമിനിക്

∙ നായകൻ ക്ലിങ്ഡോൺ

ഈ മാസം 25നും 27നുമായി ഒമാനിലെ മസ്കറ്റിൽ നടക്കുന്ന ഇന്ത്യ–ഒമാൻ സൗഹൃദ ഫുട്ബോൾ മത്സരങ്ങളിലേക്കുള്ള (കാഴ്ചപരിമിതർക്കുള്ള ഫുട്ബോൾ) ടീമിന്റെ ക്യാംപാണു കടവന്ത്രയിൽ നടന്നത്. 22നു വൈകിട്ടു ടീമിനെ പ്രഖ്യാപിച്ചപ്പോൾ ക്യാംപിലെ 20 പേരിൽനിന്നു ടീമിലെത്തിയത് 10 പേർ. കാഴ്ചപരിമിതരായ 8 പേരും ഗോൾകീപ്പർമാരായ രണ്ടു പേരും. അവരാണ് ഒമാനെതിരെ ഇന്ത്യയുടെ നീലനിറമണിയുക.

ഇന്ത്യൻ ടീമിനെ മേഘാലയക്കാരൻ ക്ലിങ്സോൺ മാറാക് ആണു നയിക്കുന്നത്. മറ്റംഗങ്ങൾ: ശിവം നേഗി (ഉത്തരാഖണ്ഡ്), പ്രദീപ് പട്ടേൽ (ഡൽഹി), ആന്റണി സാമുവൽ (ബംഗാൾ), പ്രകാശ് ഡി.ഷിറ (മേഘാലയ), വിഷ്ണു ഭായ് വഗേല (ഗുജറാത്ത്), നിഡോ ഡൊമിനിക് (അരുണാചൽ പ്രദേശ്), എം.കെ.അനീഷ് (കേരളം). മലയാളികളായ പി.എസ്.സുജിത്തും  ടി.എസ്.അനുഗ്രഹുമാണു ഗോൾകീപ്പർമാർ. ഇവരിൽ പ്രദീപ് പട്ടേലും വിഷ്ണുഭായ് വഗേലയും നിഡൊ ഡൊമിനിക്കും പ്രകാശ് ഡി.ഷിറയും ആദ്യമായാണു ദേശീയ ടീമിലെത്തുന്നത്. ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ  സ്പോർട്ടിങ് ഡയറക്ടർ സുനിൽ ജെ.മാത്യുവാണു മുഖ്യ പരിശീലകൻ. എം.സി.റോയ് (പ്രോജക്ട് ഡയറക്ടർ), കേറിൻ സീൽ (അസി.കോച്ച്), മുഹമ്മദ് റഷാദ് (ടീം കോഓർഡിനേറ്റർ) എന്നിവരും ടീമിനൊപ്പമുണ്ടാകും. മസ്കറ്റിലെ സുൽത്താൻ ഖ്അബൂസ് സ്പോർട്സ് കോംപ്ലക്സിലാണു മത്സരങ്ങൾ. 

Blind-Football-Team-Captain-India
കാഴ്ചപരിമിതർക്കുള്ള സൗഹൃദ ഫുട്ബോളിൽ ഒമാൻ ദേശീയ ടീമിനെതിരെ മത്സരിക്കുന്ന ഇന്ത്യൻ ‍ടീമിന്റെ ക്യാപ്റ്റൻ ക്ലിങ്സോൺ മാറാക്

ചെന്നൈയിൽ നവംബർ ആദ്യം സമാപിച്ച ദേശീയ ബ്ലൈൻഡ് ഫുട്ബോളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട താരങ്ങളാണു ദേശീയ ടീമിന്റെ ക്യാംപിലേക്കെത്തിയത്. നവംബർ 5ന് ആരംഭിച്ച ക്യാംപിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണു പുതിയ ടീമിനെ പ്രഖ്യാപിച്ചത്.

∙ വെറുമൊരു ജഴ്സിയല്ല...

ക്രിക്കറ്റിലും ഫുട്ബോളിലും കബഡിയിലും ഹോക്കിയിലുമെല്ലാം ഇന്ത്യൻ ദേശീയ ടീം ധരിക്കുന്ന നീല ജഴ്സിതന്നെയാണ് ഈ ഫുട്ബോൾ ടീമിനായും തയാറാക്കിയിരിക്കുന്നത്. രണ്ടാം ജഴ്സിയായി വെള്ളക്കുപ്പായവുമുണ്ട്. വ്യത്യാസം നിറത്തിൽ മാത്രം. എന്നാൽ ഇവ വെറുമൊരു ജഴ്സിയല്ലെന്നു പറയുന്നു പതിറ്റാണ്ടോളമായി  കാഴ്ചപരിമിതരുടെ ഫുട്ബോൾ പ്രോത്സാഹിപ്പിക്കാൻ  അധ്വാനവും പണവും മുടക്കുന്ന സുനിൽ ജെ.മാത്യുവും എം.സി.റോയിയും.  ഇടതു വശത്തു ഹൃദയഭാഗത്തായുള്ള ലോഗോയ്ക്കു തൊട്ടുമുകളിൽ ‘ഇന്ത്യ’ എന്നു ബ്രെയിലി ലിപിയിൽ ആലേഖനം ചെയ്തിട്ടുണ്ടു ജഴ്സിയിൽ. ഒമാനിലെ സ്റ്റേഡിയത്തിൽ ‘ജനഗണമന’ മുഴങ്ങുമ്പോൾ ഇടതുനെഞ്ചിൽ കൈ ചേർത്തുവയ്ക്കുന്ന താരത്തിന് ഇന്ത്യ എന്ന വികാരം തൊട്ടറിയാം. ഇനിയുള്ള ടൂർണമെന്റുകളിൽ ജഴ്സിയിൽ താരത്തിന്റെ പേരും ബ്രെയിലി ലിപിയിൽ എഴുതിക്കാനുള്ള പരിപാടിയുണ്ടു സംഘാടകർക്ക്.

ഓരോ ഇന്ത്യൻ ടീമിനെയും ഇന്ത്യൻ ടൈഗേഴ്സെന്നും ഇന്ത്യൻ ലയൺസെന്നുമെല്ലാം വാഴ്ത്തുമ്പോൾ ഈ ടീമിനെ ‘ഇന്ത്യൻ ഡോൾഫിൻസ്’ എന്നു വിശേഷിപ്പിക്കാനാണു സുനിലും റോയിയുമെല്ലാം ഇഷ്ടപ്പെടുന്നത്. ഗംഗാനദിയിലെ ഡോൾഫിനുകളെ ഓർമപ്പെടുത്തുന്ന രൂപകൽപനയാണു ജഴ്സിക്ക്. ഇന്ത്യയുടെ ഔദ്യോഗിക ജലജീവിയാണു ഗംഗാ ഡോൾഫിൻ. അവയാകട്ടെ കണ്ണു കാണാത്തവയും. 

∙ കളി എങ്ങനെ?

കണ്ണു കാണുന്നവർ കളിക്കുന്ന ഫുട്ബോളിൽനിന്നു വേറിട്ട പദങ്ങളും ശൈലിയുമെല്ലാം ഈ ഫുട്ബോളിൽ കാണാം. പന്തിലെ വ്യത്യാസംതന്നെ പ്രധാനം. ഫുട്ബോളിനുള്ളിൽനിന്നു ചിലമ്പൊലി ഉയരും. പന്തനങ്ങിയാലുടൻ ചിലമ്പിന്‍ നാദം. അതു കേട്ടാണു താരങ്ങൾ പന്തെവിടെയെന്നു മനസ്സിലാക്കുക. പന്തിന്റെ നീക്കവും ദിശയുമെല്ലാം അവർ കേട്ടറിയും.

ഒരു ടീമിലുണ്ടാകുക 5 താരങ്ങൾ. ഇതിൽ അന്ധരായവർ 4 പേർ. അഞ്ചാമനായി ഗോൾ കീപ്പറും. ‘വോയ് വോയ്’ എന്നു ശബ്ദമുണ്ടാക്കിയാണു താരങ്ങൾ നീങ്ങുക. മറ്റു കളിക്കാരുമായുള്ള കൂട്ടിയിടി ഒഴിവാക്കാനാണിത്. ഗോൾ കീപ്പറാണു ടീമിന്റെ പ്രതിരോധനിരയിലെ താരങ്ങൾക്ക് ഉച്ചത്തിൽ വിളിച്ചു നിർദേശം നൽകുക. ടീമിന്റെ മുൻ നിരയ്ക്കുള്ള നിർദേശങ്ങളുമായി എതിർ ടീമിന്റെ ഗോൾ പോസ്റ്റിനു സമീപം ‘ഗോൾ ഗൈഡ്’ ഉണ്ടാകും. ഗോൾപോസ്റ്റ് എവിടെയെന്നും എപ്പോഴാണു ഷൂട്ട് ചെയ്യേണ്ടതെന്നും മറ്റുമുള്ള നിർദേശങ്ങൾ ഗോൾ ഗൈഡാണു ഫോർവേഡുകൾക്കു നൽകുക. ആ ശബ്ദം ചിരപരിചിതമായിരിക്കും താരങ്ങൾക്ക്. 

ഗോൾകീപ്പർ കണ്ണു കാണാവുന്ന ആളാണെങ്കിലും ചലനങ്ങൾക്കു പരിമിതികളുണ്ട്. രണ്ടു ഗോൾ പോസ്റ്റിനു മുന്നിലുള്ള ചെറിയൊരു ബോക്സ് മാത്രമാണു ഗോൾകീപ്പർക്കു പന്തു പിടിക്കാൻ സാധിക്കുന്ന ഏരിയയായി ഉള്ളത്. 4 സെക്കൻഡിൽ കൂടുതൽ പന്തു കൈവശം വയ്ക്കാനും ഗോൾകീപ്പർക്ക് അധികാരമില്ല. 20 മിനിറ്റ് വീതമുള്ള രണ്ടു പകുതികളിലായി ആകെ 40 മിനിറ്റാണു മത്സരം.

കാരംബോർഡിൽനിന്നു കളി പുറത്തേക്കു പോകാത്തതുപോലെ ബ്ലൈൻഡ് ഫുട്ബോളിൽ ‘ത്രോ ലൈൻ ബോൾ ഔട്ട്’ ഇല്ല. സൈഡ് ബോർഡിൽ തട്ടി കളി തുടരുകയാണു ചെയ്യുക. ഗോൾ പോസ്റ്റിനു പുറകിലേക്കു പോകുന്നതു ബോൾ ഔട്ട്. തുടർന്നു ഗോൾകീപ്പർ പന്തെറിഞ്ഞു താരങ്ങൾക്കു നൽകും. അതിനു ഗോൾ ത്രോ എന്നാണു നാമം. ഗോൾകിക്ക് ഇല്ല. 

∙ ഇന്ത്യൻ പ്രതീക്ഷകൾ

ഇന്ത്യൻ ടീമിനെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണു ലക്ഷ്യമെന്നു സുനിൽ ജെ.മാത്യുവും എം.സി.റോയിയും മനോരമ ഓൺലൈനിനോടു പറഞ്ഞു. ഏഷ്യൻ ചാംപ്യൻഷിപ്പിൽ അഞ്ചാം സ്ഥാനം നേടിയതാണ് ഇതുവരെയുള്ള വലിയ നേട്ടം. ലോകകപ്പിൽ മത്സരിക്കുകയെന്ന സ്വപ്നമാണു ടീമിനുള്ളത്. അതു സാധ്യമാക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായാണ് ഒമാനെതിരായ സൗഹൃദമത്സരങ്ങൾ പോലുള്ളവ. 

മിക്ക താരങ്ങൾക്കും മികവുറ്റ ജോലികൾ ലഭിക്കുന്നുണ്ട്. ഐടി മേഖലയിലും മറ്റും ജോലി ചെയ്യുന്നവരുണ്ട്. ദേശീയ ടീമിലെ മലയാളി താരം അനീഷ് റിഫ്ലക്സോളജിസ്റ്റാണ്. എന്നാൽ താരങ്ങൾക്കു ജോലി നൽകുന്ന സ്ഥാപനങ്ങൾ പലതും അവർക്കു കളികൾക്കു പോകാനുള്ള അവധി നൽകാത്തതു പരിമിതിയാണ്. നിലവിലെ ഏറ്റവും മികച്ച രണ്ടു താരങ്ങളെ ഇതിനാൽ ഇത്തവണ ദേശീയ ടീമിലേക്കു പരിഗണിക്കാനായില്ല. മലയാളിയായ പി.എസ്.ഫൽഹാൻ, ഗബ്രിയേൽ നൗഗ്രം (മേഘാലയ) എന്നിവരാണ് അവധി ലഭിക്കാത്തതിനാൽ കളിക്കാനാകാതെ പോയവർ. പക്ഷേ, ജീവിതമാണല്ലോ പ്രധാനം. അവർ ജോലിയിൽ തുടരുന്നു. 

Indian-Blind-Football-team-1
ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ടീം ജഴ്സി പ്രകാശനത്തിനിടെ ഹൈബി ഈഡൻ എംപിക്കൊപ്പം. ഇടത്തേയറ്റത്തു മുഖ്യ പരിശീലകൻ സുനിൽ ജെ.മാത്യു.

എന്നാൽ ടീമിന്റെ നിലവാരം ലക്ഷ്യമിട്ടു തങ്ങൾ വർഷങ്ങളായി നടത്തുന്ന പ്രയത്നമാണ് ഇതുമൂലം വെള്ളത്തിലാകുന്നതെന്നു റോയിയും സുനിലും പറയുന്നു. ഇതിനു പരിഹാരമുണ്ടാക്കാൻ താരങ്ങൾക്കു കളികൂടി സാധ്യമാകുന്ന തരത്തിലുള്ള ജോലികൾ ലഭിക്കണം. അതിനു സർക്കാരുകൾ ഇടപെടണം. സാമ്പത്തികമാണു പ്രധാന വിഷയം. പലപ്പോഴും കയ്യിൽനിന്നെടുത്താണു ചെലവുകൾ നടത്തുന്നത്. 

ഇക്കാര്യം ടീം ജഴ്സിയുടെ പ്രകാശനം നിർവഹിച്ച ഹൈബി ഈഡൻ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായും സംസ്ഥാന മന്ത്രി വി.അബ്ദുറഹിമാനുമായും ഇക്കാര്യം സംസാരിക്കാമെന്നു ഹൈബി ഉറപ്പു നൽകുകയും ചെയ്തു. ചടങ്ങിനിടെതന്നെ മന്ത്രി അബ്ദുറഹിമാനുമായി ബന്ധപ്പെട്ട ഹൈബിക്ക് ഇക്കാര്യത്തിൽ അനുഭാവപൂർണമായ പരിഗണന മന്ത്രി ഉറപ്പു നൽകി. തിരുവനന്തപുരത്തു ബ്ലൈൻഡ് ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു. 

∙ ഏഷ്യൻ ബ്ലൈൻഡ് ഫുട്ബോൾ കൊച്ചിയിൽ

കാഴ്ചപരിമിതർക്കുള്ള  2022ലെ ഏഷ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പിനു കൊച്ചി വേദിയാകും. നവംബറിലാകും മത്സരമെന്നു സുനിലും റോയിയും പറഞ്ഞു. ഇന്ത്യക്ക് അനുവദിച്ച മത്സരം കേരളത്തിൽ ഏറ്റെടുത്തു നടത്താനുള്ള സന്നദ്ധത അറിയിക്കുകയും ദേശീയതലത്തിൽ അത് അംഗീകരിക്കപ്പെടുകയുമായിരുന്നു.  ഈ മത്സരങ്ങൾ കേരളത്തിൽ നടത്തുന്നതു കേരളത്തിൽ ഈ വിഭാഗത്തിന്റെ കായിക മത്സരങ്ങളിൽ പുത്തനുണർവുണ്ടാക്കുമെന്നാണു പ്രതീക്ഷ. കൂടുതൽ പെൺകുട്ടികളെ മത്സരങ്ങളിൽ സഹകരിപ്പിച്ചു വനിതാവിഭാഗം മത്സരങ്ങൾ നടത്താനും ഇന്ത്യക്കു മികച്ച വനിതാ ടീമിനെ രൂപപ്പെടുത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. അതും സാധ്യമാകുമെന്ന പ്രത്യാശയിലാണു സംഘാടകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com