ADVERTISEMENT

ശ്ശൊ; അവർക്കൊരു നാലു ഗോളെങ്കിലും അടിക്കാമായിരുന്നു, അയാൾക്കു ഹാട്രിക് ഉറപ്പായും നേടാമായിരുന്നു! ഫുട്ബോളിൽ നന്നായി കളിച്ചിട്ടും തോറ്റു പോയ ടീമുകളെക്കുറിച്ച് ആരാധകരുടെ പതിവു സങ്കടമാണിത്. എന്നാൽ വല്ല കളിക്കണക്കും നോക്കിയിട്ടാണോ ഇങ്ങനെയൊക്കെ പറയുന്നത് എന്നു ചോദിച്ചാൽ പലരും കൈമലർത്തും. അതു പക്ഷേ പണ്ട്. ഇപ്പോൾ ടീമുകളുടെ ഓരോ ഷോട്ടുകൾക്കും അടിക്കാതെ പോയ ഗോളുകൾക്കും ഒരു വിലയുണ്ട്. Expected goals അഥവാ xG. ഫുട്ബോൾ മൈതാനത്തു ഡേറ്റ സയൻസ് കയറിക്കളിക്കുന്നതിന്റെ പുതിയ ഉദാഹരണങ്ങളിലൊന്ന്.

∙ എന്താണ് xG?

പ്രതീക്ഷിച്ച ഗോളുകൾ എന്നു തന്നെ അർഥം. എന്നാൽ കൃത്യമായി നേടേണ്ടിയിരുന്ന ഗോളിന്റെ എണ്ണമായി ഇതു തെറ്റിദ്ധരിക്കരുത്. ഗോളുകളുടെ എണ്ണം പോലെ 1,2,3,4 എന്നിങ്ങനെയല്ല Xg രേഖപ്പെടുത്തുക. ദശാംശ സംഖ്യകളിലാണ്. അതായത് 1.73, 1.48 എന്നൊക്കെ. കുറച്ചുകൂടി വിശദമായി പറ‍ഞ്ഞാൽ ഒരു കളിയിൽ ഒരു ടീമിന്റെ ആക്രമണത്തിന്റെ ആകെത്തുകയാണിത്. xG വാല്യു കൂടുതലായിരുന്നു എന്നു പറഞ്ഞാൽ ആ ടീം ഗോൾസാധ്യതയുള്ള കുറെ ഷോട്ടുകൾ ഒരുക്കിയെടുത്തു എന്നാണർഥം. അതിലെത്ര ഗോളാക്കി എന്നതാണ് ശരിക്കും മിടുക്ക്.

∙ എങ്ങനെയാണ് xG?

ഒരു ടീം ഒരു കളിയിൽ പായിച്ച ഷോട്ടുകൾ അടിസ്ഥാനമാക്കിയാണ് xG കണക്കാക്കുന്നത്. ഓരോ ഷോട്ടിനും 0–1 വരെയുള്ള xG മൂല്യമുണ്ട്. ഷോട്ടിന്റെ ഗോൾ സാധ്യതയനുസരിച്ചാണ് ഇതു നിർണയിച്ചിരിക്കുന്നത്. അതിന്റെ മാനദണ്ഡങ്ങൾ ഇങ്ങനെയൊക്കെ:

1) ഗോളിലേക്കുള്ള ദൂരം

2) ഗോളിലേക്കുള്ള ആംഗിൾ

3) എതിർകളിക്കാരുടെ സാന്നിധ്യം

4) ഏതു ശരീരഭാഗം കൊണ്ടാണ് ഷോട്ട്

5) ഏതു തരത്തിലുള്ള അസിസ്റ്റാണ്?

6) ഓപ്പൺ പ്ലേ, സെറ്റ് പീസ്...

അസാധ്യമായ ആംഗിളിൽനിന്നുള്ള ഷോട്ടുകൾക്ക് xGവാല്യു കുറച്ചേ കാണൂ. എന്നാൽ അനായാസമായി ഗോൾ നേടാവുന്ന ഷോട്ടുകൾക്ക് xG വാല്യു കൂടുതലായിരിക്കും. ഉദാഹരണം പെനൽറ്റി കിക്കുകൾ തന്നെ. സമാനസ്വഭാവമായതിനാൽ പെനൽറ്റി കിക്കുകളുടെയെല്ലാം xGവാല്യു ഒന്നാണ്– 0.76. അതായത് നൂറിൽ 76 വട്ടവും ഒരു പെനൽറ്റി കിക്ക് ഗോളായിരിക്കും. ഇങ്ങനെ ഓരോ ഷോട്ടിന്റെയും xG വാല്യു ചേർത്തു വച്ചാൽ ആ കളിയിൽ ടീമിന്റെ ആകെ xG സ്കോർ ആയി. ഒരു സീസണിൽ ഒരു കളിക്കാരന്റെ ആകെ ഷോട്ടുകൾ വിലയിരുത്തി അയാളുടെ xGവാല്യുവും ഇങ്ങനെ കണ്ടെത്താം.

∙ ഗോളിൽ തന്നെയാണ് കാര്യം

xG വാല്യു കൂടുതലായതു കൊണ്ടു മാത്രം ആ ടീം നന്നായി കളിച്ചു എന്നു പറയാനാവില്ല. കാരണം, ഒരു കളിയിൽ ആദ്യമേ 2 ഗോൾ നേടുന്ന ടീം പിന്നീടു ചിലപ്പോൾ ആക്രമിച്ചു കളിക്കാതെ പ്രതിരോധിച്ചു നിൽക്കും. അതോടെ അവരുടെ xG വാല്യു കുറയും. എതിർ ടീം ഗോൾ മടക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനാൽ അവരുടെ xGവാല്യു കൂടുകയും ചെയ്യും. പക്ഷേ, മത്സരവസാനം കൂടുതൽ xG വാല്യു ഉള്ളവരല്ല, കൂടുതൽ ഗോളടിച്ചവർ തന്നെയാണ് ജയിക്കുക.

∙ xGയിൽ തീരുന്നില്ല!

മൊബൈൽ സാങ്കേതിക വിദ്യ 3g, 4g, 5g എന്നു വികസിക്കും പോലെ xGയിൽ തീരുന്നില്ല ഫുട്ബോളിലെ ഡേറ്റ സയൻസ് വിപ്ലവം. Expected goals പോലെ Expected assist എന്നതുമുണ്ട്. ഒരു അസിസ്റ്റ് ഗോളിലേക്കു വഴിയൊരുക്കുന്നതിന്റെ കണക്കാണിത്.

∙ ബഡാ ബഗാൻ

ഐഎസ്എലിലെ ഉദ്ഘാടന മത്സരമായ എടികെ മോഹൻ ബഗാൻ–കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മത്സരത്തിൽ നിന്നുള്ള ഈ ഗ്രാഫിക്സുകൾ നോക്കുക. മത്സരത്തിൽ ബഗാന്റെ ആകെ Xg വാല്യു 1.73 ആണ്. ബ്ലാസ്റ്റേഴ്സിന്റെ xGവാല്യു 1.48 (ചിത്രം–1). ബഗാന്റെ 10 ഷോട്ടുകളുടെയും xG വാല്യു കൂട്ടിയ കണക്കാണിത്. ബ്ലാസ്റ്റേഴ്സ് 13 ഷോട്ടുകൾ പായിച്ചെങ്കിലും അവയുടെ xG വാല്യു അത്രയും വന്നില്ല. അതായത് ഗോളാകാൻ കൂടുതൽ സാധ്യതയുള്ള ഷോട്ടുകൾ ഒരുക്കിയത് ബഗാൻ ആയിരുന്നു എന്നർഥം. ഈ 10 ഷോട്ടുകളിൽ 4 എണ്ണം ഗോളുകളിലാക്കി ബഗാൻ മത്സരം വിജയിക്കുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് 13 ഷോട്ടുകളിൽ ലക്ഷ്യത്തിലെത്തിച്ചത് 2 എണ്ണം മാത്രം.

goal-shot

ചിത്രം 2: കളി പുരോഗമിക്കുന്തോറുമുള്ള ഓരോ ടീമിന്റെയും xGവാല്യു ആണ്. ഓരോ ഷോട്ട് അനുസരിച്ചും ടീമിന്റെ xG വാല്യു കൂടുന്നത് കാണാം.

x-g

∙ ബൗമോയുടെ ഗോൾ, സഹലിന്റെ ഗോൾ

ഒരു ഷോട്ടിന്റെ xG വാല്യു കണ്ടെത്താൻ അതിന്റെ മുൻപത്തെ ഷോട്ട് വരെയുള്ള xGവാല്യു കുറച്ചാൽ മതി. ചിത്രം–2 നോക്കുക. ബഗാൻ താരം യൂഗോ ബൗമോയുടെ ഗോളും അതിന്റെ മുൻപത്തെ ഷോട്ടും തമ്മിലുള്ള വ്യത്യാസം വളരെ കുറവാണ്. ബൗമോയുടെ ഷോട്ടിന്റെ xG വാല്യു വളരെ കുറവായിരുന്നു. ബോക്സിനു പുറത്ത് വലതു പാർശ്വത്തിൽ നിന്നുള്ള ബ്യൂമോയുടെ ഷോട്ട് ഗോളാകാനുള്ള സാധ്യത നേരിയതായിരുന്നു എന്നർഥം.

ബ്ലാസ്റ്റേഴ്സിനു വേണ്ടി സഹൽ നേടിയ ഗോൾ ഷോട്ടിന്റെ xG വാല്യു അതിലും കുറച്ചു കൂടുതലായിരുന്നു. സഹലിന്റെ ഷോട്ട് ബോക്സിനുള്ളിൽ ഗോൾമുഖത്തിനു നേരേനിന്നായിരുന്നു എന്നതു കൊണ്ടാണത്.

English Summary: Concept of Expected Goals in Football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com