‘സന്തോഷത്തിന്റെ മുദ്ര’ ചാർത്തുമ്പോൾ ബ്ലാസ്റ്റേഴ്സ് അറിയണം, കേരളത്തിനു പറയാനുള്ളത്...

isl-2021-1
സി.സി. ജേക്കബ്, ഐ.എം. വിജയൻ, വിനു ജോസ്, സോമു പി. ജോസഫ്, അമീർ ബാബു
SHARE

1973 ഡിസംബർ 27. കേരളത്തിന്റെ കായികരംഗം ഏറ്റുവാങ്ങിയ ഏറ്റവും ആവേശകരമായ കിരീടനേട്ടത്തിന്റെ ഉദയത്തിന്റേതായിരുന്നു ആ സായാഹ്നം. കൊച്ചുകേരളത്തിന്റെ മടിത്തട്ടിലേയ്ക്കു ഫുട്ബോൾ കപ്പലിറങ്ങിയ കൊച്ചിയുടെ മണ്ണിൽ, ചൂളമരത്തിൽ കെട്ടിപ്പൊക്കിയ ഗാലറികൾ കോട്ട തീർത്ത മഹാരാജാസ് സ്റ്റേഡിയത്തിൽ താളിക്കാവ് സുബ്രഹ്‌മണ്യൻ മണി എന്ന കപ്പിത്താനും സംഘവുമൊരു ചരിത്രനങ്കൂരം നാട്ടി. സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ ആദ്യമുത്തം.

റെയിൽവേയുടെ കരുത്തിനൊപ്പം കൂകിപ്പായുമെന്നു തോന്നിപ്പിച്ച ദേശീയ കിരീടമാണു  ചൂളമര ഗാലറിയിൽ ആടിയുലഞ്ഞ്, ചോരയും നീരും കേരളത്തിനു നൽകി അലറിവിളിച്ച കാണികളുടെ ആവേശത്തിൽ ക്യാപ്റ്റൻ മണിയുടെ സൈന്യം പിടിച്ചെടുത്തത്. ഒരു പതിറ്റാണ്ടിനപ്പുറം നെഹ്‌റു സ്വർണക്കപ്പിനും ഒടുവിൽ അണ്ടർ–17 ലോകകപ്പിനും കൊടിപാറിയ വേദിയായിട്ടുള്ള കേരളത്തിന്റെ വളർച്ചയുടെ തുടക്കമെന്നുതന്നെ വിശേഷിപ്പിക്കണം അന്നത്തെ പ്രഥമ സന്തോഷ് ട്രോഫി നേട്ടം. 

അര നൂറ്റാണ്ടിന്റെ വിസിലിനു കാതോർത്തിരിക്കുന്ന ആ സുവർണ നിമിഷങ്ങളുടെ ഓർമകളിൽ ഓടിക്കളിച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ എട്ടാം അധ്യായത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയിറക്കം. ചരിത്രത്തിൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിനു സമർപ്പിച്ചിട്ടുള്ളതാണ് ഇത്തവണ കേരള ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ജഴ്സി. 1973ലെ ആ ഫൈനലിൽ ധരിച്ച കുപ്പായത്തിന്റെ പുനരാവിഷ്കാരം അണിഞ്ഞാണു ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഈ സീസണിലെ ഹോം മത്സരങ്ങളിൽ (‍ഡിസംബർ 5നു ഒഡീഷ എഫ്സിക്കെതിരെയാണ് ആദ്യ ഹോം മാച്ച്) കളത്തിലിറങ്ങുന്നത്.

നിറം വ്യത്യസ്തമെങ്കിലും അതേ രൂപകൽപനയിലുള്ള ജഴ്സിക്കു പിന്നിൽ മുകൾഭാഗത്ത് ‘1973’ എന്ന അഭിമാന വർഷത്തിന്റെ മുദ്രയും ചാർത്തിയാകും ബ്ലാസ്റ്റേഴ്സിന്റെ പോരാട്ടങ്ങൾ. 1973ലെ വിജയ ചൈതന്യം ടീമിൽ നിറയ്ക്കുക എന്ന സ്വപ്നവുമായി ബ്ലാസ്റ്റേഴ്സ് ആ കുപ്പായം അണിയുമ്പോൾ കേരളവും കേരളത്തിന്റെ ഫുട്ബോളും തിരിച്ചും പ്രതീക്ഷിക്കുന്നുണ്ട് ഓർമിക്കാൻ ഒരുപിടി നിമിഷങ്ങൾ. 

‘എഴുപത്തിമൂന്നിലെ കേരള താരങ്ങളോടും ഇവിടുത്തെ ഫുട്ബോളിനോടുമുള്ള ആദരവായാണു ജഴ്സിയിൽ ആ വർഷം രേഖപ്പെടുത്തിയ ബ്ലാസ്റ്റേഴ്സിന്റെ നീക്കത്തെ കാണുന്നത്. കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ആ വിജയത്തിന്റെ സന്തോഷം ബ്ലാസ്റ്റേഴ്സിന്റെ പ്രകടനത്തിലും വരണമെന്നാണ് ആഗ്രഹം. എല്ലാവരും ജയിക്കാൻ വേണ്ടിയാണു കളിക്കുന്നത്. എന്നാൽ രണ്ടിലൊരു ടീമിനെ ജയം നേടാനാകൂ. നന്നായി കളിക്കുക എന്നതാണു സന്തോഷം നൽകുന്ന കാര്യം. ജയവും പരാജയവും ഭാഗ്യം എന്ന ഘടകം കൂടി ആശ്രയിച്ചെത്തുന്ന ഒന്നാണ്. കരുത്തരായ എതിരാളികൾക്കെതിരെ പൊരുതി നേടിയ ഒന്നായിരുന്നു 1973 ലെ ജയം.’

‘അന്നത്തെ വിജയത്തിനു പിന്നിൽ കോച്ച് ഒളിംപ്യൻ സൈമൺ സുന്ദർരാജ് സാറിന്റെ മികവാണ്. ‘അറ്റാക്കിങ് ഈസ് ദ് ബെസ്റ്റ് ഡിഫൻസ്’ എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. ആ ടീമിൽ നിന്നു ബ്ലാസ്റ്റേഴ്സ് പകർത്തേണ്ടതും ആവർത്തിക്കേണ്ടതും ഇതുതന്നെ. നല്ല കളി കളിക്കൂ, അറ്റാക്കിങ് ഗെയിം കളിക്കൂ’ –  1973 ലെ സന്തോഷ് ട്രോഫി നേടിയ ടീമിലെ അംഗവും 1987 ലെ ദേശീയ ഗെയിംസ് ഫുട്ബോൾ സ്വർണം നേടിയ ടീമിന്റെ കോച്ചും മുൻ രാജ്യാന്തര ഫുട്ബോളറുമായ സി.സി. ജേക്കബിന്റെ വാക്കുകളിൽ തെളിയുന്നതു കേരളമൊന്നടങ്കം പറയാൻ ആഗ്രഹിച്ച വികാരമാണ്.

ഫുട്ബോൾ എങ്ങനെ ആഘോഷിക്കണമെന്നു മലയാളികളോട് ആരും പറയേണ്ടതില്ല. ഇഷ്ടം കൂടിയാൽ ലോകത്തൊരു വേദിയിലും കിട്ടാൻ സാധ്യതയില്ലാത്ത പിന്തുണ ഈ കാണികൾ പകർന്നുതരും. ഫുട്ബോളിന് ഈ നാട്ടിൽ പ്രഫഷനൽ വിലാസം വരുന്നതിനും മുൻപേ, ടെലിവിഷനിലൂടെ ലോക ഫുട്ബോളിന്റെ നേർക്കാഴ്ചകളെത്തുന്നതിനും മുൻപേ തുടങ്ങിയതാണു ഈ ശീലം. കേരളത്തിന്റെ വിലാസത്തിലും എതിരാളികളുടെ ജഴ്സിയണിഞ്ഞും ഇവിടുത്തെ ഫുട്ബോൾ പ്രേമികളുടെ മനസ്സ് തിരിച്ചറിഞ്ഞിട്ടുള്ള ഇന്ത്യയുടെ ഇതിഹാസ താരം ഐ.എം. വിജയനു പറയാനുള്ളതും ആരാധകരുടെ ഹൃദയത്തിൽ തൊടുന്ന കളി പുറത്തെടുക്കണമെന്നാണ്.

‘ആരാധകരേ നമുക്കു കാത്തിരിക്കാം, ആശകൾ പൂവണിയുന്നൊരു പുതു സീസണിനായ്...ബ്ലാസ്റ്റേഴ്സ് പാടെ നിരാശപ്പെടുത്തിയ കഴിഞ്ഞ ഏതാനും സീസണുകളിലായി എന്റെ ഐഎസ്എൽ പംക്തി അവസാനിക്കുന്നത് ഇത്തരമൊരു സന്ദേശവുമായാണ്. സ്വന്തം ടീമിന്റെ വിജയത്തിനായി ആർപ്പുവിളിച്ച് ഒടുവിൽ തിരിച്ചടിയുടെ നിരാശയിൽ തളർന്നു പോയ ഒരുപാട് മുഖങ്ങളാകും ആ സമയം മനസ്സിലെത്തുക. കാൽപന്തിനെ നെഞ്ചോടു ചേർക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകസമൂഹമാണു നമ്മൾ മലയാളികൾ. അതുകൊണ്ടാണല്ലോ, അങ്ങു കോപ്പ അമേരിക്കയിലെ കിരീടനേട്ടത്തിനു പോലും ഇവിടെ പടുകൂറ്റൻ കമാനങ്ങൾ ഉയരുന്നതും അതു അർജന്റീനയുടെ താരങ്ങൾ പോലും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതും.’

‘പക്ഷേ ഐഎസ്എലിലെ ഏറ്റവും നിർഭാഗ്യവാൻമാരായ ആരാധകസമൂഹം മലയാളികളാണെന്ന് എനിക്കു തോന്നുന്നു. ഓരോ വർഷവും എത്ര പ്രതീക്ഷയോടെയാണു നമ്മൾ ലീഗിനായി കാത്തിരിക്കുന്നത്. പലപ്പോഴും നിരാശ മാത്രമാണു ബാക്കിയുണ്ടാവുക. തുടർച്ചയായി തിരിച്ചടികൾക്കിടയിലും  ഇത്രയേറെ സ്നേഹവും പിന്തുണയും ആരാധകരിൽ നിന്നു കിട്ടുന്നതാണ് ഏറ്റവും വലിയ സൗഭാഗ്യമെന്നു ബ്ലാസ്റ്റേഴ്സ് തിരിച്ചറിയണം. ആ സ്നേഹത്തിനു പന്തു കൊണ്ടു പ്രതിഫലം നൽകണം. കിരീടത്തിന്റെ കനം നോക്കിയല്ല കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ടീമുകളെ അളക്കുന്നത്. അതിനു കളി മാത്രമാണു മാനദണ്ഡം. എതിരാളികളായെത്തുന്ന ടീമുകൾ പോലും കസറുന്ന കളി പുറത്തെടുത്താൽ കൈയടിക്കാൻ ശീലിച്ചവരാണ് ഇവിടുത്തെ കാണികൾ. ജയം മാത്രമല്ലല്ലോ ഫുട്ബോളിന്റെ സൗന്ദര്യം. നല്ല കളി, ഒഴുക്കുള്ള കളി, അഴകുള്ള കളി, ഒത്തിണക്കമുള്ള കളി...ഇതു മാത്രം മതി. ആരാധകരുടെ ഹൃദയത്തിൽ തൊടും അത്തരം പ്രകടനങ്ങൾ. വിജയവും പരാജയവുമെല്ലാം അതിനപ്പുറമുള്ള കാര്യങ്ങൾ മാത്രം’ – ഇന്ത്യൻ സൂപ്പർ ലീഗിലെ മത്സരങ്ങൾ സസൂക്ഷ്മം വീക്ഷിക്കാറുള്ള ഐ.എം. വിജയന്റെ സാക്ഷ്യപത്രം.

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോഴും കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ മനസ്സ് തിരിച്ചറിയാനായിട്ടില്ലെന്ന വികാരം പങ്കുവയ്ക്കുന്ന മുൻ ഫുട്ബോളർമാരിൽ ഐ.എം.വിജയൻ തനിച്ചല്ല. കേരളത്തിൽ ഫുട്ബോളിനുള്ള വേരോട്ടം തിരിച്ചറിയണമെന്ന അഭിപ്രായമാണു മുൻ രാജ്യാന്തര താരവും ഇപ്പോൾ പരിശീലകനുമായ വിനു ജോസിനും ബ്ലാസ്റ്റേഴ്സിനോടു പങ്കു വയ്ക്കാനുള്ളത്.  

‘ഐഎസ്എലിന്റെ ഉദ്ഘാടന മത്സരങ്ങളുടെ ഷെഡ്യൂൾ മാത്രം മതിയാകും കേരളത്തിന്റെ ഫുട്ബോൾ സ്പന്ദനത്തിന്റെ തോത് അറിയാൻ. ബ്ലാസ്റ്റേഴ്സിന് ആദ്യ മത്സരം ലഭിക്കുന്നത് കേരള ഫുട്ബോളിനുള്ള അംഗീകാരം എന്ന നിലയ്ക്കാണ്. എടികെ മോഹൻ ബഗാൻ മാത്രമല്ല, ഐഎസ്എൽ കിരീടം നേടിയ ടീമുകൾ വേറെയുമുണ്ടല്ലോ. പക്ഷേ, പതിവായി കൊൽക്കത്ത ടീമിനെതിരെ ലീഗ് മത്സരങ്ങൾക്കു കിക്കോഫ് നടത്താനുള്ള നിയോഗം ബ്ലാസ്റ്റേഴ്സിനു  ലഭിക്കുന്നു. ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങൾ അല്ല, കേരളത്തിലെ ആരാധകരുടെ മികവാണ് അതിനു കാരണം. ഐഎസ്എലിന്റെയും ബ്ലാസ്റ്റേഴ്സിന്റെയും പേര് ലോകം മുഴുവൻ പരന്നിട്ടുണ്ടെങ്കിൽ അതിനു കാരണമായതും ഈ ആരാധകരാണ്. ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടത്തിന്റെ കരുത്തും ആവേശവും ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ആഹ്ലാദിക്കാൻ ഒരു കിരീടം പോലും ഇല്ലാതെയാണിതെന്നോർക്കണം. ഈ ആരാധക സമ്പത്ത് നിലനിർത്തുക എന്നതൊരു വെല്ലുവിളി തന്നെയാണ്. ടീം അതു തിരിച്ചറിയണം.  ആ വെല്ലുവിളി ഏറ്റെടുക്കണം. കളത്തിലെ പ്രകടനം കൊണ്ടു മാത്രമേ അതിൽ വിജയിക്കാനാകൂ. ആ നിലയ്ക്കു ബ്ലാസ്റ്റേഴ്സിന് ഏറെ നിർണായകമാണ് ഈ സീസൺ ’ – ടാറ്റ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്ന വിനുവിന്റെ വാക്കുകളിൽ ഒരു മുന്നറിയിപ്പിന്റെ സൂചനയും തെളിയുന്നുണ്ട്.

നിരാശയുടെ മുറിവുണക്കാൻ ഒരു മികച്ച സീസൺ മാത്രം മതിയെന്ന ശുഭപ്രതീക്ഷയിലാണു കേരളത്തിലുടനീളമുള്ള ആരാധകർ ഐഎസ്എൽ എട്ടാമൂഴത്തിൽ കണ്ണും നട്ടിരിക്കുന്നത്. 

‘പതിനായിരങ്ങളെ ഗാലറിയിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞെങ്കിലും പലപ്പോഴും നിരാശയായിരുന്നു ഫലം. പക്ഷേ ഒരു മികച്ച ജയം മാത്രം മതി ഈ നിരാശയുടെ മുറിവ് ഉണക്കാൻ. പുതിയ സീസണിൽ പുതിയ സ്വപ്നങ്ങളുമായാണു കേരളത്തിന്റെ ടീമും ആരാധകരും ലീഗിനെത്തിയിട്ടുള്ളത്. എല്ലാ ടീമുകളും ജയിക്കാൻ വേണ്ടിയാണു കളിക്കുന്നത്. പരാജയം ആഗ്രഹിച്ച് ഒരു ടീമും കളിക്കളത്തിലിറങ്ങുകയില്ലല്ലോ. പക്ഷേ എല്ലാ മത്സരവും ജയിക്കാനും കഴിയില്ല. അപ്രതീക്ഷിതമായ ജയപരാജയങ്ങൾ തന്നെയാണു കാൽപന്തുകളിയുടെ സൗന്ദര്യവും ആവേശവും. കേരള ബ്ലാസ്റ്റേഴ്സിന്റെ വരവിലൂടെ കേരള ഫുട്ബോളിൽ ഉണ്ടായ ഉണർവ് വളരെ വലുതാണ്. ഗ്രാസ് റൂട്ട് തലം മുതൽക്കേ ഈ രംഗത്തു മാറ്റങ്ങൾ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന്റെ സാന്നിധ്യത്തിനായി. ബ്ലാസ്റ്റേഴ്സ് എത്രയും വേഗം വിജയവഴിയിൽ തിരിച്ചെത്തണമെന്നാണ് ആശിക്കുന്നത്. വിജയത്തിൽ കുറഞ്ഞതൊന്നും ഒരു ആരാധകനും ആഗ്രഹിക്കുന്നില്ല ’ – ഫുട്ബോൾ പ്രേമിയും സംഘാടകനുമായ അമീർ ബാബുവിന്റെ വാക്കുകൾ. 

‘ഒരു ആരാധകൻ എന്ന നിലയിൽ ഏറെ ആകാംക്ഷയോടെയാണ് ഈ സീസണിനായി കാത്തിരിക്കുന്നത്. കഴിഞ്ഞ നാലു വർഷമായി ബ്ലാസ്റ്റേഴ്സിന് മോശം സീസണുകളായിരുന്നു. പുതിയ കോച്ചും പുതിയ താരങ്ങളുമായി ദൈർഘ്യമേറിയൊരു പ്രീ സീസൺ കഴിഞ്ഞാണ് ഇത്തവണ ടീമിന്റെ വരവ്. കളിക്കാരെ മനസ്സിലാക്കാനും സന്തുലിതമായൊരു ടീമിനെ കണ്ടെത്താനും പ്രീ സീസൺ കോച്ചിനെ സഹായിച്ചിട്ടുണ്ടാകും. യുവാക്കളും പരിചയസമ്പന്നരും ഇടകലർന്ന സ്ക്വാഡാണെന്നതും ടീമിനു ഗുണം ചെയ്യുമെന്നാണു പ്രതീക്ഷ. കരുത്തരായ എടികെ മോഹൻ ബഗാനെതിരെ പരാജയം നേരിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ കളിയിൽ പുരോഗതി വ്യക്തമായിരുന്നു.  കളിക്കാരിൽ നിന്നു സ്ഥിരതയാർന്ന പ്രകടനമാണു പ്രതീക്ഷിക്കുന്നത്. വിജയത്തിനായി അവർ ഏതറ്റം വരെയും പോരാടുമെന്ന വിശ്വാസത്തിലാണു ഞാനുൾപ്പെടെയുള്ള ബ്ലാസ്റ്റേഴ്സ് ആരാധകർ. ഒരു ആരാധകനെന്ന നിലയിൽ ഞാനും ടീം ട്രോഫി നേടണമെന്ന് ആഗ്രഹിക്കുന്നു, ആരാണ് അങ്ങനെ ആഗ്രഹിക്കാത്തത്?   ‘ബ്ലാസ്റ്റേഴ്സിന്റെ ബെസ്റ്റ്’ എന്നു പറയാവുന്ന പ്രകടനങ്ങൾക്കാണു കാത്തിരിക്കുന്നത്. ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതും അതിനാകും ’ – ബ്ലാസ്റ്റേഴ്സിന്റെ ഖ്യാതി ലോകം മുഴുവനെത്തിച്ച മഞ്ഞപ്പട ഫാൻ ഗ്രൂപ്പ് അംഗമായ സോമു പി. ജോസഫിന്റെ പ്രതീക്ഷകളിൽ ആരാധകസമൂഹത്തിന്റെ മനസ്സു തന്നെയാണു തെളിയുന്നത്.

ഒരാൾക്കു പ്രചോദനത്തിന്റെ തീപ്പൊരി പകർന്നാൽ അതാകും നിങ്ങൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആ തീപ്പൊരി  പിന്നീട് ആളിപ്പടർന്നു നിരന്തര പ്രേരകശക്തിയായി കെടാവിളക്കായി നിലകൊള്ളും. ബ്ലാസ്റ്റേഴ്സ്, നിങ്ങൾക്കു പിന്നിൽ പ്രചോദനത്തിന്റെ ഒരായിരം തീപ്പന്തങ്ങളായി ജ്വലിക്കുകയാണു കേരളത്തിന്റെ ഫുട്ബോൾ മനസ്സ്. അഞ്ചു പതിറ്റാണ്ടു മുൻപ് കൊച്ചിയിലെ ചൂളമര ഗാലറിയിൽ ആടിയുലഞ്ഞ് ആർപ്പുവിളിച്ചതിനെക്കാൾ ആളും ആരവവും ആവേശവും ബ്ലാസ്റ്റേഴ്സിന്റെ വിജയഭേരിക്കായി കാത്തിരിക്കുന്നു. സന്തോഷ് ട്രോഫിയുടെ കിരീടമുദ്ര ചാർത്തിയ കുപ്പായത്തിൽ ബ്ലാസ്റ്റേഴ്സ് കേരളത്തിനു സമ്മാനിക്കേണ്ടതും സന്തോഷത്തിന്റെ നിമിഷങ്ങളാണ്. 

English Summary: Former Players and Fans Share Their Expectations on KBFC

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കരടിക്ക് എന്റെ ലൈഫുമായി ഒരുപാട് ബന്ധമുണ്ട് | Chemban Vinod Jose | Bheemante Vazhi | Candid Talks

MORE VIDEOS
FROM ONMANORAMA