ADVERTISEMENT

ബാംബോലിം (ഗോവ) ∙ ഒരു പെനൽറ്റി ഗോൾ; അതു മതിയായിരുന്നു ചെന്നൈയിൻ എഫ്സിക്ക്. ഹൈദരാബാദ് എഫ്സിയുടെ മുന്നേറ്റങ്ങളെ പ്രതിരോധച്ചിറ കെട്ടി ചെറുത്ത ചെന്നൈയ്ക്ക് ഐഎസ്എൽ ഫുട്ബോൾ സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ജയം. 66–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി ഹംഗറി താരം വ്ലാദിമിർ കോമാനാണ് ലക്ഷ്യത്തിലെത്തിച്ചത്. അതിനു മുൻപും പിൻപും ഗോളവസരങ്ങൾ ഏറെ സൃഷ്ടിച്ചത് ഹൈദരാബാദ്. എന്നാൽ മുൻ ബ്ലാസ്റ്റേഴ്സ് താരം ബർത്തോലോമ്യു ഓഗ്ബച്ചെ ഉൾപ്പെടുന്ന മുന്നേറ്റനിരയ്ക്ക് ഒന്നു പോലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

കളിയുടെ 10–ാം മിനിറ്റിൽ തന്നെ ഇന്ത്യൻ വിങ്ങർ ഹാളിചരൺ നർസാരിക്ക് പരുക്കേറ്റു പുറത്തു പോകേണ്ടി വന്നത് ഹൈദരാബാദിനു വലിയ തിരിച്ചടിയായി. ഓഗ്ബച്ചെയും എഡു ഗാർഷ്യയും മുന്നേറ്റം നയിച്ചെങ്കിലും ചെന്നൈ ഗോൾകീപ്പർ വിശാൽ കെയ്ത്ത് വൻമതിലായി നിന്നു. \

66–ാം മിനിറ്റിൽ ഹിതേഷ് ശർമ ചെന്നൈ ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പയെ പെനൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ചെന്നൈയ്ക്കു പെനൽറ്റി. ഫ്രഞ്ച് ക്ലബ് എഎസ് മോണക്കോയുടെ മുൻതാരമായ കോമാനു പിഴച്ചില്ല. നിലവിലെ ചാംപ്യൻമാരായ മുംബൈയ്ക്കെതിരെ ശനിയാഴ്ചയാണ് ഹൈദരാബാദിന്റെ അടുത്ത മത്സരം. ചെന്നൈ തിങ്കളാഴ്ച നോർത്ത് ഈസ്റ്റിനെ നേരിടും.

English Summary: Chennaiyin vs Hyderabad, ISL 2021-22 - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com