അവസരങ്ങൾ തുലച്ച് ബ്ലാസ്റ്റേഴ്സ്; നോർത്ത് ഈസ്റ്റിനെതിരെ ഗോൾരഹിത സമനില

sahal-abdul-samad-sad
ഗോളവസരം പാഴാക്കിയ മലയാളി താരം സഹൽ അബ്ദുൽ സമദിന്റെ നിരാശ (ട്വിറ്റർ ചിത്രം)
SHARE

ഫറ്റോർദ∙ ഒരുക്കിയെടുത്ത സുവർണാവസരങ്ങൾ അവിശ്വസനീയമായി നഷ്ടമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ എട്ടാം സീസണിലെ രണ്ടാം മത്സരത്തിൽ സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം ബ്ലാസ്റ്റേഴ്സ് പതിവുപോലെ മേധാവിത്തം പുലർത്തിയെങ്കിലും, ആക്രമണത്തിൽ പിന്നാക്കം പോയതാണ് തിരിച്ചടിച്ചത്. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനോടും നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബെംഗളൂരു എഫ്‍സിയോടും 4–2ന് തോറ്റിരുന്നു.

ഗോളെന്നുറപ്പിച്ച മൂന്ന് അവസരങ്ങളെങ്കിലും ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഇന്ന് പാഴാക്കി. ആദ്യ പകുതിയിൽ ഹോർഹെ പെരേര ഡയസും രണ്ടാം പകുതിയിൽ സഹൽ അബ്ദുൽ സമദും ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ ലഭിച്ച അവസരങ്ങൾ പുറത്തേക്കടിച്ചു കളഞ്ഞു. രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലിറങ്ങിയ അൽവാരോ വാസ്ക്വസിന്റെ ഹെഡർ നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ സുഭാശിഷ് ചൗധരി മുഴുനീളെ ഡൈവിലൂടെ തട്ടിത്തെറിപ്പിക്കുകയും ചെയ്തു.

37–ാം മിനിറ്റിലാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരങ്ങളിലൊന്ന് ബ്ലാസ്റ്റേഴ്സിന് ലഭിച്ചത്. മധ്യനിര താരം അഡ്രിയൻ ലൂണ ഒരുക്കിനൽകിയ അവസരം പക്ഷേ, ബ്ലാസ്റ്റേഴ്സിന്റെ അർജന്റീനക്കാരൻ ഫോർവേഡ് ഹോർഹെ പെരേര ഡയസിന് മുതലാക്കാനായില്ല. പന്തുമായി നോർത്ത് ഈസ്റ്റ് പ്രതിരോധത്തെയും ഗോള്‍കീപ്പറെയും വെട്ടിയൊഴിഞ്ഞ് ഗോളിലേക്ക് വഴി കണ്ടെത്തിയെങ്കിലും, ഡയസിന്റെ ഷോട്ട് അവിശ്വസനീയമായ വിധത്തിൽ പുറത്തുപോയി.

രണ്ടാം പകുതിയിൽ വിൻസി ബാരറ്റോയുടെ തകർപ്പൻ മുന്നേറ്റത്തിനൊടുവിൽ ബോക്സിനു നടുവിൽ മലയാളി താരം സഹൽ അബ്ദുൽ സമദിനു പന്തു ലഭിക്കുമ്പോൾ മുന്നിലുണ്ടായിരുന്നത് ഗോൾകീപ്പർ മാത്രം. കഴിഞ്ഞ മത്സരത്തിൽ നേടിയ തകർപ്പൻ ഗോളിന്റെ മറ്റൊരു പതിപ്പിന് അവസരമുണ്ടായിരുന്നെങ്കിലും പന്ത് വന്ന വഴിയേ ഗോളിലേക്കുള്ള വഴി കാണിക്കാനുള്ള സഹലിന്റെ ശ്രമം പാളി. പന്ത് പുറത്തേക്ക്.

പിന്നീട് ഏറ്റവും മികച്ച അവസരം ലഭിച്ചത് സ്പാനിഷ് താരം അൽവാരോ വാസ്ക്വസിന്. നിഷുകുമാറിന്റെ ക്രോസിന് ഉയർന്നുചാടി തലവച്ച വാസ്ക്വസിന്റെ ഹെഡർ കൃത്യമായിരുന്നു. പക്ഷേ, മുഴുനീളെ ഡൈവ് ചെയ്ത് നോർത്ത് ഈസ്റ്റ് ഗോൾകീപ്പർ സുഭാശിഷ് ചൗധരി പന്ത് കുത്തി പുറത്തിട്ടു.

English Summary: Kerala Blasters FC Vs North-East United FC ISL 2021-22 Match, Live

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA