ADVERTISEMENT

ചാംപ്യൻസ് ലീഗ് പോരാട്ടത്തിനുവേണ്ടി വർഷങ്ങൾ നീണ്ട കാത്തിരിപ്പ്, ഒടുവിൽ ഗ്രൂപ്പ് ഘട്ടത്തിൽ മടങ്ങേണ്ടി വരുമോ എന്ന സംശയം. അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ അവരുടെ കളിത്തട്ടിൽ കളിക്കാനിറങ്ങുമ്പോൾ എസി മിലാൻ താരങ്ങളും ആരാധകരും കൊതിച്ചത് ഒരു അദ്ഭുതമായിരുന്നു. അത് അവർക്കായി സമ്മാനിച്ചത് ഒരു മിശിഹായും; ബ്രസീലിയൻ മധ്യനിര താരം ജൂനിയർ മെസ്സിയാസ്. ഫ്രാങ്ക് കെസ്സിയുടെ അളന്നുമുറിച്ച പന്തിനും മെസ്സിയാസിന്റെ ഹെഡറിനും നൂറിൽ നൂറ് മാർക്ക്.

∙ ആരാണ് മെസ്സിയാസ്

ഈ ബ്രസീലിയൻ താരം ഇറ്റലിയിലേക്ക് കുടിയേറുന്ന കാലത്ത് പ്രഫഷനൽ ഫുട്ബോൾ അദ്ദേഹത്തിന്റെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. വീട്ടുപകരണങ്ങൾ എത്തിച്ചു നൽകുന്ന ഡ്രൈവർ, കെട്ടിടം പൊളിക്കൽ തുടങ്ങിയ ജോലികൾ ചെയ്തിരുന്ന മെസ്സിയാസ് ടൂറിനിലുള്ള സ്പോർട്സ് വാരിക്ക് എന്ന ടീമിനായി വാരന്ത്യങ്ങളിൽ കളിക്കാനിറങ്ങും.

ജന്മദേശമായ ബ്രസീലിലെ ക്രൂസെയിറോ ക്ലബ് യൂത്ത് ടീമിനുവേണ്ടി കളിച്ച പരിചയം തുണയായി. സീനിയർ ടീമിൽ സ്ഥാനം നേടാൻ കഴിയാതെ വന്നതോടെ 2011ൽ ഇറ്റലിയിലേക്ക് ചേക്കേറുകയായിരുന്നു.

∙ എസിയോ റോസിയുടെ ഇടപെടൽ

3 വർഷം മുൻപ് വരെ ഇറ്റലിയിലെ അമച്വർ വിഭാഗത്തിലെ സെരി ഡിയിൽ ബൂട്ടണിഞ്ഞിരുന്ന താരമാണ് ഇന്ന് ചാംപ്യൻസ് ലീഗ് വേദിയിൽ തിളങ്ങി നിൽക്കുന്നത്. 2015ൽ കസാലെ ടീമിലൂടെയാണ് ഫുട്ബോൾ ടൂർണമെന്റുകളിൽ താരം സാന്നിധ്യമറിയിച്ചത്. ടോറിനോ പ്രധിരോധ നിര താരമായിരുന്ന എസിയോ റോസി താരത്തെ നോട്ടമിട്ടു.

തുടർന്ന് 2015–16 സീസണിൽ കസാലെ പരിശീലകനായപ്പോൾ മെസ്സിയാസിനെ ഒപ്പം കൂട്ടി. 21 ഗോളുകൾ നേടിയ മെസ്സിയാസ് ടീമിനെ സെരി ഡിയിൽ എത്തിച്ചു. അടുത്ത സീസണിൽ ചിയേരി ക്ലബ്ബിലേക്ക് മാറി. 33 മത്സരങ്ങളിൽ 14 ഗോൾ. സെരി ബി ക്ലബ് പ്രോ വെർസെല്ലി മെസ്സിയാസിനു വേണ്ടി ശ്രമിച്ചെങ്കിലും നിയമത്തിന്റെ നൂലാമാലകൾ തടസ്സമായി. 2017ൽ സെരി ഡി ക്ലബ് ഗോസ്സാനോയിലെത്തി. ടീമിനെ സെരി സി പ്രമോഷൻ നേടാൻ സഹായിച്ചു.

∙ പ്രഫഷനൽ അരേങ്ങേറ്റം 2018ൽ

പ്രഫഷനൽ ലീഗിൽ താരത്തിന്റെ അരങ്ങേറ്റം 2018ൽ നടന്നു. 2019ൽ അന്ന് സെരി ബി ക്ലബ്ബായിരുന്ന ക്രൊട്ടോണെ മെസ്സിയാസിനെ ടീമിലെത്തിച്ചു. 29 വയസ്സിൽ ക്രൊട്ടോണെയ്ക്കായി അരങ്ങേറ്റം. 2020–20 ക്യാംപെയ്നിൽ ക്ലബ്ബിനെ ഒന്നാം ഡിവിഷനിലെത്തിക്കാൻ സഹായിച്ച് മെസ്സിയാസ് നന്ദി കാട്ടി. ഒന്നാം ഡിവിഷനിലും തിളങ്ങിയ താരം പോയ സീസണിൽ 9 ഗോളും 4 അസിസ്റ്റും സ്വന്തം പേരിലാക്കി.

ഇതോടെയാണ് മെസ്സിയാസിനായി എസി മിലാൻ രംഗത്തെത്തിയത്. ചർച്ചകൾക്കു ശേഷം വായ്പ അടിസ്ഥാനത്തിൽ മിലാനിലേക്ക്. ലോൺ വ്യവസ്ഥ അവസാനിക്കുന്നതോടെ താരത്തെ സ്വന്തമാക്കാനും കരാറിൽ വ്യവസ്ഥയുണ്ട്.

∙ വൈകിയുദിച്ച താരം

‘എനിക്ക് കരച്ചിൽ വന്നു. വല്ലാത്ത വൈകാരികതയിലായിരുന്ന ഞാൻ ആ സമയത്ത് (ഗോൾ നേടിയ സമയം). എന്റെ ഫുട്ബോൾ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു ഇത്. തുടരെ വന്ന രണ്ട് പരുക്കുകൾ എന്നെ തളർത്തിയിരുന്നു. – മെസ്സിയാസ് മത്സര ശേഷം പ്രതികരിച്ചു.

അത്‌ലറ്റിക്കോ മഡ്രിഡിനെതിരെ അവരുടെ തട്ടകത്തിൽ മെസ്സിയാസ് വലയിലെത്തിച്ച പന്ത് ഒരു നിമിഷം ആരാധകരെ ഓർമകളുടെ ചാംപ്യൻസ് ലീഗ് വസന്തകാലത്ത് എത്തിച്ചിരിക്കും. റയൽ മഡ്രിഡിനു പിന്നിൽ 7 വട്ടം കിരീടം നേടി രണ്ടാം സ്ഥാനത്ത് തല ഉയർത്തി നിൽക്കുന്ന ക്ലബ്ബിന് ഇതൊരു മധുര പ്രതികാരം കൂടിയാണ്.

മിലാൻ സംഘം അവസാനമായി കളിച്ച ചാംപ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ തങ്ങളെ തകർത്ത് കിരീട വരൾച്ചയുടെ കാലത്തിനു തുടക്കമിട്ട അത്‌ലറ്റിക്കോയെ തിരിച്ചു വരവിലെ ആദ്യ ജയത്തിൽ തകർത്തു.

ആദ്യ പാദം തോറ്റെങ്കിലും രണ്ടാം പാദത്തിൽ കളി അവസാനിച്ച സമയത്തെ മിലാൻ താരങ്ങളുടെ ആഹ്ലാദം ചാംപ്യൻസ് ലീഗ് നേടി ആരാധകർക്കടുത്തേക്ക് കുതിച്ച മാൾഡീനി, ഇൻസാഗി, ഷെവ്ഷെങ്കോ എന്നിവരെ ഓർമിപ്പിക്കും വിധം. ഇതൊരു തുടക്കം മാത്രമെന്ന് മനസ്സിലുണ്ടെങ്കിലും കാലങ്ങളായി മനസ്സിലുള്ള മുറിവിന് വിജയമധുരം പുരട്ടിയ മരുന്നായ വിജയം.

English Summary: The incredible backstory of Junior Messias, the man who defeated Atletico Madrid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com