ADVERTISEMENT

റിയോ ∙ ലോക ഫുട്ബോളിലെ കരുത്തരായ ബ്രസീലിനെതിരായ കന്നിയങ്കത്തിൽ സാന്നിധ്യമറിയിക്കാനായെങ്കിലും ഇന്ത്യൻ വനിതകൾക്ക് കനത്ത തോൽവി. ചതുർരാഷ്ട്ര വനിതാ ഫുട്ബോൾ ടൂ‍ർണമെന്റിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ബ്രസീൽ വനിതകൾ ഇന്ത്യയെ വീഴ്ത്തിയത്. ഫിഫ റാങ്കിങ്ങിൽ ഏഴാം സ്ഥാനക്കാരായ ബ്രസീലിനെതിരെ 57–ാം സ്ഥാനക്കാരായ ഇന്ത്യ പൊരുതിയാണ് കീഴടങ്ങിയത്. ബ്രസീലിനായി ആരി ബോർഹസ് ഇരട്ടഗോൾ നേടി. 52, 81 മിനിറ്റുകളിലായിരുന്നു ആരിയുടെ ഗോളുകൾ. 

ഡെബീഞ്ഞ (1), ജിയോ (37), കെരോളിൻ (54), ജെയ്സി (76) എന്നിവരാണ് ബ്രസീലിന്റെ മറ്റു ഗോളുകൾ നേടിയത്. ഇന്ത്യയുടെ ആശ്വാസഗോൾ ഗോകുലം കേരള എഫ്‍സിയുടെ താരം മനീഷ കല്യാൺ നേടി.  മത്സരത്തിന്റെ ആദ്യ മിനിറ്റിൽത്തന്നെ ഗോൾ നേടിയ ബ്രസീൽ വനിതകളെ, എട്ടാം മിനിറ്റിൽ ഗോൾ തിരിച്ചടിച്ച് ഇന്ത്യ ഞെട്ടിച്ചതാണ്. പിന്നീട് ആദ്യപകുതിയുടെ ഭൂരിഭാഗം സമയവും അതേ സ്കോറിൽ അവരെ തളച്ചിടുകയും ചെയ്തു.

എന്നാൽ 37–ാം മിനിറ്റിൽ ലീഡ് തിരിച്ചുപിടിച്ച് ഇടവേളയ്ക്കു കയറിയ ബ്രസീൽ വനിതകൾ, രണ്ടാം പകുതിയിൽ നാലു ഗോളുകൾ കൂടി അടിച്ചുകൂട്ടി വിജയം പിടിച്ചെടുത്തു. 2004, 2008 ഒളിംപിക്സുകളിൽ വെള്ളി മെഡൽ ജേതാക്കളും 2007 ലോകകപ്പിൽ 2–ാം സ്ഥാനക്കാരുമാണു ബ്രസീൽ. 

ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ചിലെ വെനസ്വേലയെ എതിരില്ലാത്ത ഒരു ഗോളിനു തോൽപ്പിച്ചു. ഫിഫ റാങ്കിങ്ങിൽ 37–ാം സ്ഥാനക്കാരാണ് ചിലെ. വെനസ്വേല 56–ാം റാങ്കുകാരും.

English Summary: India Vs Brazil Women Football Match - Live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com