ബ്രസീലിനെ ഞെട്ടിച്ച് കേരളത്തിന്റെ മനീഷ; ചരിത്ര ഗോളിന്റെ വിഡിയോ കാണാം

manisha-kalyan-goal
ഇന്ത്യയ്ക്കായി ഗോൾ നേടിയ മനീഷ് കല്യാണിന്റെ ആഹ്ലാദം (ഗോകുലം കേരള ട്വീറ്റ് ചെയ്ത ചിത്രം)
SHARE

ബ്രസീൽ വനിതാ ടീമിന് എതിരെ എട്ടാം മിനിറ്റിൽ ഇടതു വിങ്ങിലൂടെ നിലംപറ്റിയുള്ള ഷോട്ടിലൂടെ ചരിത്ര ഗോൾ. അത് പിറന്ന കാലുകൾ ഇന്ത്യ മറക്കില്ല. ലോകറാങ്കിങ്ങിൽ ആറാം സ്ഥാനക്കാരായ ബ്രസീലിന്റെ പെൺപട വിറച്ച നിമിഷം. പഞ്ചാബിൽ നിന്നുള്ള 19 കാരി മനീഷ കല്യാണാണ് ബ്രസീലിനെ ഞെട്ടിച്ച ആ താരം. ഇന്ത്യയുടെ സൂപ്പർ സ്റ്റാർ കേരളത്തിന്റെയും മിടുക്കിയാണ്. ഗോകുലം കേരള എഫ്സിയുടെ താരമാണ് മനീഷ കല്യാണ്‍.

ബ്രസീലിന് എതിരെ ഗോൾ നേടുന്നതിന് മുൻപ് മനീഷയെ തേടി മറ്റൊരു ബഹുമതി ലഭിച്ചിരുന്നു. എഎഫ്സി വിമൻ ഏഷ്യൻ ചാംപ്യൻഷിപ്പിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി. ഉസ്ബെക്കിസ്ഥാൻ ക്ലബായ എഫ്സി ബുന്യോദ്കറിനെതിരെ ഗോൾ ഗോകുലത്തിന് വേണ്ടി ഗോൾ നേടിയാണ് മനീഷ ചരിത്രം രചിച്ചത്. ഇപ്പോഴിതാ ബ്രസീലിന് എതിരെ ഗോൾ നേടി വീണ്ടും ചരിത്രം തിരുത്തുന്നു. ചിലർ വരുമ്പോൾ അങ്ങനെയാണ് ചരിത്രം വഴി മാറുക തന്നെ ചെയ്യും!!!

∙ പഞ്ചാബിന്റെ താരം

പഞ്ചാബിലെ ഹോഷിയർപുരിൽ ജനിച്ച മനീഷ അത്‌ലറ്റിക്സിലായിരുന്നു ആദ്യം ശ്രദ്ധ വച്ചിരുന്നത്. സ്കൂളിലെ പരിശീലകന്റെ നിർദേശ പ്രകാരം 13ാം വയസ്സിലാണ് മനീഷ ഫുട്ബോളിലേക്ക്് എത്തുന്നത്. ഫുട്ബോളിലെ ടീം വർക്ക് ഏറെ ഇഷ്ടപ്പെട്ടതു കൊണ്ടാണ് അതിൽ തുടർന്നതെന്ന് നേരത്തെ ഒരു അഭിമുഖത്തിൽ മനീഷ പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ അണ്ടർ17, അണ്ടർ 19 ടീമുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മനീഷയുടെ സ്കോറിങ് മികവ് വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. 2019 എഎഫ്സി വിമൻ ചാംപ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ പാക്കിസ്ഥാനെ 18–0ത്തിന് തോൽപിച്ച ടീമിൽ മനീഷയുമുണ്ടായിരുന്നു. അന്ന് മനീഷ ഹാട്രിക് നേടി. പിന്നീട് തായ്‌ലൻഡിന് എതിരായ മത്സരത്തിൽ 1–0ത്തിന്റെ വിജയത്തിലും മനീഷയുടെ തിളക്കമുണ്ടായിരുന്നു.

ഇതോടെ ഇന്ത്യൻ ദേശിയ ടീമിന്റെ ഭാഗമായി മനീഷ. ഹോങ്കോങ്ങിന് എതിരെയായിരുന്നു ആദ്യ മത്സരം. 17ാം വയസ്സിൽ 2019ൽ അങ്ങനെ ഇന്ത്യൻ ദേശീയ ടീമിൽ മനീഷയെത്തി. 2019ലെ സാഫ് ചാംപ്യൻഷിപ്പിലും ഇന്ത്യൻ ടീമിൽ മനീഷയുണ്ടായിരുന്നു. ഒരു ഗോളും ഇന്ത്യയ്ക്കായി മനീഷ നേടി. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഈ വർഷത്തെ എമേർജിങ് പ്ലെയർ പുരസ്കാരവും മനീഷയ്ക്കാണ് ലഭിച്ചത്.

∙ ഗോകുലത്തിന്റെ സ്റ്റാർ

ഗോകുലം കേരള എഫ്സിയുമായി മൂന്നു വർഷമായി കരാറിലുള്ള താരമാണ് മനീഷ. ഇന്ത്യൻ വിമൻ ലീഗ് ചാംപ്യൻഷിപ്പ് ഗോകുലം സ്വന്തമാക്കിയപ്പോൾ മനീഷ ടീമിലുണ്ടായിരുന്നു. ദേശിയ ടീം ക്യാംപിൽ നിന്നാണ് അടുത്തിടെ ജോർദാനിൽ നടന്ന എഎഫ്സി വിമൻ ക്ലബ് ചാംപ്യൻഷിപ്പ് കളിക്കാൻ മനീഷ ഗോകുലത്തിനൊപ്പമെത്തിയത്. മൂന്നാം സ്ഥാനത്തോടെ മടങ്ങിയെങ്കിലും ഉസ്ബെക്കിസ്ഥാൻ ക്ലബ് എഫ്സി ബുന്യോദ്കറിനെതിരെ ഗോൾ നേടാനും മനീഷയ്ക്കു കഴിഞ്ഞു.

ഇടതു വിങ്ങിലാണ് ഗോകുലത്തിൽ മനീഷയുടെ സ്ഥാനം. ഏതു വിങ്ങിലും മാറി മാറി കളിക്കാൻ കഴിയുന്ന താരമാണ് മനീഷയെന്ന 21കാരി. 90 മിനിറ്റും ടീമിനു വേണ്ടി കളിക്കാൻ കഴിയുന്ന ഫിസിക്കലി ഫിറ്റായ താരമാണ് മനീഷയെന്ന് ഗോകുലം ടീം പറയുന്നു.

∙ മെസിയെ ആരാധിക്കുന്ന മനീഷ

മെസിയാണ് മനീഷ കല്യാണിന്റെ ഇഷ്ട താരം. ഇടംകാലാണ് കളിക്കാൻ ഏറെയിഷ്ടവും. എന്നാൽ ഇരുകാലുകളുമുപയോഗിച്ച് അനായാസം മനീഷ മുന്നേറും.

English Summary: Manisha Kalyan Scores Historic Goal for Indian Women's Football Team Against Brazil

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA