ADVERTISEMENT

നിരാശ, നിരാശ, നിരാശ. ബ്ലാസ്റ്റേഴ്സിന്റെ കാര്യം മാത്രം ഓർത്തല്ല ഇങ്ങനെ കുറിക്കുന്നത്. നിരാശ സമ്മാനിക്കുന്ന കാര്യത്തിൽ ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒപ്പത്തിനൊപ്പം നിൽക്കുന്നതായി ഇന്നലത്തെ മത്സരം. ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെതിരെ പുറത്തെടുത്ത ഉണർവും ഉശിരും കൈവിട്ട ബ്ലാസ്റ്റേഴ്സിനെയാണു ഫറ്റോർദയിൽ കണ്ടത്.

മൂന്നു മാറ്റങ്ങൾ വരുത്താനുള്ള കോച്ച് വുക്കൊമനോവിച്ചിന്റെ തീരുമാനം ടീമിന്റെ പ്രകടനത്തിൽ വിപരീതഫലമാണു സൃഷ്ടിച്ചത്. അറ്റാക്കിങ് ഫുട്ബോൾ കളിക്കുമെന്നു പ്രഖ്യാപിച്ചെത്തിയ പരിശീലകൻ പക്ഷേ, ആക്രമണനിരയുടെ മുഖം തന്നെയാണു മാറ്റിയത്. അൽവാരോ വാസ്കെസിന്റെ സാന്നിധ്യമാണു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തെ എതിരാളികളുടെ പേടിസ്വപ്നമാക്കുന്നത്. വാസ്കെസിനെ ഒഴിവാക്കി രണ്ടു വിദേശ താരങ്ങളെ പ്രതിരോധത്തിൽ ഇറക്കിയ തീരുമാനം ഉറപ്പായ രണ്ടു പോയിന്റുകൾ നഷ്ടമാക്കിയെന്നേ ഞാൻ പറയൂ.

മോഹൻ ബഗാനെപ്പോലെ കരുത്തുറ്റ ടീമിനെതിരെ വീശിയ ആക്രമണായുധങ്ങൾ ശരാശരിയെന്നു പറയാവുന്നൊരു ടീമിനെതിരെ ഒളിപ്പിച്ചതിന്റെ ഗുട്ടൻസ് മനസ്സിലാകുന്നില്ല. മൂർച്ച പോയ മുന്നേറ്റത്തിനൊപ്പം കൂനിൻമേൽ കുരുവെന്ന മട്ടിൽ രണ്ട് അവസരനഷ്ടം കൂടിയായതോടെ ബ്ലാസ്റ്റേഴ്സ് പഴയ ബ്ലാസ്റ്റേഴ്സ് തന്നെയെന്നും തോന്നിപ്പിച്ചു.

ഒാപ്പൺ നെറ്റിനു മുന്ന‍ിൽ കിട്ടിയ ആ അവസരങ്ങൾ പുറത്തേയ്ക്കു പായിച്ചതിനു മാപ്പില്ല. വിൻസി ബാരറ്റോയുടെ ആ മിന്നൽ മുന്നേറ്റത്തിനു മാത്രമല്ല, ബുദ്ധിപൂർവമുള്ള പാസ്സിനും കൂടി സഹൽ ഗോൾ കൊണ്ടു മറുപടി പറയേണ്ടിയിരുന്നു. കീഴടങ്ങിയെങ്കിലും ശുഭപ്രതീക്ഷയിലാണ് ആദ്യ മത്സരം കണ്ടുതീർത്തത്. സമനില ആയെങ്കിലും പരാജയഭാരത്തിനൊപ്പമായി രണ്ടാം മത്സരത്തിന്റെ ലോങ് വിസിൽ.

ഒരു പോയിന്റ് കിട്ടി, രണ്ടു പോയിന്റ് പോയി എന്നതാണു ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് ഈ മത്സരത്തിന്റെ ബാക്കിപത്രം. ശരാശരിക്കും താഴെനിൽക്കുന്ന പ്രകടനം കാഴ്ചവച്ച എതിരാളികൾക്കെതിരെ വിജയം കണ്ടെത്താത്തതിനു ബ്ലാസ്റ്റേഴ്സ് ദു:ഖിക്കുന്നുണ്ടാകും. പതിനൊന്നു ടീമുകൾ മത്സരിക്കുന്ന ലീഗിലെ കഴിഞ്ഞ 10 മത്സരത്തിലും ജയമില്ലാതെ വിയർക്കുന്ന ബ്ലാസ്റ്റേഴ്സിന് അനിവാര്യം തന്നെയായിരുന്നു ആ ജയം.

English Summary: Kerala Blasters vs Northeast United ISL 2021-22 Match, Analysis by IM Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com