തന്ത്രമൊന്നു മാറ്റി, ബാർസയ്ക്കു ജയം; ലിവർപൂളിന് ‘ജോട്ട’റി!

Spain Soccer La Liga
വിയ്യാറയൽ ഗോൾകീപ്പർ ജെറോണിമോ റുയിയെ (ഇടത്) മറികടന്ന് ബാർസ താരം മെംഫിസ് ഡിപായ് ഗോൾ നേടുന്നു.
SHARE

ബാർസിലോന ∙ ചാവിക്കും ബാർസയ്ക്കും ഒപ്പം ഇപ്പോൾ ഭാഗ്യം കൂടിയുണ്ട്! 1–1 സമനിലയിൽ തീരേണ്ടിയിരുന്ന വിയ്യാറയലിനെതിരായ മത്സരം ബാ‍ർസ അവസാനിപ്പിച്ചത് 3–1 വിജയത്തോടെ. പുതിയ പരിശീലകൻ ചാവിക്കു കീഴിൽ ബാർസയുടെ ആദ്യ എവേ വിജയം. നിർണായക സമയത്തു ബാർസ ഗോളി ആന്ദ്രേ ടെർ സ്റ്റീഗനും ഡച്ചുതാരം മെംഫിസ് ഡീപായും ചേർന്ന് ആവിഷ്കരിച്ച തന്ത്രമാണ് ബാർസയെ ജേതാക്കളാക്കിയതെന്നു പറയാം. ആ കളിയിങ്ങനെ: സ്കോർ 1–1. 88–ാം മിനിറ്റിൽ ബാർസയ്ക്കു ഗോൾകിക്ക്.

ഇൻജറി ടൈമിലാണെങ്കി‍ൽപ്പോലും ചെറിയ പാസുകളിലൂടെ മാത്രം എതിർ ഗോൾമുഖത്തേക്കു കയറിപ്പോകാറുള്ള ബാർസിലോനയെ പ്രതീക്ഷിച്ച് വിയ്യാറയൽ താരങ്ങളെല്ലാം കയറി നിൽക്കുന്നു. ബാർസയുടെ ‘ടെക്സ്റ്റ് ബുക്കിലെ’ കുറിയ പാസ് കളിക്കു നിൽക്കാതെ ടെർസ്റ്റീഗൻ നെടുനീളനൊരു ഗോൾഷോട്ടാണ് എടുത്തത്. വിയ്യാറയലിന്റെ പകുതിയിലേക്ക് അതിവേഗം ഓടിക്കയറിയ മെംഫിസ് ഡിപായ് 2 ഡിഫൻഡർമാരെയും വിയ്യ ഗോളി ജെറോണിമോ റുയിയെയും മറികടന്നു ഗോൾ നേടി(2–1). ഇൻജറി ടൈമിൽ ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഫിലിപ്പെ കുടീഞ്ഞോ ടീം സ്കോർ 3–1 ആക്കി. നേരത്തേ, 48–ാം മിനിറ്റിൽ ഫ്രെങ്കി ഡിയോങ്ങാണു ബാർസയ്ക്കായി ആദ്യ ഗോൾ നേടിയത്.

ഇതിനു വഴിയൊരുക്കിയതും ഡിപായ് ആയിരുന്നു. 76–ാം മിനിറ്റിൽ പകരക്കാരൻ സാമുവൽ ചുക്‌വുസുവാണ് വിയ്യാറയലിന്റെ മറുപടി ഗോൾ നേടിയത്. ജയത്തോടെ 7–ാം സ്ഥാനത്തുള്ള ബാർസയ്ക്ക് 14 കളിയിൽ 23 പോയിന്റ്. ഒന്നാമതുള്ള റയൽ മഡ്രിഡിന് 13 കളിയിൽ 30. വിയ്യാറയൽ 12–ാം സ്ഥാനത്താണ്.

ലിവർപൂളിന് ‘ജോട്ട’റി!

ലണ്ടൻ ∙ സതാംപ്ടനെതിരെ നേടിയ 4–0 വിജയത്തോടെ ലിവർപൂൾ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ ചെൽസിയോട് അടുത്തു. ഇന്നലെ രാത്രി നടന്ന കളിയിൽ വെസ്റ്റ്ഹാമിനെ തോൽപിച്ച മാഞ്ചസ്റ്റർ സിറ്റി (2–1) 2–ാം സ്ഥാനത്തെത്തി. ലിവർപൂൾ മൂന്നാമതാണ്. മുൻ ലിവർപൂൾ താരം സ്റ്റീവൻ ജെറാർദിന് ആസ്റ്റൻ വില്ലയ്ക്കൊപ്പം 2–ാം വിജയവും നേടാനായി. വില്ല 2–1നു ക്രിസ്റ്റൽ പാലസിനെ തോൽപിച്ചു. ആർസനൽ 2–0ന് ന്യൂകാസിൽ യുണൈറ്റഡിനെയും കീഴടക്കി.

ആൻഫീൽഡ് സ്റ്റേഡിയത്തിൽ പോർച്ചുഗീസ് സ്ട്രൈക്കർ ഡിയേഗോ ജോട്ട (2), തിയാഗോ അൽകാൻട്ര, വിർജിൽ വാൻ ദെയ്ക് എന്നിവരുടെ ഗോളുകളിലായിരുന്നു ലിവർപൂളിന്റെ വിജയം. ഇൽകേ ഗുണ്ടോവാൻ (33), ഫെർണാണ്ടിഞ്ഞോ (90)എന്നിവരാണു മാഞ്ചസ്റ്റർ സിറ്റിക്കായി ഗോൾ നേടിയത്. ഫൈനൽ വിസിലിനു തൊട്ടുമുൻപ് മാനുവൽ ലാൻസിനി വെസ്റ്റ്ഹാമിന്റെ ആശ്വാസഗോൾ മടക്കി.

മാറ്റ് ടാർഗറ്റ്, ജോൺ മക്ഗിൻ എന്നിവരുടെ ഗോളുകളിലാണ് ആസ്റ്റൻ വില്ല ക്രിസ്റ്റൽ പാലസിനെ കീഴടക്കിയത്. ജെറാർദ് പരിശീലകനായ ശേഷമുള്ള ആദ്യമത്സരത്തിൽ വില്ല ബ്രൈറ്റണെയും തോൽപിച്ചിരുന്നു. ബുകായോ സാക്ക, ഗബ്രിയേൽ മർട്ടിനെല്ലി എന്നിവരുടെ ഗോളുകളിലാണ് ആർസനൽ ന്യൂകാസിലിനെ തോൽപിച്ചത്.

English Summary: Barca win at Villarreal; Liverpool Defeats Southampton

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA