ആഷിഖിന് നിരാശ വേണ്ട; ഇതിഹാസങ്ങളും സെൽഫ് ഗോൾ അടിച്ചിട്ടുണ്ട്: ഐ.എം. വിജയൻ

ISL 2021 - 22
ബ്ലാസ്റ്റേഴ്സിനെതിരെ സെൽഫ് ഗോൾ വഴങ്ങിയ ബെംഗളൂരു എഫ്സി താരം ആഷിഖ് കുരുണിയന്റെ (ഇടത്) നിരാശ
SHARE

വ്യക്തിഗത മികവിൽ ബെംഗളൂരുവിനൊപ്പം നിൽക്കാവുന്ന ടീമല്ല ബ്ലാസ്റ്റേഴ്സ്. സംഘടിതമായി കളിക്കുന്ന കാര്യത്തിലും ബെംഗളൂരുവിനു പിന്നിലാണു ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. പക്ഷേ, ഈ രണ്ടു കാര്യത്തിലും ഇന്നലെ എതിരാളികളെ പിന്തള്ളി എന്നതിൽ കോച്ച് വുക്കൊമനോവിച്ചിനു സന്തോഷിക്കാം. ബെംഗളൂരുവിന്റെ പെരുമയ്ക്കും താരത്തിളക്കത്തിനും മുന്നിൽ പകച്ചു പോകുന്ന മട്ടിൽ കളത്തിൽ നിറം മങ്ങാറുള്ള ടീമിൽ വീറും വാശിയും പകർന്നുവെന്നതിൽ മാത്രമൊതുങ്ങും കോച്ചിന്റെ സംതൃപ്തി. ലേറ്റ് ഗോളിൽ പിന്നിലായ ശേഷം നേടിയെടുത്ത സമനില ആശ്വാസം പകർന്നിട്ടുണ്ടാകുമെങ്കിലും പന്തടക്കത്തിലും കൈമാറ്റത്തിലും നിയന്ത്രണം കൈവിട്ട രീതിയിലുള്ള പ്രകടനം പരിശീലകന് ആശങ്ക ഉണ്ടാക്കുന്നതാണ്.

‘അൺഫോഴ്സ്ഡ് എറേഴ്സ്’ എന്ന പ്രയോഗമാണു ഇന്നലത്തെ ബ്ലാസ്റ്റേഴ്സിന്റെ കളിക്കു യോജിക്കുക. പാസ്സിങ്ങിലും പൊസിഷനിങ്ങിലുമെല്ലാം അത്രയേറെ പിഴവുകളാണു കേരള താരങ്ങൾ വരുത്തിയത്. അറ്റാക്കിങ് ഫുട്ബോൾ എന്ന പരിശീലകന്റെ ലക്ഷ്യം വിളിച്ചോതുന്ന പ്രസിങ് ആണു സീനിയർ മുഖമായ ഖബ്ര മുതൽ വിൻസിയും പൂട്ടിയയും വരെയുള്ള യുവതാരങ്ങൾ വരെ കാഴ്ചവച്ചത്. പക്ഷേ, ആ അധ്വാനം വിജയത്തിലെത്താതെ പോയതിനു പിന്നിൽ പാസ്സിങ്ങിലെ കൃത്യതയുടെ അഭാവമാണ്.

പ്രതിരോധത്തിലും മധ്യത്തിലും തകർപ്പൻ നീക്കങ്ങൾ കണ്ടെങ്കിലും ഫൈനൽ തേഡിൽ അതെല്ലാം നനഞ്ഞ പടക്കങ്ങളായി മാറി. സ്പാനിഷ് താരം അൽവാരോ വാസ്കെസ് പരിചയമേറെയുള്ള ‘ടിപ്പിക്കൽ നമ്പ‍ർ 9’ താരമാണ്. അങ്ങനെയൊരു താരം ടാർഗറ്റ് മാൻ ആയി മുന്നിലുണ്ടായിട്ടും എത്ര തവണയാണു അദ്ദേഹത്തിനു പന്ത് കിട്ടിയത്? അതിൽതന്നെ കൃത്യം എന്നു പറയാവുന്ന പാസ്‌ ഏതായിരുന്നു ? മറുവശത്തു ക്ലെയ്റ്റൻ സിൽവയെന്ന ഗോൾവേട്ടക്കാരനു സഹതാരങ്ങൾ നൽകിയ പന്തുകളുമായി താരതമ്യം ചെയ്താൽ ആ വീഴ്ചയുടെ ആഴം വ്യക്തമാകും.

എന്നാൽ, സ്വന്തം ബോക്സിലെത്തുമ്പോൾ കഥ മാറിയിട്ടുമുണ്ട്. സിപോവിച്ച് നയിച്ച പ്രതിരോധം തലയുയർത്തി നിന്നതാണു ബെംഗളൂരുവിന്റെ വിജയവഴി അടച്ചത്. മലയാളി പയ്യൻ ആഷിഖ് കുരുണിയന്റെ ആ ഗോളിനു മുന്നിൽ മാത്രമേ കേരളത്തിനു തല കുനിക്കേണ്ടിവന്നുള്ളൂ. ഒന്നാന്തരമൊരു ഗോളാണ് ആഷിഖ് കുറിച്ചത്. സെൽഫ് ഗോൾ കുറിച്ചതോടെ കളിയിലെ ഹീറോ ആയി മടങ്ങാൻ ആയില്ലെങ്കിലും ആഷിഖ് ദു:ഖിക്കേണ്ടതില്ല. ഒട്ടും നിരാശ വേണ്ട സെൽഫ് ഗോളിന് കാലു വച്ചതിൽ. സാക്ഷാൽ ബെക്കൻ ബോവർ അടക്കമുള്ള ലോകോത്തര താരങ്ങൾക്കു പോലും സംഭവിച്ചിട്ടുള്ള ഭാഗ്യദോഷം മാത്രമാണത്.

English Summary: IM Vijayan's Analysis on KBFC vs BFC
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA