ഇൻജറിയിൽ വീണു! ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കേരളത്തിനു തോൽവി

women-s-national-football-kerala
കോഴിക്കോട് കോർപറേഷൻ സ്‌റ്റേഡിയത്തിൽ നടന്ന ദേശീയ വനിതാ സീനിയർ ഫുട്ബോൾ മത്സരത്തിൽ മിസോറമിനെതിരെ കേരളത്തിന്റെ ഗോൾ നേടിയ ഫെമിന രാജിനെ (ഇടത്തുനിന്ന് മൂന്നാമത്) സഹതാരങ്ങൾ അഭിനന്ദിക്കുന്നു. ചിത്രം: അബു ഹാഷിം ∙ മനോരമ
SHARE

കോഴിക്കോട് ∙ ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ കേരളത്തിന് ഇൻജറി ടൈം ഷോക്ക് ! മിസോറമിന്റെ സ്പീഡ് ഗെയിമിനെ പ്രതിരോധിച്ചും ഗോളുകൾക്കു മറുപടി കൊടുത്തും മത്സരത്തിന്റെ 90 മിനിറ്റും കേരളം പിടിച്ചുനിന്നു. ഒടുവിൽ, ഇൻജറി ടൈമിന്റെ 3–ാം മിനിറ്റിൽ സമനിലപ്പൂട്ട് പൊട്ടിച്ച ഗോളുമായി മിസോറം ജയിച്ചുകയറി (3–2). മത്സരത്തിന്റെ 18–ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി മിസോറം പാഴാക്കി. 39–ാം മിനിറ്റിൽ മിസോറമിന് അനുകൂലമായി വീണ്ടും പെനൽറ്റി. ഗ്രേസ് ലാൽറംപാരിക്കു പിഴച്ചില്ല (1–0).

ഒരു ഗോൾ വീണതോടെ ഉണർന്നു കളിച്ച കേരളത്തിനായി 44–ാം മിനിറ്റിൽ കെ.വി.അതുല്യ സമനില ഗോൾ നേടി. വലതുവിങ്ങിൽ നിന്നു തൊടുത്ത ലോങ് റേഞ്ചർ മിസോറം ഗോളിയെ കബളിപ്പിച്ചു വലയിലെത്തി. തൊട്ടടുത്ത മിനിറ്റിൽ ഇടതുവിങ്ങിൽ ബോക്സിനു പുറത്തുനിന്നുള്ള ഫെമിന രാജിന്റെ ഷോട്ട് ഗോളായി. പകുതിസമയത്ത് കേരളത്തിന് 2–1 ലീഡ്.

79–ാം മിനിറ്റിൽ ബോക്സിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മിസോറം സ്ട്രൈക്കർ എലിസബത്ത് വൻലാൽമാവിയുടെ ഷോട്ട് ഗോളായി. അവസാന മിനിറ്റിൽ മിസോറം സ്ട്രൈക്കർ ലാൽനുൻസിയാമി കേരള ഗോൾകീപ്പർ കെ.നിസരിയെ മറികടന്നു ഗോൾ നേടി. 4 ടീമുകളുടെ ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമേ ക്വാർട്ടറിൽ പ്രവേശിക്കൂ എന്നിരിക്കെ കേരളത്തിന്റെ സാധ്യത മങ്ങി. 30ന് ഉത്തരാഖണ്ഡിനെതിരെയാണു കേരളത്തിന്റെ അടുത്ത മത്സരം.

ഒൻപതടിച്ച് ഒഡീഷയും ഛത്തീസ്ഗഡും

കോഴിക്കോട്/ കണ്ണൂർ/ മലപ്പുറം∙ ദേശീയ സീനിയർ വനിതാ ഫുട്ബോളിന്റെ ആദ്യദിനം മൈതാനങ്ങളിൽ ഗോൾമഴ. ഒഡീഷയും ഛത്തീസ്ഗഡും 9 –0 എന്ന സ്കോറിനാണ് എതിരാളികളെ തോൽപിച്ചത്. രാവിലെ നടന്ന മത്സരത്തിൽ മധ്യപ്രദേശ് ഉത്തരാഖണ്ഡിനെ 4–1നു തോൽപിച്ചു. ആന്ധ്രാപ്രദേശിനെ ഒഡീഷ ഗോൾമഴയിൽ മുക്കി (9–0). ഹരിയാന 4–0നു ഗുജറാത്തിനെ കീഴടക്കി.

മേഘാലയയെ 4–0നു തോൽപിച്ച്, നിലവിലെ ചാംപ്യൻമാരായ മണിപ്പുർ തുടക്കം ഉജ്വലമാക്കി. ദാമൻ ദിയു 2–0ന് പുതുച്ചേരിയെ വീഴ്ത്തി. ഛത്തീസ്ഗഡ് 9–0ന് ദാദ്ര നഗർ ഹവേലിയെയാണ് പരാജയപ്പെടുത്തിയത്. വിവിധ സ്റ്റേഡിയങ്ങളിലായി ഇന്ന് 8 മത്സരങ്ങൾ നടക്കും.

English Summary: Women's National Football Championship: Kerala vs Mizoram

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FOOTBALL
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി ?- എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA